വിലകൊണ്ടും തിളക്കംകൊണ്ടും പ്രസിദ്ധമായ ഒട്ടനവധി രത്നങ്ങളുണ്ട്. ഉയർന്ന താപനിലയും മർദവും കൊണ്ട് സവിശേഷമായിമാറുന്ന, പ്രകൃതിയിലുള്ള കല്ലുകളാണിവ. ചില ധാതുക്കളുടെ സാന്നിധ്യം കല്ലുകൾക്ക് പല നിറങ്ങളും നൽകുന്നു. പരുക്കൻ രൂപത്തിൽ ലഭിക്കുന്ന കല്ലുകൾ മിനുക്കിയെടുത്ത് ആഭരണനിർമാണത്തിനും മറ്റുമായി ഉപയോഗിക്കുന്നു.

To advertise here,

പ്രഭകൂടിയ ചില പാറക്കല്ലുകളും (ലാപ്പിസ് ലസൂലി, ഒപാൽ പോലെയുള്ളവ) രത്നങ്ങളായി പരിഗണിക്കുന്നുണ്ട്.

ഇവ കൂടാതെ ജീവിവർഗങ്ങളിൽനിന്ന് പരിണമിച്ചുണ്ടാകുന്ന ചില ജൈവരത്നങ്ങളുമുണ്ട്. മുത്ത്, പവിഴം തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഇന്ദ്രനീലിമയോലും…
രത്നങ്ങളിൽവെച്ച് ഏറ്റവും കാഠിന്യമേറിയത് വജ്രമാണ്. അതുകഴിഞ്ഞാൽ കാഠിന്യം കൂടിയത് കോറണ്ടം (അലുമിനിയവും ഓക്സിജനും കൂടിച്ചേർന്നത്) കുടുംബത്തിൽ ഉൾപ്പെടുന്ന രത്നങ്ങളാണ്. കോറണ്ടം കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് മാണിക്യം, പുഷ്യരാഗം തുടങ്ങിയ രത്നങ്ങൾ.

കോറണ്ടത്തിൽ ചുവന്ന നിറമുള്ളവ മാണിക്യമെന്നും, മഞ്ഞനിറമുള്ളവ മഞ്ഞ പുഷ്യരാഗമെന്നും, നീലനിറമുള്ളവ ഇന്ദ്രനീലമെന്നും, വെള്ളനിറമുള്ളവ വെള്ള പുഷ്യരാഗമെന്നും അറിയപ്പെടുന്നു. ഇവയെല്ലാം ഒരുകുടുംബത്തിലെ രത്നങ്ങളാണ്. ഓക്സൈഡ് കലർന്നവയാണ് കോറണ്ടം കല്ലുകൾ. ഇതിൽ ഇരുമ്പും ടൈറ്റാനിയവും കൂടുതൽ കലർന്നതാണ് ഇന്ദ്രനീലരത്നത്തിന് നീലനിറം ലഭിക്കാൻ കാരണം. വ്യത്യസ്ത കോണളവുകളിൽനിന്ന് നോക്കിയാൽ ഇന്ദ്രനീലത്തിന്റെ നിറത്തിനും വ്യത്യാസം കാണും. അൾട്രാവയലറ്റ് രശ്മിയുടെ സാന്നിധ്യത്തിൽ ഇത് ഓറഞ്ചുനിറത്തിൽ തിളങ്ങുന്നു. മ്യാൻമാർ, കശ്മീർ, ശ്രീലങ്ക, തായ്‌ലൻഡ്, മഡഗാസ്‌കർ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

മരതകകാന്തിയിൽ മുങ്ങി മുങ്ങി…
അലുമിനിയവും സിലിക്കണും ഓക്സിജനും ബെറിലിയവുമായി കൂടിച്ചേർന്നാണ് മരതകമുണ്ടാകുന്നത്. ക്രോമിയത്തിന്റെയോ വനേഡിയത്തിന്റെയോ സാന്നിധ്യമുണ്ടാവുമ്പോൾ മരതകത്തിന് പച്ചനിറം ലഭിക്കുന്നു.

മരകതത്തിന്റെ ഉള്ളിലെ കീറലുകൾ 'ജാർഡിൻ' എന്നറിയപ്പെടുന്നു. ഇന്ദ്രനീലത്തിന്റെ അത്ര കട്ടിയില്ല ഇവയ്ക്ക്. അൾട്രാവയലറ്റ് രശ്മി കടന്നുപോവുമ്പോൾ തിളക്കവുമുണ്ടാവുന്നില്ല.

ബ്രസീൽ, റഷ്യ, സാംബിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ കണ്ട് വരുന്നു.

മാണിക്യക്കല്ലാൽ…
കോറണ്ടം കുടുംബത്തിലെ മറ്റൊരു കല്ലായ മാണിക്യത്തിൽ അലൂമിനിയം ഓക്സൈഡും ക്രോമിയവും കൂടുതലുള്ളതിനാൽ ഇവയ്ക്ക് ചുവപ്പുനിറം കിട്ടുന്നു.

വജ്രത്തെയപേക്ഷിച്ച് അപൂർവമായാണ് ഇവ കാണപ്പെടുന്നത്.

മ്യാൻമാർ, തായ്‌ലൻഡ്, ശ്രീലങ്ക, ഇന്ത്യ, അഫ്ഗാനിസ്താൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽനിന്നും ഖനനം ചെയ്യുന്നു.

തിളങ്ങുന്ന വജ്രം!
വജ്രം കാർബണിൽനിന്നുണ്ടാകുന്നു. ഇവയിൽ ആറ്റങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്നു. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുള്ള വസ്തുവാണ് വജ്രം. എക്‌സ്-റെ രശ്മികൾ പതിച്ചാൽ വജ്രം നീലനിറത്തിൽ തിളങ്ങുന്നു. പാറകൾക്കിടയിൽനിന്ന് വജ്രം കണ്ടെത്താൻ ഈ മാർഗമാണ് സ്വീകരിക്കുന്നത്.

ഭൂപ്രതലത്തിൽനിന്ന് 160 കിലോമീറ്റർ വരെ താഴെനിന്നാണ് വജ്രം കണ്ടെടുക്കാറുള്ളത്. സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, സൈബീരിയ, കാനഡ എന്നിവിടങ്ങളിൽ വജ്രഖനനം കൂടുതലായി നടക്കുന്നു.

കാഠിന്യംകുറഞ്ഞ ഗോമേദകം!
വജ്രം, പുഷ്യരാഗം എന്നീ രത്നങ്ങളെപ്പോലെ അത്ര കാഠിന്യമുള്ളയവയല്ല ഗോമേദകം. ഗാർനെറ്റ്, കുടുംബത്തിൽപ്പെട്ടതാണിവ. കാത്സ്യത്തിന്റെയും അലുമിനിയത്തിന്റെയും സിലിക്കേറ്റാണിത്.

പൂച്ചക്കണ്ണൻ വൈഡൂര്യം!
വൈഡൂര്യം സംസ്‌കൃതത്തിൽ മാർജാരനയനം എന്നറിയപ്പെടുന്നു. ബെറിലിയത്തിന്റെ ഒരു അലുമിനേറ്റായ 'ക്രിസോസോബറിൽ' നിന്നാണിത് ലഭിക്കുന്നത്.

മുത്തും പവിഴവും!
മുത്തുച്ചിപ്പിയുടെ തോടിനകത്തുനിന്നെടുക്കുന്ന ഉരുണ്ടതും കടുപ്പമുള്ളതുമായ വെളുത്ത വസ്തുവാണ് മുത്ത്.

ചിപ്പിക്കുള്ളിലകപ്പെടുന്ന മണൽത്തരി പോലെയുള്ള ബാഹ്യവസ്തുക്കൾ ചിപ്പിയുടെ മാംസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവരണംചെയ്ത് കട്ടപിടിക്കുന്നു. ഇതാണ് മുത്തായി മാറുന്നത്.

വെളുത്തതും കൃത്യമായ ഉരുണ്ട രൂപമുള്ളതുമായ മുത്തിന് പേരു കേട്ട രാജ്യമാണ് ശ്രീലങ്ക. മുത്തുച്ചിപ്പികൾ സുലഭമായുള്ളയിടങ്ങളെ ശ്രീലങ്കയിൽ പാർ എന്നാണ് വിളിക്കുന്നത്.

സമുദ്രത്തിന്റെ അടിത്തട്ടിൽ താമസിക്കുന്ന ഒരുതരം ജീവി പാറയിലുണ്ടാക്കുന്നതാണ് പവിഴപ്പുറ്റുകൾ. ഈ പുറ്റുകളെ യന്ത്രങ്ങളുടെ സഹായത്തോടെ ചെത്തിമിനുക്കിയെടുത്താണ് പവിഴമെന്ന രത്നമുണ്ടാക്കുന്നത്. സമുദ്രത്തിന്റെ നിറഭേദമനുസരിച്ച് പലനിറത്തിലുള്ള പവിഴങ്ങളുണ്ടാവും. ജപ്പാൻ തീരങ്ങളിൽനിന്നു ലഭിക്കുന്ന പവിഴം കൂടുതൽ മനോഹരമായവയാണ്.