
റെസ്റ്ററന്റിലെ ഭക്ഷണത്തില്‍ നിന്ന് പാറ്റയേയും പുഴുവിനേയും കിട്ടിയ വാര്‍ത്തകള്‍ ഒട്ടേറെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു സ്മാര്‍ട്ട്‌ഫോണാണ് ഇങ്ങനെ കിട്ടുന്നതെങ്കിലോ? അങ്ങനെ ഒരിക്കലും സംഭവിക്കാനിടയില്ല എന്ന് കരുതുന്നവരാണെങ്കില്‍ തെറ്റി. അങ്ങനെയൊരു സംഭവവും ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍.
ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലുള്ള ഇന്ത്യക്കാരി ശ്രദ്ധയ്ക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. തന്റെ ടിക്‌ടോക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശ്രദ്ധ തന്റെ അനുഭവം രസകരമായി പങ്കുവെച്ചത്. ശ്രദ്ധ റെസ്റ്ററന്റില്‍ നിന്ന് വാങ്ങിയ ഹോട്ട്‌പോട്ട് എന്ന, സൂപ്പ് പോലുള്ള ഭക്ഷണത്തിൽ നിന്നാണ് ശ്രദ്ധയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭിച്ചത്. രസകരമായ പല കമന്റുകളും ശ്രദ്ധയുടെ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. 'ഇത് പുതിയ ചേരുവയാണോ?' എന്നാണ് ഒരാൾ കമന്റിട്ടത്.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഒരു പ്രമുഖ റെസ്റ്ററന്റില്‍ നിന്ന് ഹോട്ട്‌പോട്ട് വാങ്ങിയ ശ്രദ്ധ അവിടെവച്ച് തന്നെ അതില്‍ കുറേ കഴിച്ചു. ബാക്കി ഹോട്ട്‌പോട്ട് പാര്‍സലാക്കി വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് വീട്ടില്‍വെച്ച് ബാക്കി കഴിക്കാനെടുത്തപ്പോള്‍ സൂപ്പിനടിയില്‍ എന്തോ ഉള്ളതായി ശ്രദ്ധയ്ക്ക് തോന്നി.
സൂപ്പുണ്ടായിരുന്ന കണ്ടെയിനറിന്റെ അടിയിലുള്ള സാധനം തോണ്ടി പുറത്തെടുത്തപ്പോള്‍ ശ്രദ്ധ അമ്പരന്നുപോയി. അപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണായിരുന്നു അത്. ഉടന്‍ തന്നെ അവര്‍ റെസ്റ്ററന്റിലേക്ക് വിളിച്ച് വിവരം പറഞ്ഞു. തങ്ങളുടെ ഒരു ഷെഫിന്റെ ഫോണ്‍ കാണാതായിട്ടുണ്ട് എന്നായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് അവര്‍ മാപ്പ് പറഞ്ഞുവെന്നും ശ്രദ്ധ പറഞ്ഞു. ഫോണ്‍ താന്‍ തിരികെ കൊണ്ടുവന്നു തരാമെന്ന് റെസ്റ്ററന്റിലുള്ളവരോട് പറഞ്ഞതായും ശ്രദ്ധ കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും അബദ്ധം പറ്റാമെന്നും അതിനാല്‍ റെസ്റ്ററന്റിന്റെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും ശ്രദ്ധ വ്യക്തമാക്കി.
Content Highlights: Indian Woman in Australia Finds a Phone at the Bottom of Her Hotpot Soup
Published: 23 Jun 2025, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented