മൊഹാലി: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ വനിതകൾ. മൂന്നാം ഏകദിനത്തിൽ നാലുവിക്കറ്റിന് ഓസ്‌ട്രേലിയ എയെ കീഴടക്കിയതോടെയാണ് ഇന്ത്യ എ വനിതകൾ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നേടിയത് (2-1). ഓസ്‌ട്രേലിയ ഉയർത്തിയ 363 റൺസ് വിജയലക്ഷ്യം 48.2 ഓവറിൽ ആറുവിക്കറ്റിന് ഇന്ത്യ എ മറികടന്നു. മലയാളി താരം മിന്നു മണിയുടെ അർധസെഞ്ചുറിയാണ് ഇന്ത്യ എയ്ക്ക് ജയം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. തനീഷ സിങ്ങും വൃന്ദ ദിനേശും ചേർന്ന് ഇന്ത്യ എയെ അമ്പത് കടത്തി. എന്നാൽ പിന്നീട് വിക്കറ്റുകൾ വീണത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. വൃന്ദ ദിനേശ് 34 റൺസെടുത്തപ്പോൾ ഉമ ഛേത്രി (2), തേജൾ ഹസബ്‌നിസ് (2) എന്നിവർ വേഗം മടങ്ങി. തനിഷ സിങ്ങും അനുഷ്‌ക ശർമയുമാണ് പിന്നീട് ഇന്ത്യ എയെ മുന്നോട്ടുനയിച്ചത്. തനീഷ സിങ് 60 റൺസെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിൽ നിക്കി പ്രസാദ്-അനുഷ്‌ക ശർമ സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. അനുഷ്‌ക 58 റൺസെടുത്തതോടെ ഇന്ത്യ 200 കടന്നു.
30.1 ഓവറിൽ 210-5 എന്ന നിലയിലായിരുന്നു ഇന്ത്യ എ വനിതകൾ. പിന്നീട് ക്രീസിലിറങ്ങിയ മിന്നുമണി വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യക്ക് ജയപ്രതീക്ഷ കൈവന്നു. നിക്കി പ്രസാദുമായി ചേർന്ന് ആറാം വിക്കറ്റിൽ മിന്നു മണി ഉഗ്രൻ കൂട്ടുകെട്ടുണ്ടാക്കി. അതോടെ ഇന്ത്യ എ ജയത്തോടടുത്തു. നിക്കി പ്രസാദ് 76 റൺസിൽ റണ്ണൗട്ടായി. പിന്നീട് ഓസീസ് ബൗളർമാർക്ക് പിടികൊടുക്കാതെ പോരാടിയ മിന്നു മണി ടീമിനെ ജയത്തിലെത്തിച്ചു. മിന്നു മണി 56 പന്തിൽ നിന്ന് 88 റൺസെടുത്ത് പുറത്താവാതെ നിന്നു. 12 ഫോറും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 48.2 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ടീം ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ എ നിശ്ചിത അമ്പത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 362 റൺസാണെടുത്തത്. ചാർളി നോട്ടിന്റെ സെഞ്ചുറിയും കോർട്‌നി വെബ്ബിന്റെ അർധസെഞ്ചുറിയുമാണ് ഓസ്‌ട്രേലിയൻ വനിതാ ടീമിന് തുണയായത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 166 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിൽ നിന്ന് ഇരുവരും ടീമിനെ 242 റൺസിലെത്തിച്ചു. ചാർലി നോട്ട് 70 പന്തിൽ നിന്ന് 109 റൺസെടുത്തു. 12 ഫോറും അഞ്ച് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. കോർട്‌നി വെബ് 95 റൺസെടുത്തു. ഓപ്പണർമാരായ തഹ്ലിയ വിൽസൺ (38), റേച്ചൽ ട്രെൻമാൻ (29) എന്നിവരും നിർണായക സംഭാവന നൽകി. ഒൻപതിന് 362 റൺസ് എന്ന നിലയിൽ ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു.
Content Highlights: India A Women defeated Australia A by 4 wickets in the 3rd ODI, India A won the 3-match series 2-1
Published: 26 Sept 2026, 03:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented