
വരനെ തേടിയുള്ള ലിസയുടെ പരസ്യ ബോർഡ്, ലിസ | Photos: marrylisa.com
ഹൈവേകള്‍ക്കും മറ്റ് റോഡുകള്‍ക്കുമെല്ലാം സമീപം ഒരുപാട് പരസ്യബോര്‍ഡുകള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ബോര്‍ഡാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവിതപങ്കാളിയായി ഒപ്പം കൂട്ടാന്‍ പറ്റിയ ചെക്കനെ കിട്ടാതായതോടെ ഒരു യുവതിയാണ് തന്നെ വിവാഹം ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് വലിയ ബോര്‍ഡുകളില്‍ പരസ്യം കൊടുത്തത്.
യുഎസ്സിലെ കാലിഫോര്‍ണിയയിലെ ഹൈവേ 101-ലാണ് ഈ പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ലിസ കറ്റലാനോ എന്ന 42-കാരിയാണ് ബില്‍ബോര്‍ഡുകളിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള 'സാഹസ'ത്തിന് മുതിര്‍ന്നത്. വലിയ അക്ഷരങ്ങളില്‍ 'മാരി ലിസ ഡോട് കോം' എന്ന വെബ്സൈറ്റ് വിലാസവും ലിസയുടെ ചിത്രവും മാത്രമാണ് പരസ്യബോര്‍ഡുകളിലുള്ളത്. സെപ്റ്റംബര്‍ രണ്ട് മുതലാണ് ലിസ പരസ്യ ക്യാമ്പെയിന് ആരംഭിച്ചത്.
ഇത് കേവലം തമാശയോ ഗിമ്മിക്കോ അല്ല എന്നാണ് ലിസ പറയുന്നത്. വളരെ ഗൗരവത്തോടെ സ്വയം പണം ചെലവാക്കി നടത്തുന്ന ശ്രമമാണ് ഇത്. 'എനിക്ക് എന്റെ ഭര്‍ത്താവിനെ കണ്ടെത്തണം' -ലിസ പറഞ്ഞു. ഹൈവേയ്ക്കരികില്‍ വലിയ ബോര്‍ഡുകളില്‍ പരസ്യം ചെയ്യാന്‍ താന്‍ എത്ര പണം മുടക്കി എന്ന് ലിസ വെളിപ്പെടുത്തിയിട്ടില്ല. ടാക്സി കാറുകള്‍ക്ക് മുകളിലും പരസ്യം ചെയ്യാനാണ് ലിസയുടെ തീരുമാനം.
അതേസമയം പരസ്യം കണ്ട് നേരെ ചെന്ന് ലിസയെ വിവാഹം ചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അത് നടപ്പില്ല. ലിസ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കുന്നയാളാകണം വരന്. തന്നെ കുറിച്ചുള്ള വിവരങ്ങളും താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കുണ്ടാകേണ്ട യോഗ്യതകളുമെല്ലാം ലിസ വെബ്സൈറ്റില്‍ വ്യക്തമായി പറയുന്നുണ്ട്.
'35-നും 45-നും ഇടയില്‍ പ്രായമുള്ളയാളെയാണ് ഞാന്‍ നോക്കുന്നത്. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും കാര്യത്തില്‍ ഞാനുമായി ഒത്തുപോകുന്നയാളായിരിക്കണം. ആരോഗ്യകരമായ ജീവിതശൈലി പാലിക്കുന്നയാളെയാണ് എനിക്ക് വേണ്ടത്.' -ലിസ പറയുന്നു. ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത നിബന്ധനകള്‍ ലിസ വെബ്സൈറ്റില്‍ പ്രത്യേകം പറയുന്നുണ്ട്.
'ഏകപത്നീവ്രത'ക്കാരനായിരിക്കണം, വിവാഹം ചെയ്യുമെങ്കില്‍ മാത്രം ഡേറ്റിങ്, രണ്ടോ മൂന്നോ വര്‍ഷത്തിനകം വിവാഹം ചെയ്ത് കുടുംബമുണ്ടാക്കണം, വിദ്യാഭ്യാസം കുറഞ്ഞത് ബിരുദമെങ്കിലും ഉണ്ടാകണം, പുകയില, കഞ്ചാവ്, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കരുത്, വൃത്തി ഉണ്ടാകണം, ഡെമോക്രാറ്റിക് അല്ലെങ്കില്‍ ലിബറല്‍ അല്ലെങ്കില്‍ ഇടത് ചായ്വുള്ള ആളാകണം, മതവിശ്വാസിയാകരുത്, കുറ്റകൃത്യത്തിന്റെ പശ്ചാത്തലമുണ്ടാകരുത്, അഹിംസാവാദിയാകണം എന്നിവയാണ് ലിസയുടെ വിട്ടുവീഴ്ചയില്ലാത്ത നിബന്ധനകള്‍.
അതേസമയം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളും ലിസ വെബ്സൈറ്റില്‍ പറയുന്നുണ്ട്.
എന്തുകൊണ്ട് വെബ്സൈറ്റും പരസ്യബോര്‍ഡും?
ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ വരനെ തേടാന്‍ ലിസയ്ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. തന്റെ 20-കളിലും 30-കളിലും ലിസ ഡേറ്റ് ചെയ്യാനോ ബോയ്ഫ്രണ്ടിനെയുണ്ടാക്കാനോ ശ്രമിച്ചില്ല. പകരം വിദ്യാഭ്യാസത്തിനും കരിയറിനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമെല്ലാമാണ് മുന്‍ഗണന നല്‍കിയത്. പിന്നീട് 30-കളില്‍ ലിസയ്ക്കൊരു പ്രണയമുണ്ടായി. വിവാഹനിശ്ചയം വരെ ആ ബന്ധം എത്തി. എന്നാല്‍ ഗുരുതരമായ രോഗബാധിതനായിരുന്ന ലിസയുടെ പ്രതിശ്രുതവരന് 2023-ല്‍ മരണത്തിന് കീഴടങ്ങി.
കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് വീണ്ടും ഡേറ്റിങ്ങിലേക്ക് ലിസ കടന്നു. ഒരാളെ കണ്ടെത്തിയെങ്കിലും ഒരുവര്‍ഷത്തിനുശേഷം ഒത്തുപോകാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ് ആ ബന്ധവും അവസാനിപ്പിച്ചു.
ജീവിതപങ്കാളിക്കായി ലിസ വീണ്ടും തിരച്ചില്‍ തുടങ്ങി. എന്നാല്‍ ഡേറ്റിങ് ആപ്പുകളിലൊന്നും ലിസ തനിക്ക് അനുയോജ്യനായ പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് വിചിത്രമെന്ന് തോന്നുന്ന ഈ മാര്‍ഗം ലിസ സ്വീകരിച്ചത്.
Published: 29 Sept 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented