ആരാണ് സൈറ ബാനു? എ.ആര്‍. റഹ്‌മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരാധകരെല്ലാം ചോദിച്ച ചോദ്യമാണിത്. റഹ്‌മാന്റെ ഭാര്യയാണെന്ന് അറിയാമെങ്കിലും സൈറ ബാനുവിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചോ അവരുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചോ ആരാധകരില്‍ അധികമാരും അറിഞ്ഞിരുന്നില്ല. കുടുംബജീവിതവും തന്റെ കാരുണ്യപ്രവര്‍ത്തനങ്ങളുമെല്ലാം എല്ലായ്‌പ്പോഴും സ്വകാര്യമായി സൂക്ഷിക്കാനാണ് സൈറയും എ.ആര്‍. റഹ്‌മാനും ഇഷ്ടപ്പെട്ടിരുന്നത്. 

To advertise here,

1995- മാര്‍ച്ചിലാണ് എ.ആര്‍. റഹ്‌മാനും സൈറയും വിവാഹിതരായത്. സൈറയെ റഹ്‌മാന് വധുവായി കണ്ടെത്തുന്നത് അദ്ദേഹത്തിന്റെ മാതാവായിരുന്നു. ചെന്നൈയിലെ ദര്‍ഗയില്‍വെച്ച് റഹ്‌മാന്റെ മാതാവും സഹോദരിയുമാണ് സൈറയെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അവരോട് സംസാരിക്കുകയും വിവാഹാലോചനയുമായി മുന്നോട്ടുപോവുകയുമായിരുന്നു. 

Also Read: 'പെണ്‍കുട്ടികളേക്കുറിച്ച് ചിന്തിക്കാന്‍പോലും സമയമില്ല, അവള്‍ സുന്ദരി'; സൈറയെ ആദ്യം കണ്ടത് റഹ്‌മാന്റെ ഉമ്മ

ഗുജറാത്തിലാണ് സൈറ ബാനുവിന്റെ കുടുംബവേരുകള്‍. 1973 ഡിസംബറില്‍ ഗുജറാത്തിലെ കച്ചിലായിരുന്നു സൈറയുടെ ജനനം. എ.ആര്‍. റഹ്‌മാനെക്കാള്‍ ഏഴുവയസ്സ് കുറവാണ് സൈറയ്ക്ക്. തന്റെ 28-ാം വയസ്സിലാണ് റഹ്‌മാന്‍ സൈറയെ ജീവിതസഖിയാക്കുന്നത്. അന്ന് സൈറയുടെ പ്രായം 22. 

ഗുജറാത്തില്‍ വേരുകളുള്ള സമ്പന്ന കുടുംബത്തിലെ അംഗമാണ് സൈറ ബാനു. സൈറയുടെ സഹോദരി മെഹ്‌റുന്നിസ വിവാഹം കഴിച്ചിരിക്കുന്നത് പ്രശസ്ത നടന്‍ റഹ്‌മാനെയാണ്. 1993-ലായിരുന്നു ഇവരുടെ വിവാഹം. 

Also Read: 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു'; വികാരനിര്‍ഭരമായ കുറിപ്പുമായി എ.ആര്‍. റഹ്‌മാന്‍

എ.ആര്‍. റഹ്‌മാന്‍- സൈറ ദമ്പതിമാര്‍ക്ക് മൂന്നുമക്കളാണുള്ളത്. ഗായകരായ ഖദീജ റഹ്‌മാന്‍, എ.ആര്‍. അമീന്‍, റഹീമ റഹ്‌മാന്‍. 

പ്രമുഖ സംഗീതസംവിധായകന്റെ ഭാര്യയായിരിക്കെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സൈറ ബാനു. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തുമടക്കം ഒട്ടേറെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് സൈറ ബാനു നേതൃത്വം നല്‍കിയത്.