
മ്യൂണിക്ക്: ബയേൺ മ്യൂണിക്കിന്റെ ജർമൻ ഗോൾകീപ്പർ മാനുവൽ നൂയർ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധിയിലാണ്. പരസ്ത്രീ ബന്ധം ആരോപിക്കപ്പെട്ട നൂയർ അടുത്തിടെ ഭാര്യ അനിക ബിസ്സെലുമായി വേർപിരിഞ്ഞതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോഴിതാ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും വേർപിരിയൽ വാർത്തകൾക്കും പിന്നാലെ, വഞ്ചനയ്‌ക്കെതിരായ ശക്തമായ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഭാര്യ അനികയുടെ കുറിപ്പും നൂയറെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റിൽ തങ്ങളുടെ രണ്ടാമത്തെ കുട്ടി ജനിച്ചതിന് തൊട്ടുപിന്നാലെ ഇരുവരും വേർപിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഗർഭിണിയായ പങ്കാളിയെ വഞ്ചിക്കുന്ന പുരുഷന്മാരെ രൂക്ഷമായി വിമർശിക്കുന്ന ഒരു കുറിപ്പ് അനിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത്തരം പെരുമാറ്റം സ്വാർഥവും അനാദരവുള്ളതും ആഴത്തിൽ വേദനിപ്പിക്കുന്നതുമാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഗർഭകാലത്തെ വഞ്ചന തിന്മയുടെ മറ്റൊരു തലമാണെന്നും അത് കേവലം ഒരു തെറ്റല്ല, മറിച്ച് ബോധപൂർവമായ തീരുമാനമാണെന്നും അനിക പങ്കുവെച്ച ഒരു സന്ദേശത്തിൽ വിമർശിക്കുന്നു. 'ഒരു ദിവസം ഞാൻ നിന്നോട് ക്ഷമിച്ചേക്കാം, എന്നാൽ കുട്ടിയുടെ അമ്മയെന്ന നിലയിൽ ഞങ്ങൾക്ക് പകരം മറ്റൊരു പെൺകുട്ടിയെ തിരഞ്ഞെടുത്തതിന് ഞാൻ ഒരിക്കലും നിന്നോട് ക്ഷമിക്കില്ല' എന്നായിരുന്നു രണ്ടാമത്തെ സന്ദേശം.
40-കാരനായ മാനുവൽ നൂയർ അടുത്തിടെ ബ്രസീലിൽ ഒരു യുവതിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നൂയർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള 23-കാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് ഇതെന്ന് 'ബിൽഡ്' എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ അവസാനത്തോടെ ഇരുവരും സിസിലിയിലും ഒപ്പമുണ്ടായിരുന്നതായി ജർമൻ റിപ്പോർട്ടുകളിൽ പറയുന്നു.
ഗർഭധാരണ സമയത്തെ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അനിക പങ്കുവെച്ച കുറിപ്പിൽ, ആ ഘട്ടത്തിൽ പങ്കാളി നടത്തുന്ന വഞ്ചന വലിയ വിശ്വാസവഞ്ചനയാണെന്ന് വിമർശിക്കുന്നു. ഗർഭിണിയായ സ്ത്രീയെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയുമാണ് വേണ്ടതെന്നും, വഞ്ചനയുടെ മാനസിക ആഘാതത്തിലേക്ക് തള്ളിവിടുകയല്ല വേണ്ടതെന്നും സന്ദേശത്തിൽ ഓർമിപ്പിക്കുന്നു. അതേസമയം, നൂയർക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് 26-കാരിയായ അനിക നേരിട്ട് പ്രതികരിച്ചിട്ടില്ല.
മുൻ പ്രൊഫഷണൽ ഹാൻഡ്ബോൾ താരമായ അനികയ്ക്കും നൂയർക്കും 2024 മാർച്ചിൽ ജനിച്ച ലൂക്ക എന്ന ആദ്യ മകനുൾപ്പെടെ രണ്ട് ആൺമക്കളുണ്ട്. ഓഗസ്റ്റിൽ ജനിച്ച രണ്ടാമത്തെ മകന്റെ പേര് ഇതുവരെ പരസ്യമാക്കിയിട്ടില്ല.
അതേസമയം ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ ഇവരുടെ രണ്ടാമത്തെ കുട്ടി ജനിച്ച് ഏതാനും ദിവസങ്ങൾക്കകം തനിക്ക് വിവാഹബന്ധം അവസാനിപ്പിക്കണമെന്ന് നൂയർ അനികയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ജർമൻ മാധ്യമമായ 'ബിൽഡ്' പുറത്തുവിട്ട റിപ്പോർട്ട്. മറ്റൊരു യുവതിയുമായുള്ള നൂയറുടെ ബന്ധത്തെക്കുറിച്ച് അനികയ്ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
നൂയറിനൊപ്പം അടുത്തിടെ ബ്രസീലിൽ കണ്ട 23-കാരിയായ യുവതി അദ്ദേഹത്തിന്റെ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ആളാണെന്ന് ക്ലബ്ബുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധം മാസങ്ങൾക്ക് മുൻപേ തന്നെ പ്രൊഫഷണൽ അതിരുകൾ കടന്നിരുന്നുവെന്നും സിസിലി ദ്വീപിൽ സെപ്റ്റംബർ അവസാനത്തോടെ ഇരുവരും ഒന്നിച്ചു സമയം ചെലവഴിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നവംബർ ഏഴിന് മൈൻസിനെതിരായ മത്സരത്തിനിടെ വലതുകാലിലെ ഞരമ്പിന് പരിക്കേറ്റതിനെ തുടർന്ന് നൂയർ വിശ്രമത്തിലായിരുന്നു. തുടർന്ന് ക്ലബ്ബിന്റെ അനുമതിയോടെ നവംബർ 15-നാണ് നൂയറും 23-കാരിയായ യുവതിയും ബ്രസീലിലേക്ക് യാത്ര തിരിച്ചത്. അവിടെയുള്ള റിസോർട്ടിൽ മുറി പങ്കിട്ട ഇരുവരും, റിയോ ഡി ജനീറോക്ക് വടക്കുകിഴക്കുള്ള ബൂസിയോസ് തീരദേശ നഗരത്തിൽ ഒന്നിച്ചു സമയം ചെലവഴിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ആറ് വർഷത്തോളം നീണ്ട ബന്ധത്തിനൊടുവിൽ 2023 നവംബർ 12-നായിരുന്നു നൂയറുടെയും അനികയുടെയും രജിസ്റ്റർ വിവാഹം. തുടർന്ന് 2025 ജൂലായിൽ ഇറ്റലിയിലെ സൗത്ത് ടൈറോളിൽ വെച്ച് വലിയ വിവാഹ ആഘോഷ ചടങ്ങുകളും നടത്തിയിരുന്നു. 2024 മാർച്ച് 14-ന് ഇവർക്ക് ലൂക്ക എന്ന ആദ്യ മകനും 2026 ഓഗസ്റ്റിൽ രണ്ടാമത്തെ കുട്ടിയും ജനിച്ചു.
Content Highlights: Bayern Munich goalkeeper Manuel Neuer is facing separation from his wife Anika Bissel., Anika shared strong social media posts condemning infidelity during pregnancy., Reports indicate Neuer was seen with a 23-year-old physiotherapist in Brazil., The couple married in 2023 and share two children, with their second child born in August 2026.
Published: 27 Nov 2026, 11:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented