
എ.ആര്‍. റഹ്‌മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകാന്‍ പോവുകയാണ്. 29 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമംകുറിച്ചാണ് ഇരുവരും വേര്‍പിരിയുന്നത്. വിവാഹമോചനത്തെക്കുറിച്ച് സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് കഴിഞ്ഞദിവസം പ്രസ്താവന പുറത്തിറക്കിയത്. പരസ്പര സ്‌നേഹം നിലനില്‍ക്കുമ്പോഴും ഇരുവരും അടുക്കാനാകാത്തവിധം അകന്നുപോയെന്നായിരുന്നു സൈറയുടെ അഭിഭാഷക പുറത്തിറക്കിയ കുറിപ്പിലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍. റഹ്‌മാനും സാമൂഹികമാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു.
1995 മാര്‍ച്ച് 12-നാണ് എ.ആര്‍. റഹ്‌മാനും സൈറയും വിവാഹിതരായത്. എ.ആര്‍. റഹ്‌മാന്റെ മാതാവ് കരീമ ബീഗവും സഹോദരി ഫാത്തിമയുമാണ് സൈറ ബാനുവിനെ അദ്ദേഹത്തിനായി വിവാഹം ആലോചിച്ചത്. സൈറ ബാനുവിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എ.ആര്‍. നേരത്തെ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. എ.ആര്‍. റഹ്‌മാന് വേണ്ടി ആരംഭിച്ച പോര്‍ട്ടലായ റഹ്‌മാനിയാക് ഡോട്ട് കോമിലാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്.

27-ാം വയസ്സിലാണ് താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്നാണ് എ.ആര്‍. റഹ്‌മാന്‍ അഭിമുഖത്തില്‍ പറയുന്നത്. ''എന്തുകൊണ്ടോ അന്ന് മുതല്‍ എനിക്ക് പ്രായമായെന്ന് തോന്നിത്തുടങ്ങി. ഞാന്‍ എല്ലായ്‌പ്പോഴും ഒരു നാണംകുണുങ്ങിയും പെണ്‍കുട്ടികളുമായി അധികം സംസാരിക്കാത്ത പ്രകൃതക്കാരനുമായിരുന്നു. എന്റെ സ്റ്റുഡിയോയില്‍ പല യുവഗായികമാരെ കാണുകയും അവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അവരോടെല്ലൊം എനിക്ക് വലിയ ബഹുമാനമാണ്. പക്ഷേ, എന്റെ ഭാര്യയാക്കാമെന്ന രീതിയില്‍ ഒരു പെണ്‍കുട്ടിയെയും ഞാന്‍ നോക്കിയിട്ടില്ല. അന്നെല്ലാം രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലിയില്‍ മുഴുകിയ സമയമായിരുന്നു. പെണ്‍കുട്ടികളെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സമയമുണ്ടായിരുന്നില്ല.

എന്റെ ഉമ്മയും സഹോദരി ഫാത്തിമയുമാണ് സൈറയെ ആദ്യ കാണുന്നത്. ചെന്നൈയിലെ മോത്തി ബാബ ദര്‍ഗയില്‍വെച്ചായിരുന്നു അവര്‍ സൈറയെ ആദ്യം കണ്ടത്. സൈറയെക്കുറിച്ചോ അവരുടെ കുടുംബത്തെക്കുറിച്ചോ മാതാവിന് അറിയുമായിരുന്നില്ല. പക്ഷേ, അവര്‍ സൈറയെ കണ്ടതോടെ നേരിട്ട് സംസാരിച്ചു. ദര്‍ഗയില്‍നിന്ന് അഞ്ചുവീടുകള്‍ക്ക് അപ്പുറമായിരുന്നു സൈറയുടെയും വീട്'', റഹ്‌മാന്‍ പറഞ്ഞു.
ആദ്യം കണ്ടത് ജന്മദിനത്തില്‍...
തന്റെ 28-ാം ജന്മദിനത്തിലാണ് എ.ആര്‍. റഹ്‌മാന്‍ സൈറ ബാനുവിനെ ആദ്യമായി കാണുന്നത്. ഏതാനുംസമയം മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയായിരുന്നു അത്. ഇതിനുശേഷം ഫോണിലൂടെയാണ് കൂടുതല്‍ സംസാരിച്ചതെന്നായിരുന്നു റഹ്‌മാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ''സൈറ ഏറെ സുന്ദരിയും കുലീനയുമായിരുന്നു. പ്രാദേശിക ഭാഷയായ കച്ചിയും ഇംഗ്ലീഷും മാത്രമേ സൈറയ്ക്ക് വശമുണ്ടായിരുന്നൂള്ളൂ. എന്നെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണോ എന്ന് ഇംഗ്ലീഷിലാണ് അവളോട് ചോദിച്ചത്. ആ ദിവസങ്ങളില്‍ സൈറ വളരെ ശാന്തവും സൗമ്യവുമായ പ്രകൃതക്കാരിയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ', അദ്ദേഹം ഓര്‍മിച്ചു.
വിവാഹം 1995 മാര്‍ച്ച് 12-ന്
1995 മാര്‍ച്ച് 12-നായിരുന്നു എ.ആര്‍. റഹ്‌മാന്റെയും സൈറയുടെയും വിവാഹം. എ.ആര്‍. റഹ്‌മാന്‍ 2006-ല്‍ എ.എം. സ്റ്റുഡിയോസ് ആരംഭിച്ച അതേ കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹചടങ്ങുകളും. സൈറ ഗുജറാത്തി, ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നുള്ള വ്യക്തിയായതിനാല്‍ തന്റെ കുടുംബം അതുമായി പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തെന്നും റഹ്‌മാൻ പറഞ്ഞിരുന്നു.

''വിവാഹദിവസം മൂന്നുമണിക്കൂറോളം മുഖത്ത് ചിരിയുമായാണ് ഞാന്‍ നിന്നത്. ആ മൂന്നുമണിക്കൂറിന് ശേഷം മുഖത്തെ പേശികളെല്ലാം വേദനിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ളവരും സൈറ ഗുജറാത്തി, ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്നവളുമായിരുന്നു. ഏതൊരു കുടുംബത്തിലേക്കും പുതുതായി ഒരാള്‍ വരുമ്പോള്‍ അതുമായി പൊരുത്തപ്പെടുകയെന്നത് വലിയ പ്രയാസമാണെന്ന് നിങ്ങള്‍ക്കറിയാം. എല്ലാ അമ്മമാരെയുംപോലെ എന്റെ കാര്യത്തില്‍ എന്റെ ഉമ്മയും പൊസസ്സീവ് ആയിരുന്നു. ഞങ്ങള്‍ കൂട്ടുകുടുംബമായി ജീവിച്ചതിനാല്‍ ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റും ആവശ്യമായിരുന്നു. എന്നാല്‍, മൂത്തമകള്‍ ഖദീജ പിറന്നതോടെ കാര്യങ്ങളെല്ലാം മാറി. അതിനുശേഷം എല്ലാം മനോഹരമായി', എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു.
Content Highlights: ar rahman divorce saira banu how ar rahman met his wife and marry her
Published: 20 Nov 2024, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented