
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ഇംഗ്ലണ്ടില്‍ പോളോ കളിക്കുന്നതിനിടെയായിരുന്നു മരണം. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ പ്രിയ സച്ച്ദേവുമായുള്ള ഒരു അഭിമുഖം വീണ്ടും ചര്‍ച്ചയാകുകയാണ്. സഞ്ജയ് മരിക്കുന്നതിന് ഒരു മാസം മുമ്പ് നല്കിയ അഭിമുഖമാണിത്.
സഞ്ജയിയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും കരിഷ്മയുമായുള്ള സഞ്ജയിയുടെ വിവാഹത്തെ കുറിച്ചും കിന് ആന്റ് കൈന്റ്നെസ്സ് പോഡ്കാസ്റ്റില്‍ പ്രിയ മനസ് തുറക്കുന്നു. തന്റെ ആദ്യ വിവാഹം തകരാനുള്ള കാരണവും മുന്‍ വിവാഹങ്ങളിലെ മക്കളേയും ഉള്‍പ്പെടുത്തി സംയോജിതമായ ഒരു കുടുംബം കെട്ടിപ്പടുത്തതിനെ കുറിച്ചും പ്രിയ തുറന്ന് സംസാരിക്കാനുണ്ട്.
'ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം വിവാഹിതനായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഭാര്യ കരിഷ്മയും മക്കളും മുംബൈയിലാണ് താമസിച്ചിരുന്നത്. അദ്ദേഹം ബിസിനസ് തിരക്കുകളുമായി ഡല്ഹിയിലാണുണ്ടായിരുന്നത്. വാരാന്ത്യങ്ങളില്‍ അദ്ദേഹം മക്കളെ കാണാന്‍ മുംബൈയിലേക്ക് പോകും. ഡല്‍ഹിയില്‍വെച്ച് ഞങ്ങള്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് അദ്ദേഹം കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞു. അതില്‍നിന്ന് പുറത്തുവന്നു. അവരുടേത് ഒരു സാധാരണ വിവാഹമായിരുന്നില്ല. എന്നാല്‍ ആ വിവാഹത്തില്‍ അദ്ദേഹത്തിന് സുന്ദരന്മാരായ രണ്ട് മക്കളുണ്ടായി. ഞങ്ങള്‍ അവരെ വളരേയധികം സ്നേഹിക്കുന്നു. ഇന്ന് ഞങ്ങള്‍ ഒരുമിച്ച് ഒരു കുടുംബമാണ്'-പ്രിയ സച്ച്ദേവ് പറയുന്നു.

കരിഷ്മയുടേയും സഞ്ജയിയുടേയും മക്കളായ സമൈറയേയും കിയാനേയും കുറിച്ചും പ്രിയ പോഡ്കാസ്റ്റില്‍ പറയുന്നുണ്ട്. ഒരിക്കലും സമൈറയുടേയും കിയാന്റേയും അമ്മയാകാന്‍ തനിക്ക് കഴിഞ്ഞില്ലെങ്കിലും അവരുടെ ജീവിതത്തില്‍ തനിക്ക് ഒരു ഇടമുണ്ടെന്ന് അറിയാമെന്നും പ്രിയ പറയുന്നു. 'ഞങ്ങള്‍ക്ക് നാല് മക്കളുണ്ട്. മൂത്തയാളായ സമൈറ, പിന്നെ സഫിറ, കിയാന്, എന്റെയും സഞ്ജയിയുടേയും മകനായ അസാറിയസ്. ഞങ്ങളൊരു കുടുംബം പോലെയാണ്. എനിക്ക് തോന്നുന്നു, ഞങ്ങളുടെ കുഞ്ഞുമകന് (അസാറിയസ്) ജനിച്ചപ്പോള്‍ ഞങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണി അവനായി. അവന് ഇരുഭാഗവുമായും ബന്ധമുള്ളതിനാല്‍ കുടുംബത്തെ ഒരുമിപ്പിച്ചു. ഞങ്ങളുടെ രണ്ട് പെണ്മക്കള്, സമൈറയും സഫിറയും, വളരെ അടുത്ത സുഹൃത്തുക്കളാണ്. അവര്‍ തമ്മില്‍ വെറും രണ്ട് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. ഞങ്ങളെല്ലാവരും അവരവരുടേതായ രീതികളില്‍ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും വിലമതിക്കാനും വളര്‍ന്നിരിക്കുന്നു.'-പ്രിയ അഭിമുഖത്തില്‍ പറയുന്നു.
ആദ്യ ഭര്‍ത്താവായ വിക്രം ചത്വാളുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ചും പ്രിയ പറയുന്നു. വിവാഹം കഴിഞ്ഞുള്ള തുടക്കകാലത്ത് തന്നെ തനിക്ക് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും സഫിറയെ 20 ആഴ്ച്ച ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈ വിവാഹബന്ധം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും പ്രിയ പറയുന്നു. വിവാഹമോചനത്തിനുശേഷം വിക്രമിന്റെ മാതാപിതാക്കള്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞുവെന്നും മകള്‍ക്കുവേണ്ടി വിക്രമുമായി നിയമപോരാട്ടം നടത്തേണ്ടി വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2003-ലായിരുന്നു സഞ്ജയിയുടേയും കരിഷ്മയുടേയും വിവാഹം. 2005-ല്‍ സമൈറയും 2010-ല്‍ കിയാനും ജനിച്ചു. 2014-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2017-ല്‍ സഞ്ജയ്, പ്രിയ സച്ച്ദേവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ അസാരിയാസ് എന്നൊരു മകനുണ്ട്. ആദ്യ ഭര്‍ത്താവ് വിക്രം ചത്വാളില് പ്രിയയ്ക്കുണ്ടായ മകളാണ് സഫിറ.
Content Highlights: when priya sachdev spoke on her bond with sunjay kapur and karisma kapoors children
Published: 26 Jun 2025, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented