കുടുംബത്തിന്റെ അംഗസംഖ്യ നൂറുകടന്നതിന്റെ സന്തോഷമുണ്ട് മറിയാമു ഹജ്ജുമ്മയുടെ കണ്ണുകളിൽ. കളിയും ചിരിയുമായി അവർക്കുചുറ്റും മിക്കപ്പോഴും എല്ലാവരും കൂടും. 17 മക്കളും മരുമക്കളും നൂറോളം പേരക്കുട്ടികളും അടങ്ങുന്നതാണ് അവരുടെ ഇപ്പോഴത്തെ കുടുംബം. മലപ്പുറം തിരൂരിനടുത്ത് വരമ്പനാലയിലെ കുണ്ടിൽ മറിയാമു ഹജ്ജുമ്മയ്ക്ക് ഏഴ് ആൺമക്കളും പത്ത് പെൺമക്കളുമാണുള്ളത്. കഴിഞ്ഞദിവസം, മാതൃദിനത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. വീട്ടിലെത്തി മറിയാമുവിനെ ആദരിച്ചിരുന്നു.

To advertise here,

കുറുക്കോളിലെ ചിരട്ടപ്പറമ്പിൽ പരേതരായ മൊയ്തുട്ടിയുടെയും ആയിഷുമ്മയുടെയും മകളാണ് മറിയാമു ഹജ്ജുമ്മ. വരമ്പനാലയിലെ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകനും കോൺഗ്രസ് പ്രാദേശിക നേതാവുമായിരുന്ന ഹൈദ്രു മുസ്ലിയാരാണ് ഭർത്താവ്. 32 വർഷം മുൻപ് ഇദ്ദേഹം മരിച്ചു. അതോടെ മക്കളെ വളർത്തുന്ന ഉത്തരവാദിത്വമെല്ലാം മറിയാമുവിനായി.

സുബൈദ, അബ്ദുൾകരീം, അബ്ദുൾസലാം, അബ്ദുൾറസാഖ്, സുഹറാബി, സക്കീന, നസീമ, സുലൈഖ, സാബിറ, സമീറ, മുനീറ, അബ്ദുൾജലീൽ, അബ്ദുൾകരീം, അബ്ദുൾവഹാബ്, നുസൈബ, അബ്ദുൾഗഫൂർ, നുസ്‌റത്ത് എന്നിവരാണു മക്കൾ. ഏറ്റവും ഇളയ മകൾ നുസ്‌റത്തിന് ഇപ്പോൾ 33 വയസ്സുണ്ട്.

ഏഴ് ആൺമക്കളും ദുബായിലായിരുന്നു. മൂന്നുപേർ ഗൾഫിലെ ജോലിനിർത്തി നാട്ടിലേക്കുപോന്നു. അബ്ദുൾകരീം, അബ്ദുൾകബീർ, അബ്ദുൾറസാഖ്, അബ്ദുൾഗഫൂർ എന്നിവരാണിപ്പോൾ ദുബായിലുള്ളത്. ആൺമക്കളെല്ലാം ഒരേ വളപ്പിൽ സ്ഥലംവാങ്ങി വീടുവെച്ചു. അബ്ദുൾഗഫൂർ തറവാട് പുതുക്കിപ്പണിതു. അതിലാണ് മറിയാമു ഹജ്ജുമ്മ താമസിക്കുന്നത്. മറ്റു മക്കളുടെ വീട്ടിലും ഇടയ്ക്കിടെ പോകും. പേരക്കുട്ടികളായ ആദിയും നഹാനും ബിഷിനും റുവയും ഷെസ്മിനും നൈസയും ഷെഹറിനും ഷെസയുമെല്ലാം വല്യുമ്മയ്‌ക്കൊപ്പം സന്തോഷംപങ്കിട്ടു കഴിയുകയാണ്.