ജീവിതത്തിൽ വിജയം നേടുമ്പോൾ മാതാപിതാക്കളേയും ചേർത്തുപിടിക്കണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തങ്ങൾക്കായി അച്ഛനും അമ്മയും മാറ്റിവെച്ച സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനാണ് മക്കൾ ശ്രമിക്കുക. അത് ചിലപ്പോൾ ചെറിയൊരു സമ്മാനമോ യാത്രയോ പുതിയ വീടോ ആയിരിക്കും. അത്തരത്തിൽ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

To advertise here,

ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഉദ്യോഗസ്ഥനായ പർവീൺ കാസ്‌വാനാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തന്റെ മാതാപിതാക്കൾ വിമാനം കയറാനായി തയ്യാറായി നിൽക്കുന്ന ഒരു ചിത്രവും അതിനൊപ്പം വികാരനിർഭരമായ ഒരു കുറിപ്പുമാണ് പർവീൺ പോസ്റ്റ് ചെയ്തത്. '23-ാം വയസ്സിൽ ഞാൻ ആദ്യമായി വിമാനം കയറി. എന്നാൽ എന്റെ മാതാപിതാക്കൾ ഇതിനായി കാത്തിരുന്നത് 55 വർഷമാണ്. ചില ചിത്രങ്ങൾ എന്നും സ്‌പെഷ്യലാണ്' എന്നാണ് ഇതിനൊപ്പം പർവീൺ കുറിച്ചത്. 2019-ലായിരുന്നു ഈ യാത്രയെന്നും അദ്ദേഹം പറയുന്നു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് സമാനമായ അനുഭവം പങ്കുവെച്ചിരിക്കുന്നത്. 'ഒരു കുട്ടിയുടെ ജീവിതത്തിലെ മിക്ക ആദ്യ സംഭവങ്ങൾക്കും കാരണം മാതാപിതാക്കളാണ്. അവരുടെ ചില ആദ്യ സംഭവങ്ങൾക്ക് നിങ്ങളും കാരണമായതിൽ സന്തോഷം തോന്നിയിരിക്കണം' എന്നാണ് ഒരാൾ കുറിച്ചത്. 'ഞാൻ 2024-ൽ ജയ്പുരിൽ നിന്ന് കൊൽക്കത്തയിലേക്ക് ആദ്യ വിമാന യാത്ര നടത്തി. ഇപ്പോൾ ഞാൻ എന്റെ അച്ഛന് വിമാന ടിക്കറ്റിനെക്കുറിച്ച് ചിന്തിക്കുന്നു. ഒരു ദിവസം ദൈവം എന്റെ ആഗ്രഹം നിറവേറ്റും.'-എന്നായിരുന്നു ഒരു കമന്റ്.