വിജയകരമായ കരിയർ കെട്ടിപ്പടുക്കുന്നതിനിടയിൽ കുടുംബ ജീവിതത്തിനു മുൻഗണന നൽകാൻ മറന്നുപോകുന്നവർ ഏറെയാണ്. എന്നാൽ ഒരു കാലത്തിനു ശേഷം തിരിച്ചറിവുകളിലേക്കെത്തുന്നവരും കുറവല്ല. മുൻനിര കമ്പനികളുടെ തലപ്പത്തിരിക്കുന്നവർക്കും ഇത്തരത്തിൽ തിരിച്ചറിവുണ്ടാകുമെന്ന് തെളിയിക്കുന്നതാണ് 48-കാരനായ ടെക് എക്സിക്യൂട്ടീവ് റോൺ സ്‌നൈഡർമാന്റെ ജീവിതം. ഫോർച്യൂൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് Acely എന്ന എ.ഐ സ്റ്റാർട്ടപ്പിന്റെ സി.ഇ.ഒ ആയ റോൺ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഖേഃദത്തേക്കുറിച്ച് തുറന്നുപറഞ്ഞത്.
തന്റെ ആദ്യ സ്റ്റാർട്ടപ്പായ ലിഫ്റ്റോപ്പിയ തുടങ്ങിയ കാലത്ത്, കഠിനാധ്വാനം മാത്രമായിരുന്നു ലക്ഷ്യമെന്ന് റോൺ പറയുന്നു. അക്കാലത്ത് തന്റെ ആദ്യത്തെ മകൾ ജനിച്ചപ്പോൾ വെറും രണ്ട് ദിവസം മാത്രമാണ് അവധിയെടുത്തത്. മൂന്ന് വർഷത്തിന് ശേഷം മകൻ ജനിച്ചപ്പോൾ എടുത്തത് ഒരാഴ്ചത്തെ അവധിയും. അന്ന് അത് വലിയ നേട്ടമായാണ് താൻ കരുതിയതെന്നും എന്നാൽ ആ ചിന്ത തെറ്റായിരുന്നുവെന്നും അഭിമുഖത്തിൽ റോൺ പങ്കുവെക്കുന്നുണ്ട്.
"അതൊരു വലിയ തെറ്റായിരുന്നു. ആ സമയം നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല" - റോൺ സ്‌നൈഡർമാൻ പറഞ്ഞു. തളരുവോളം പണിയെടുക്കുന്നതും വ്യക്തി ജീവിതത്തിലെ ആവശ്യങ്ങൾ മാറ്റിവെക്കുന്നതും സമർപ്പണത്തിന്റെ ഉദാഹരണമായാണ് പല സ്റ്റാർട്ടപ് കമ്പനികളുടേയും ഉടമകൾ കരുതുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
ഈ തിരിച്ചറിവിനെത്തുടർന്ന് പിന്നീട് താൻ നേതൃത്വം നൽകിയ കമ്പനികളിൽ തികച്ചും വ്യത്യസ്തമായ ഒരു തൊഴിൽ സംസ്‌കാരം കൊണ്ടുവന്നതായി റോൺ പറയുന്നുണ്ട്. AllTrails സി.ഇ.ഒ ആയിരുന്നപ്പോൾ, ജീവനക്കാർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ എല്ലാ മാസവും ഒരു വെള്ളിയാഴ്ച അവധി നൽകിയതായിരുന്നു ഒരു മാറ്റം. അമിതമായ ജോലിഭാരത്തിന് പകരം ക്രിയേറ്റീവ് ആയ പ്രവർത്തനങ്ങൾക്കും വിശ്രമത്തിനുമാണ് മുൻഗണന നൽകുന്നത്.
ഫിറ്റ്നെസ്, ട്രാവൽ മൊബൈൽ ആപ്പായ Alltrails-ൽ ഒമ്പതര വർഷത്തെ സേവനത്തിനു ശേഷം കമ്പനിയുടെ സിഇഒ സ്ഥാനവും വഹിച്ചാണ് റോൺ പടിയിറങ്ങിയത്.
ജോലിയിലെ തിരക്കുകൾക്കിടയിൽ സ്വന്തം കുഞ്ഞുങ്ങളുടെ വളർച്ചയും കുടുംബത്തിലെ സന്തോഷങ്ങളും ബലികഴിക്കുന്ന പലർക്കും ഒരു ഓർമ്മപ്പെടുത്തലാണ് റോണിന്റെ അനുഭവം.
Content Highlights: Ron Schneidermann regrets prioritizing startups over his children's early years., The misconception that overworking is the only path to startup success.
Published: 26 Apr 2026, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented