ഐഫിൽ ടവറും താജ് മഹലും നാട്ടിലെ പാർക്കുമെല്ലാം പ്രണയാഭ്യർത്ഥനയുടെ പശ്ചാത്തലമാകാറുണ്ട്. എന്നാൽ മോതിരം നൽകുമ്പോൾ അപ്രതീക്ഷിതമായി അഗ്നിപർവതം പൊട്ടുന്നത് പശ്ചാത്തലമായാലോ? പ്രണയാഭ്യർത്ഥന നടത്തുമ്പോൾ പിന്നിൽ അഗ്നിപർവതം പൊട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ പ്രചരിച്ചതോടെ പ്രണയാഭ്യർത്ഥന ലഭിച്ച യുവതി തന്നെയാണ് സംഭവിച്ചതെന്താണെന്ന് വിശദീകരിച്ച് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. 

To advertise here,

ഗ്വാട്ടിമാലയിലെ വോൾക്കാൻ അകാറ്റെനാംഗോ എന്ന അഗ്നി പർവതമാണ് ഈ അപൂർവ ദൃശ്യവിരുന്ന് 'ഒരുക്കിയത്'. 

ജസ്റ്റിൻ ലീ എന്ന യുവാവ് ദീർഘകാലമായി പ്രണയത്തിലായിരുന്ന കാമുകി മോർഗനെ പ്രപ്പോസ് ചെയ്യുന്നതിനിടെയാണ് പശ്ചാത്തലത്തിൽ വോൾക്കാൻ ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവയും പുകയും ആകാശത്തേക്ക് ഉയർന്നത്. ജൂൺ 6-ന് ആദ്യം പങ്കുവെച്ച വീഡിയോ ഓഗസ്റ്റ് 18-ന് ഇൻസ്റ്റഗ്രാമിൽ വീണ്ടും പോസ്റ്റ് ചെയ്തതോടെ വൈറലായി. 'ദീർഘകാലമായി പ്രണയത്തിലായിരുന്ന ബോയ്ഫ്രണ്ട് വോൾക്കാൻ അകാറ്റെനാംഗോയുടെ മുന്നിൽ വെച്ച് എന്നെ പ്രപ്പോസ് ചെയ്തു. പശ്ചാത്തലത്തിൽ പൊട്ടിത്തെറിക്കുന്നത് വോൾക്കാൻ ഫ്യൂഗോയാണ്. ആ ദിവസം ഞങ്ങൾ അങ്ങനെയൊന്ന് ആദ്യം കാണുകയായിരുന്നു. ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്'- മോർഗൻ വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചു. 

ഫാൻ്റസി നോവലിലേതുപോലെയുണ്ട് എന്നുൾപ്പടെ നിരവധി രസകരമായി കമൻ്റുകളിട്ട് ആളുകളും വീഡിയോ ഏറ്റെടുത്തു. ഗ്വാട്ടിമാലയിലെ വളരെ സജീവമായ അഗ്നിപർവതമാണ് വോൾക്കാൻ അകാറ്റെനാംഗോ.