ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് എയർബിഎൻബി ബിസിനസ് നടത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് വ്യക്തമാക്കുകയാണ് എയർബിൻബി ഹോസ്റ്റായ യുവതി. അതിഥികൾ പോയശേഷം താൻ വീട്ടിൽ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് യുവതി വീഡിയോയിൽ പറയുന്നു. വീട് ആകെ വൃത്തികേടാക്കിയിരുന്നുവെന്നും അവിടേക്ക് പ്രവേശിച്ചപ്പോൾതന്നെ ദുർഗന്ധമാണ് അനുഭവപ്പെട്ടതെന്നും യുവതി പറയുന്നു.

To advertise here,

ആ കാഴ്ച്ചകൾ കണ്ട് ഛർദ്ദിക്കാൻ വന്നു. വൃത്തിയാക്കാനാകില്ലെന്ന് പറഞ്ഞ് ക്ലീനിങ് സ്റ്റാഫിലെ രണ്ട് പേർ മടങ്ങിപ്പോയി. വീടിന്റെ ലിവിങ് റൂമിൽ ഒഴിഞ്ഞ കുപ്പികളും ടിഷ്യൂ പേപ്പറുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ബെഡ്‌റൂമിലും ഇത് തന്നെയായിരുന്നു അവസ്ഥയെന്ന് എക്‌സിൽ ചർച്ചയായ വീഡിയോയിൽ യുവതി പറയുന്നു.

ചുവരുകളെല്ലാം വൃത്തികേടാക്കി. അവിടെ ഒട്ടിച്ചിരുന്ന പോസ്റ്ററുകൾപോലും എടുത്തുകൊണ്ടുപോയി.മണിക്കൂറുകളോളം കഠിനധ്വാനം ചെയ്താണ് വീട് പഴയ രൂപത്തിലാക്കിയെടുത്തത്. ദുർഗന്ധം മാറുന്നതിനായി നാല് തവണ തറ കഴുകേണ്ടി വന്നെന്നും യുവതി പറയുന്നു. അതിഥികൾ വാടക വീടുകളെ പാർട്ടി നടത്താൻ മാത്രമുള്ള സ്ഥലമായാണ് കാണുന്നതെന്നും എങ്ങനെ വൃത്തികേടാക്കിയാലും ക്ലീനിങ് സ്റ്റാഫ് ശരിയാക്കിയെടുക്കുമെന്നാണ് ഇവർ കരുതുന്നതെന്നും അവർ വ്യക്തമാക്കുന്നു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇത്തരം പെരുമാറ്റം ഒരിക്കലും അംഗീരിക്കാനാകില്ലെന്നാണ് പലരും കുറിച്ചത്. 'എന്തുകൊണ്ടാണ് ഇതേ ആളുകൾ ദുബായിലും ലണ്ടനിലും പോകുമ്പോൾ നന്നായി പെരുമാറുന്നത്? ഇന്ത്യക്കാർക്ക് നിയമങ്ങളെയും വ്യവസ്ഥകളെയും ഭയമുണ്ടെന്നതാണ് ഒരേയൊരു കാര്യം. ഇവിടെ പോലീസിനെയോ കോടതിയെയും കൈക്കൂലി കൊടുത്ത് സ്വാധീനിക്കാൻ കഴിയുമെന്ന് അവർക്ക് അറിയാം' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.