ബാല്യകാല സുഹൃത്തും ഇതിഹാസ ക്രിക്കറ്റ് താരവുമായ സച്ചിന്‍ തെണ്ടുല്‍ക്കറെ മോശമാക്കുന്ന രീതിയില്‍ പ്രതികരണം നടത്താനിടയായ സാഹചര്യം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. കടുത്ത നിരാശയിലേക്ക് വഴുതി മടുപ്പ് ബാധിച്ചതോടെയാണ് സച്ചിന്‍ തന്നെ സഹായിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞതെന്ന് കാംബ്ലി വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാംബ്ലി. 

To advertise here,

'സത്യത്തില്‍ സച്ചിനാണ് എന്നെ സഹായിച്ചത്. 2009-ല്‍ എല്ലാ പ്രശ്‌നങ്ങളും ഞങ്ങള്‍ സംസാരിച്ച് പരിഹരിച്ചിരുന്നു. 2013-ല്‍ ഹൃദയാഘാതമുണ്ടായ സമയത്ത് രണ്ട് ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. അന്ന് സച്ചിനാണ് എന്നെ സാമ്പത്തികമായി സഹായിച്ചത്. എന്നാലും ചില സമയത്ത് സച്ചിന്‍ സഹായിച്ചില്ലെന്ന തോന്നലുണ്ടാകും. അപ്പോള്‍ മനസാകെ അസ്വസ്ഥമാകും. ബാല്യകാല സുഹൃത്തായതിനാലാണ് അങ്ങനെ തോന്നുന്നത്. അങ്ങനെയൊരു തോന്നല്‍ വരുമ്പോഴൊക്കെ ഞാന്‍ സച്ചിനെ വിളിക്കാറുണ്ട്.' -കാംബ്ലി പറയുന്നു.

രണ്ട് തവണ ഹൃദയാഘാതമുണ്ടായെന്നും അന്ന് ഭാര്യ വല്ലാതെ ഭയന്നുവെന്നും കാംബ്ലി വ്യക്തമാക്കുന്നു. 'രണ്ട് തവണ ഹൃദയാഘാതത്തെ അതിജീവിച്ചവര്‍ എത്ര പേരുണ്ടാകും? പറയൂ. എന്തായാലും ഞാനുണ്ട്. ഒരിക്കല്‍ ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്. ഡ്രൈവിങ്ങിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഞാന്‍ തളര്‍ന്നുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഭാര്യ വല്ലാതെ ഭയപ്പെട്ടിരുന്നു. കണ്ണീരോടെയാണെങ്കിലും കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ ആ സന്ദര്‍ഭം അവര്‍ നന്നായി കൈകാര്യം ചെയ്തു.'-കാംബ്ലി കൂട്ടിച്ചേര്‍ക്കുന്നു. 

ആരോഗ്യപരമായ കാരണങ്ങളാല്‍ ഒരു മാസം മുമ്പ് തളര്‍ന്നുവീണ കാര്യവും കാംബ്ലി വെളിപ്പെടുത്തി. 'മൂത്രത്തില്‍ പഴുപ്പുമൂലം കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മകന്‍ ജീസസ് ക്രിസ്റ്റിയാനോയും 10 വയസുകാരിയായ മകളും ഭാര്യയും ചേര്‍ന്നാണ് എന്നെ താങ്ങി നിര്‍ത്തിയത്. അവര്‍ എല്ലാരീതിയിലും എന്നെ സഹായിക്കുന്നുണ്ട്. എന്റെ മോശം അവസ്ഥയിലും അവര്‍ എനിക്കൊപ്പം നിന്നു. ഇപ്പോള്‍ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടു. എന്നാല്‍ സാമ്പത്തികമായി മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന 30000 രൂപ പെന്‍ഷന്‍ മാത്രമാണ് ഇപ്പോഴത്തെ വരുമാനം.'-കാംബ്ലി പറയുന്നു. 

നിരവധി മുന്‍താരങ്ങള്‍ തന്നെ സഹായിക്കാന്‍ മുന്നോട്ടു വന്നിരുന്നെന്നും കാംബ്ലി കൂട്ടിച്ചേര്‍ത്തു. സുനില്‍ ഗാവസ്‌ക്കര്‍ വിളിച്ചിരുന്നു. ആശുപത്രിയിലായിരുന്നപ്പോള്‍ അജയ് ജഡേജ കാണാന്‍ വന്നിരുന്നു. ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെങ്കില്‍ സഹായിക്കാമെന്ന കപില്‍ ദേവിന്റെ വാഗ്ദാനം സ്വീകരിക്കുന്നു. 14 തവണ ചികിത്സ നടത്തിയെങ്കിലും സാമ്പത്തികമായി ആരെങ്കിലും സഹായിച്ചാല്‍ ഇനിയും അതിന് തയ്യാറാണെന്നും കാംബ്ലി വ്യക്തമാക്കി. 

മദ്യപാനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും കാംബ്ലി തുറന്നുപറഞ്ഞു. കഴിഞ്ഞ ആറ് മാസമായി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല. എല്ലാം അവസാനിപ്പിച്ചു. ഇതൊക്കെ ചെയ്തത് മക്കളെ ഓര്‍ത്താണ്. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. കുടുംബം കൂടെയുള്ള കാലത്തോളം ജീവിതത്തില്‍ തനിക്കൊന്നും പേടിക്കാനില്ലെന്നും കാംബ്ലി കൂട്ടിച്ചേര്‍ത്തു.