ആലത്തൂർ: മദ്യപിച്ചയാൾ ഓടിച്ച വാഹനംമൂലമുള്ള അപകടത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കുണ്ടായാൽ ഇനി വധശ്രമക്കേസ് (308-ാം വകുപ്പ്) വരും. ജില്ലയിലെ പോലീസ് ഹൗസ് ഓഫീസർമാർക്ക് ജില്ലാ പോലീസ് മേധാവി ഈ നിർദേശം നൽകി.

To advertise here,

മദ്യപിച്ചവർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് മറ്റുള്ളവർക്ക് അപകടം സംഭവിക്കുന്നത് വർധിച്ച സാഹചര്യത്തിലാണിത്. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യകേസ് ആലത്തൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.

കാവശ്ശേരി തെന്നിലാപുരം കോരത്തൊടിയിൽ ആഷാദ് (34) നെതിരെയാണ് കേസ്. ശനിയാഴ്ചരാത്രി 9.30-നായിരുന്നു സംഭവം. ആഷാദ് അമിതവേഗത്തിൽ ഓടിച്ച ബൈക്ക് തെന്നിലാപുത്ത് കാൽനടയാത്രക്കാരനായ വാനൂർ അമ്പലപ്പറമ്പ് കലാധരനെ ഇടിച്ചെന്നാണ് കേസ്.

ഇടത് കണങ്കാലിൽ എല്ലുപൊട്ടി ഗുരുതരാവസ്ഥയിലാണ് കലാധരൻ. ആലത്തൂർപോലീസ് ആഷാദിനെ കസ്റ്റഡിയിലെടുത്തു. ആഷാദ് സംഭവസമയം മദ്യലഹരിയിലായിരുന്നെന്ന് ആലത്തൂർപോലീസ് പറഞ്ഞു.