ഇൻഡോർ: മധ്യപ്രദേശിലെ നിലവിലെ എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ ബാല ബച്ചന്റെ മകളും മറ്റു രണ്ടുപേരും വാഹനാപകടത്തിൽ മരിച്ചു. ഇൻഡോറിൽ തേജാജി നഗർ ബൈപ്പാസിന് സമീപം രാലമണ്ഡൽ എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. ബച്ചന്റെ മകൾ പ്രേർണ ബച്ചനും മറ്റു മൂന്നുപേരും സഞ്ചരിച്ച കാർ, ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. സംസ്ഥാന കോൺഗ്രസ് വക്താവ് ആനന്ദ് കസ്‌ലിവാലിന്റെ മകൻ പ്രഖർ കസ്‌ലിവാലും മൻസിന്ദു എന്ന വ്യക്തിയുമാണ് മരിച്ചത്. അനുഷ്‌ക രഥി എന്ന മറ്റൊരു യാത്രക്കാരിയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രഖറിന്റെ ജന്മദിനം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ അഞ്ചേകാലോടെയാണ് അപകടം.

മദ്യലഹരിയിൽ കാറോടിച്ച പ്രഖറിന് നിയന്ത്രണം നഷ്ടമാവുകയും തുടർന്ന് ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നെന്നാണ് വിവരം. ട്രക്കിന്റെ പിൻഭാഗത്താണ് ഇടിച്ചതെന്നാണ് വിവരം. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ്, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. സിവിൽ സർവീസ് പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു പ്രേർണ ബച്ചൻ.