തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റതിന് ശേഷമുള്ള ആദ്യത്തെ വാലന്റൈൻസ് ഡേ ആഘോഷമാക്കി ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും. തികച്ചും സ്വകാര്യമായി ലളിതമായി നടത്തിയ ആഘോഷത്തിന്റെ വീഡിയോ ഇരുവരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.  'നിന്നെയെതിരേൽക്കുമല്ലോ പൗർണ്ണമി പെൺ കൊടി, പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ' എന്ന വരികൾ ആലപിച്ചുക്കൊണ്ടാണ് വിജയ് മാധവ് ദേവികയ്ക്ക് വാലന്റൈൻസ് ഡേ സ്പെഷ്യലാക്കിയത്.

To advertise here,

'കൊള്ളാം, സൂപ്പർ, വളരെക്കാലമായി തനിക്ക് പാട്ട് പാടി തന്നിട്ട്' എന്നു പറഞ്ഞുക്കൊണ്ട് വളരെ സന്തോഷവതിയായി ദേവികയെ വീഡിയോയിൽ കാണാം. തനിക്ക് ഇന്ന് എന്തുക്കൊണ്ടും നല്ല ദിവസമാണല്ലോയെന്നും ദേവിക പറയുന്നു. ഒരാഴ്ചയായി ആകാശത്തായിരുന്നല്ലോ, ഇപ്പോഴാണല്ലോ ഭൂമിയിലിറങ്ങിയതെന്ന് വിജയ് വീഡിയോയിൽ പറയുന്നുണ്ട്.വാലന്റൈൻസ് ഡേ സമ്മാനമായി 'ഓം' എന്നെഴുതിയ മൂക്കുത്തിയാണ് വിജയ് ദേവികയ്ക്ക് സമ്മാനിച്ചത്. 

വീഡിയോയിൽ മകൾ ഓം പരമാത്മായെ വിജയ് കൈയിലെടുത്തിട്ടുണ്ട്. ആരാധകർ ആത്മജയെ വീഡിയോയിൽ കാണാത്തത് അന്വേഷിച്ച് കമന്റുകളുമിട്ടിട്ടുണ്ട്. ഏറെ സന്തോഷത്തോടെ വീണ്ടും ദേവികയെ കണ്ടതിന്റെ സന്തോഷവും പലരും പങ്കുവച്ചിട്ടുണ്ട്.

മകളുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. കുഞ്ഞിന് 'ഓം പരമാത്മാ' എന്നാണ് പേരിട്ടത്. എന്നാൽ വ്യത്യസ്തമായ പേരിനോട് ആളുകൾ പ്രതികരിച്ചത് വളരെ മോശമായ രീതിയിലായിരുന്നു. പേരിന് വലിയ രീതിയിലുള്ള വിമർശനമാണ് നേരിടേണ്ടി വന്നത്. പേരിനെച്ചൊല്ലി റിയാക്ഷൻ വീഡിയോകളും റോസ്റ്റും ട്രോൾ വീഡിയോകളുമൊക്കെ ഇറങ്ങിയിരുന്നു.വിജയിന് നേരെയാണ് കൂടുതലും വിമർശനങ്ങൾ ഉണ്ടായത്. ഇതിനോട് ഇരുവരും പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു. ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് മോശം പറയുമ്പോൾ തനിക്ക് അത് സഹിക്കാനാകില്ലെന്ന് പറഞ്ഞ് വീഡിയോയിൽ ദേവിക പൊട്ടിക്കരയുകയും ചെയ്തിരുന്നു.