നടിയും എഴുത്തുകാരിയും സംവിധായികയുമാണ് മനോജ് ബാജ്പയിക്കൊപ്പം ട്രാഫിക് എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച ദിവ്യ ഉണ്ണി. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയ്‌ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അവർ. അവരുടെ ചിത്രമുള്ള പോസ്റ്ററിലേക്ക് ഒരാൾ തുപ്പുന്ന വീഡിയോ പുറത്തുവന്നതോടെയാണിത്.

To advertise here,

'ആ മതിലിൽ പുരുഷന്മാരായ നിരവധി രാഷ്ട്രീയ നേതാക്കളുടെ പോസ്റ്ററുകൾ ഉണ്ടായിരുന്നെങ്കിലും തുപ്പിയത് ഒരു സ്ത്രീയുടെ മുഖമുള്ള പോസ്റ്ററിലാണ്. ആ പോസ്റ്ററിലുള്ളത് ദിവ്യാ ഉണ്ണി എന്ന സ്ത്രീമാത്രമല്ല. അത് നമ്മുടെ രാജ്യത്തെ സ്ത്രീകളെ പ്രതിനിധീകരിക്കുന്നതാണ്. സംഭവം വിഷമിപ്പിക്കുകയും അസ്വസ്ഥതതപ്പെടുത്തുകയും ചെയ്തു എന്നത് ശരിയാണ്. എന്നാൽ നമ്മുടെ രാജ്യത്ത് കൊച്ചുകുട്ടികൾ മുതൽ 60-70 വയസുള്ള സ്ത്രീകൾ വരെ നേരിടുന്ന അതിക്രമണങ്ങളുമായി താരതമ്യം ചെയ്താൽ ഇത് അതിന്റെയൊന്നും അടുത്തുപോലും എത്തുന്നില്ല. സംഭവിച്ചത് കുറച്ചു പുരുഷന്മാർ പോസ്റ്ററിൽ തുപ്പി എന്നതാണ്. എന്നാൽ ഇന്ത്യയിൽ ഇതൊരു പുതിയ കാര്യമില്ല. നമ്മുടെ രാജ്യത്തു ഭൂരിഭാഗം പുരുഷന്മാർക്കും സ്ത്രീകളോട് ബഹുമാനമില്ല. എന്തിന് സ്ത്രീകളെ അവർ സഹജീവികളായി പോലും കാണുന്നില്ല.' - ദിവ്യ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

ഈ രാജ്യത്തെ സ്ത്രീകൾ നേരിടുന്ന അപമാനവും അതിക്രമങ്ങളും അടിച്ചമർത്തലും താൻ എതിർക്കുമെന്നും അതിനെ ആസ്പദമാക്കി സിനിമ ചെയ്യാൻ ശ്രമിക്കുമെന്നും ദിവ്യ കൂട്ടിച്ചേർത്തു. ട്രാഫിക്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ ദിവ്യ നൂറുകണക്കിന് പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവർ സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ 'ഹെർ ഫസ്റ്റ് ടൈം' ശ്രദ്ധനേടിയിരുന്നു. തുടർന്നു വന്ന ഡാൻസിങ് ക്വീൻ, ഓ റോജർ, കിത്താബ് എന്നീ ഹ്രസ്വചിത്രങ്ങളും വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു.