ടുത്ത അലർജിയെ തുടർന്ന് ജീവനുതുല്യം സ്‌നേഹിച്ച വളർത്തുപൂച്ചയെ ദത്ത് നൽകാൻ നിർബന്ധിതയായിരിക്കുകയാണ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. മൂന്ന് മാസം മുൻപ് ദത്തെടുത്ത 'അസ്‌ലൻ' എന്ന പേർഷ്യൻ പൂച്ചക്കുട്ടിയെയാണ് താരം വീണ്ടും ദത്ത് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അലർജി കടുത്തതോടെ ആരോഗ്യവും മാനസികാവസ്ഥയും മോശമായി. അതോടെ കടുത്ത തീരുമാനത്തിലേക്ക് ശ്രുതി എത്തുകയായിരുന്നു.

To advertise here,

മൂന്ന് മാസം മുൻപാണ് അസ്‌ലനെ ശ്രുതി ഹാസൻ വീട്ടിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ, പൂച്ചക്കുട്ടി വീട്ടിലെത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ ശ്രുതിയുടെ മുഖത്ത് അലർജിയെത്തുടർന്ന് കുരുക്കളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. തുടക്കത്തിൽ മാമ്പഴം അമിതമായി കഴിച്ചതുകൊണ്ടുണ്ടായ മാറ്റങ്ങളാണെന്ന് കരുതിയെങ്കിലും, ഡെർമറ്റോളജിസ്റ്റിനെ കണ്ടപ്പോഴാണ് പൂച്ചയുടെ മുടിയും ഉമിനീരുമാണ് അലർജിക്ക് കാരണമെന്ന് തിരിച്ചറിഞ്ഞത്.

പൂച്ചക്കുട്ടിയെ കൂടെനിർത്താൻ സാധ്യമായ എല്ലാ വഴികളും താരം നോക്കി. മുടി വെട്ടുക, എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക, ഭക്ഷണം മാറ്റുക, ആന്റി-അലർജി മരുന്നുകൾ കഴിക്കുക തുടങ്ങിയവയെല്ലാം ചെയ്‌തെങ്കിലും അലർജി കുറഞ്ഞില്ല. തുടർന്ന് കടുത്ത ഡോസിലുള്ള മരുന്നുകൾ കഴിക്കേണ്ടി വന്നു. അപ്പോഴും പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു താരം.

എന്നാൽ, ചെന്നൈയിൽനിന്ന് മുംബൈയിലെ വീട്ടിൽ തിരിച്ചെത്തിയതോടെ അലർജി വീണ്ടും രൂക്ഷമായി. പൂച്ചയെ കെട്ടിപ്പിടിക്കാനോ സ്‌നേഹിക്കാനോ കഴിയാത്ത അവസ്ഥയും, തൊട്ടതിനുശേഷമെല്ലാം കൈ കഴുകേണ്ട സാഹചര്യവും താരത്തിന്റെ മാനസികാരോഗ്യത്തെയും ജോലിയെയും സാരമായി ബാധിച്ചു. തുടർന്നാണ് അസ്‌ലനെ പരിചരിച്ചിരുന്ന ഫോസ്റ്റർ മദറിനെ വിളിച്ച് വീണ്ടും ദത്ത് നൽകാനുള്ള നടപടികൾ ആരംഭിച്ചത്.

'എന്റെ അലർജി കൊണ്ടാണ് ഇതിന് സാധിക്കാതെ പോയത്. ഇത് പരാജയപ്പെട്ട ഒരു ദത്തെടുക്കലായി കാണരുത്. ഒരു ജീവന് തണലൊരുക്കുക എന്നത് ഏറ്റവും മനോഹരമായ കാര്യമാണ്.' ശ്രുതി കുറിച്ചു. അസ്‌ലനെ സ്‌നേഹത്തോടെ പരിചരിക്കുന്ന മറ്റൊരു നല്ല കുടുംബത്തിലേക്ക് കൈമാറാനുള്ള ശ്രമങ്ങളിലാണ് താനെന്നും, തന്റെ ജീവിതത്തിലെ വിഷമമേറിയ തീരുമാനങ്ങളിൽ ഒന്നാണിതെന്നും ശ്രുതി പറയുന്നു