തെലുങ്കിലെ സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

എന്നാൽ ഇരുവരും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. സ്വകാര്യത ആഗ്രഹിക്കുന്നതിനാൽ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവിടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ചുവപ്പ് സാരിയുടുത്ത ചിത്രം രശ്മിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇത് വിവാഹനിശ്ചയത്തിന് ധരിച്ച സാരിയാണെന്ന തരത്തിൽ അഭ്യൂഹങ്ങളുമുണ്ടായി. എല്ലാവർക്കും ദസറ ആശംസകൾ നേർന്നാണ് രശ്മിക ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ടയെ രശ്മിക ഫോണിൽ വിളിക്കുകയും സംസാരിക്കുന്നതിനിടയിൽ രശ്മികയ്ക്ക് നാണം വരുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ടുപേരും ഒരുമിച്ച് യാത്ര ചെയ്തതിന്റേയും പിറന്നാൾ ആഘോഷിച്ചതിന്റേയുമെല്ലാം ചിത്രങ്ങളും പുറത്തുവന്നിരുന്നു. ന്യൂയോർക്കിൽ നടന്ന 'ഇന്ത്യ ഡേ പരേഡി'ൽ അതിഥികളായെത്തിയ ഇരുവരും കൈകോർത്ത് പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സംവിധായകൻ രാഹുൽ സംകൃത്യന്റെ താത്കാലികമായി 'വിഡി 14' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് ഇരുവരും.