സിനിമകളിലെ രസകരമായ സീനുകൾ അഭിനയിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നടി വിദ്യാ ബാലന്റെ പതിവാണ്. അത്തരത്തിൽ പങ്കുവെക്കുന്ന റീലുകളിൽ ധാരാളം മലയാളം സിനിമകളിലെ രംഗങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പഞ്ചാബി ഹൗസിലെ രമണന്റെ സീനും മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ പൊട്ടിച്ചിരിപ്പിക്കുന്ന രംഗവുമെല്ലാം വിദ്യ അനുകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് പുതിയൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്.

To advertise here,

ഉർവശിയും മീരാ ജാസ്മിനും പ്രധാനവേഷങ്ങളിലെത്തിയ 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിലെ രംഗമാണ് ഇത്തവണ വിദ്യാ ബാലൻ അനുകരിച്ചത്. ചിത്രത്തിൽ ഉർവശി അഭിനയിച്ച, മുറി ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ട് പാചകം ചെയ്യുന്ന രസകരമായ രംഗമാണ് വിദ്യ പുനഃസൃഷ്ടിച്ചത്. രസകരമായ വീഡിയോ വിദ്യാ ബാലൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

'എനിക്ക് ഏറെ ഏറെ ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ ഉർവശി ചേച്ചിയുടെ ഒരു രംഗം. ചേച്ചി എന്നോട് ക്ഷമിക്കണം' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി വിദ്യാ ബാലൻ കുറിച്ചത്. ഒമ്പത് ലക്ഷത്തോളം പേരാണ് ഇതിനകം വിദ്യാ ബാലന്റെ 'കടുകുവറ റീൽ' കണ്ടത്. മലയാളികളും അല്ലാത്തവരുമായി നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റിട്ടു.

'നിങ്ങൾ രണ്ടുപേരും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കണം' എന്നായിരുന്നു സംവിധായിക അഞ്ജലി മേനോന്റെ കമന്റ്. 'മനസിലായത് പൂജ്യം ശതമാനം, വിദ്യാ മാമിന്റെ മനോഹരമായ ഭാവങ്ങൾ 100 ശതമാനം' എന്നാണ് മറ്റൊരാൾ കമന്റിട്ടത്. 'എല്ലാ മലയാളികളുടേയും പ്രിയപ്പെട്ട ഉർവശി ചേച്ചിയുടെ ഡയലോഗ്' എന്ന് ഒരു മലയാളി കമന്റിട്ടു. 'എന്റെ ഏറെ പ്രിയപ്പെട്ട രംഗങ്ങളിലൊന്ന് എന്റെ പ്രിയപ്പെട്ട നടിയായ വിദ്യാ ബാലൻ പുനഃസൃഷ്ടിച്ചു' എന്ന് ഇനിയൊരാൾ കുറിച്ചു.