ഈ ട്രെയിന് വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും യുവതി പറഞ്ഞു

ഈ വർഷം ആദ്യമാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് തുടങ്ങിയത്. വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞനിരക്കിൽ ദീർഘദൂര യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത വന്ദേഭാരത് സ്ലീപ്പർ തുടങ്ങിയത് മുതൽ ഹിറ്റാണ്. ഹൗറ-ഗുവാഹട്ടി റൂട്ടിലാണ് ഇന്ത്യയിൽ ആദ്യമായി വന്ദേഭാരത് സ്ലീപ്പർ ഓടിത്തുടങ്ങിയത്. ഇപ്പോഴിതാ, ആദ്യമായി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ഒരു യുവതി.
രുചി ത്രിവേദി എന്ന യുവതിയാണ് തന്റെ ആദ്യ വന്ദേഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിലൂടെയാണ് തന്റെ അനുഭവം രുചി പറഞ്ഞത്. വീഡിയോ ഇതിനകം വൈറലായി. വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ യാത്ര തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് രുചി വീഡിയോയിൽ പറയുന്നു. കിടിലൻ യാത്രാനുഭവമാണ് തനിക്കുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
'നോക്കൂ, വന്ദേഭാരത് സ്ലീപ്പർ കോച്ചിലാണ് ഞാനിപ്പോൾ ഇരിക്കുന്നത്. സെക്കൻഡ് എസി കോച്ച്. ഈ കർട്ടൻ നോക്കൂ. ബാക്കി കാര്യങ്ങളെല്ലാം നോക്കൂ. എത്ര ഭംഗിയായാണ് സജ്ജീകരിച്ചിരിക്കുന്നത്. ലൈറ്റുകൾ നോക്കൂ. എല്ലാ കാര്യങ്ങളുടേയും നിലവാരം അന്താരാഷ്ട്രതലത്തിലായിരിക്കുന്നു.' -രുചി ത്രിവേദി വീഡിയോയിൽ പറഞ്ഞു.
അതേസമയം ഈ ട്രെയിനിൽ കയറുമ്പോൾ ചില കാര്യങ്ങൾ ഓർക്കണമെന്നും രുചി ഓർമിപ്പിക്കുന്നുണ്ട്. 'ഇതൊരു ഗംഭീര ട്രെയിനാണ്. ഒരു കാര്യം ഞാൻ പറയട്ടെ, ഇതിൽ കയറുമ്പോൾ പൗരബോധം മനസിലുണ്ടാകണം. ഈ ട്രെയിൻ ഇതുപോലെ വൃത്തിയായി സൂക്ഷിക്കണം. അത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്.' -രുചി പറഞ്ഞു.
'ഇന്ത്യയിലെ ഈ പുതുതലമുറ സ്ലീപ്പർ ട്രെയിനിലെ എന്റെ ആദ്യ അനുഭവം. എത്ര ഗംഭീരമായ അനുഭവമായിരുന്നു അത്.' -ഇതാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി യുവതി കുറിച്ചത്. നിരവധി പേരാണ് രുചി ത്രിവേദിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. രുചി ത്രിവേദി പങ്കുവെച്ച യാത്രാനുഭവത്തേക്കാൾ അവർ ഓർമിപ്പിച്ച പൗരബോധത്തിന്റെ കാര്യമാണ് പലരും ഓർമിപ്പിച്ചത്.
'സർക്കാർ ചെയ്യേണ്ടത് ചെയ്തു. ഇനി ഇന്ത്യക്കാർ ഈ ട്രെയിനിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോക്കാം' എന്നാണ് ഒരാൾ കുറിച്ചത്. 'ഈ ട്രെയിനിന്റെ അന്താരാഷ്ട്ര നിലവാരം നിലനിർത്തുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്' എന്നാണ് മറ്റൊരാൾ പറഞ്ഞത്. 'എത്രനല്ല ട്രെയിൻ കിട്ടിയാലും ഇന്ത്യക്കാർക്ക് ട്രെയിൻ വൃത്തിയായി സൂക്ഷിക്കാൻ അറിയില്ല' എന്ന അഭിപ്രായമാണ് ഇനിയൊരാൾ പങ്കുവെച്ചത്.
Content Highlights: A viral Instagram reel by Ruchi Trivedi showcases her first experience traveling in the newly launched Vande Bharat Sleeper train, where she praises its high-quality interiors and emphasizes civic responsibility to maintain cleanliness.
Published: 23 May 2026, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented