സോഷ്യൽ മീഡിയയിൽ വൈറലായി യുഎസ്സിൽ താമസിക്കുന്ന ഇന്ത്യൻ യുവാവിന്റെ വീഡിയോ. തന്റെ വരുമാനത്തെ കുറിച്ചും ചെലവുകളെ കുറിച്ചും വിശദീകരിക്കുന്ന, ന്യൂയോർക്കിൽ നിന്നുള്ള സ്ട്രീറ്റ് ഇന്റർവ്യൂ വീഡിയോയാണ് വൈറലായത്. തന്റെ വാർഷിക വരുമാനം രണ്ടരലക്ഷം ഡോളർ (2.1 കോടി രൂപ) ആണെന്ന് യുവാവ് വീഡിയോയിൽ പറയുന്നു.

To advertise here,

പിയൂഷ് മൂംഗ എന്ന കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്താണ് ജോലി എന്ന് ചോദിച്ചപ്പോൾ ഒരു വയർലെസ് കമ്പനിയിലെ പ്രൊഡക്ട് മാനേജരാണ് എന്നായിരുന്നു ഉത്തരം. പത്ത് വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നുവെന്നും ആറ് വർഷമായി ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് പിയൂഷ്, യുവാവിന്റെ വരുമാനം ഊഹിച്ചു. ഒന്നരലക്ഷം ഡോളർ എന്നായിരുന്നു ഊഹം. അതിൽ കൂടുതലാണെന്ന് യുവാവ് പുഞ്ചിരിയോടെ മറുപടി പറഞ്ഞപ്പോൾ രണ്ട് ലക്ഷം എന്നായി പിയൂഷ്. കൂടുതലാണെന്ന് വീണ്ടും യുവാവ് പറഞ്ഞു. വീഡിയോയുടെ ഒടുവിലാണ് യുവാവിന്റെ വരുമാനം രണ്ടരലക്ഷമാണെന്ന് വെളിപ്പെടുന്നത്.

വരുമാനം കേട്ട് അതിശയിച്ച പിയൂഷ് ഈ പണം കൊണ്ട് എന്താണ് ചെയ്യുന്നത് ചോദിച്ചു. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ജീവിതം ആസ്വദിക്കുന്നുവെന്നാണ് ഇതിന് യുവാവ് മറുപടി നൽകിയത്. കൂടാതെ ഓഹരിവിപണിയിലും റിയൽ എസ്റ്റേറ്റിലും വലിയ നിക്ഷേപങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണോ ചെയ്യുന്നത് അതിനെ ഇഷ്ടപ്പെടുക എന്ന് പുതുതലമുറയ്ക്ക് നൽകുന്ന യുവാവിന്റെ ഉപദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.