പാന്റ്‌സ് ധരിക്കാതെ പൊതുവേദിയില്‍ വരാന്‍ ഭൂരിഭാഗംപേരും ആഗ്രഹിക്കില്ല. ഉള്‍വസ്ത്രം മാത്രം ധരിച്ച് ട്രെയിനിലോ ബസിലോ യാത്ര ചെയ്യുന്നതും ചിന്തിക്കാന്‍ പറ്റില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ കുറേയധികം ആളുകള്‍ പാന്റ്‌സ് ധരിക്കാതെ ലണ്ടനിലെ അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ യാത്ര ചെയ്തു. എല്ലാ വര്‍ഷവും ആഘോഷിക്കുന്ന 'ഒഫീഷ്യല്‍ നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡി'ന്റെ ഭാഗമായിട്ടായിരുന്നു  ഈ വ്യത്യസ്തമായ യാത്ര. 

To advertise here,

മുകള്‍ ഭാഗത്ത് ഷര്‍ട്ടും സ്യൂട്ടും ടീഷര്‍ട്ടും ജാക്കറ്റുമെല്ലാം ധരിച്ചിരുന്നെങ്കിലും താഴ്ഭാഗത്ത് ഉള്‍വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. എക്‌സലേറ്ററില്‍ നിന്നിറങ്ങി പ്ലാറ്റ്‌ഫോമിലേക്ക് നടക്കുന്ന പുരുഷന്‍മാരുടേയും  ട്രെയിനിനുള്ളില്‍ തമാശകള്‍ പങ്കിട്ട് ചിരിക്കുന്ന സ്ത്രീകളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

ഇതിനൊപ്പം ചിലര്‍ ഉള്‍വസ്ത്രത്തിലുള്ള സെല്‍ഫി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.  വിവിധ നിറങ്ങളിലും മോഡലിലുമുള്ള ഉള്‍വസ്ത്രമാണ് എല്ലാവരും തിരഞ്ഞെടുത്തത്. തണുത്തുവിറയ്ക്കുന്ന കാലാവസ്ഥയിലും വസ്ത്രം ധരിക്കാതെയുള്ള ഈ റൈഡിന്റെ ഭാഗമായവരെ അഭിനന്ദിച്ചും നിരവധി പേര്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ന്യൂയോര്‍ക്കില്‍ സാധാരണയായി ആഘോഷിക്കുന്ന 'നോ പാന്റ്‌സ് സബ്‌വേ റൈഡി'ന്റെ മാതൃക പിന്തുടര്‍ന്നാണ് ലണ്ടനിലും യുവാക്കള്‍ ഈ മാതൃക സ്വീകരിച്ചത്. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് റെയിലാണ് ഈ റൈഡ് സംഘടിപ്പിക്കുന്നത്. എപ്പോഴും ഗൗരവമുള്ള കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാതെ തമാശ പങ്കിട്ടും ചിരിച്ചും കൂള്‍ ആയി ജീവിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.