പുതിയ ടോപ്പോ ബ്ലൗസോ ഡ്രസ്സോ വാങ്ങുമ്പോൾ അതിന്റെ ഉൾഭാഗത്ത് രണ്ട് ചെറിയ റിബണുകൾ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സാധാരണയായി തോളിന്റെ ഭാഗത്തോ കഴുത്തിനടുത്തോ ആയിരിക്കും ഇവ തുന്നിച്ചേർത്തിരിക്കുന്നത്. വസ്ത്രം ധരിക്കുമ്പോൾ ചിലപ്പോൾ ഈ റിബണുകൾ പുറത്തേക്ക് കാണുകയും ചെയ്യും. എന്തിനാണ് ഇവ നൽകിയിരിക്കുന്നതെന്ന് അറിയാതെ പലരും കത്രികയെടുത്ത് മുറിച്ചുകളയാറുണ്ട്. എന്നാൽ വെറുതെ ഭംഗിക്കുവേണ്ടി തുന്നിപ്പിടിപ്പിച്ചിരിക്കുന്നതല്ല ഈ ചെറിയ റിബണുകൾ. ഇതിന് കൃത്യമായ ഉപയോഗമുണ്ട്.
എന്തിനാണ് ഈ ചെറിയ റിബണുകൾ?
വസ്ത്രങ്ങൾക്കുള്ളിൽ തുന്നിച്ചേർത്തിരിക്കുന്ന ഈ ചെറിയ റിബണുകളെ 'ഹാങ്ങർ ലൂപ്പുകൾ' എന്നാണ് വിളിക്കുന്നത്. സാറ്റിൻ റിബൺ, ഫാബ്രിക് ടേപ്പ് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ് സാധാരണയായി ഇവ നിർമിക്കുന്നത്.
വസ്ത്രങ്ങൾ ഹാങ്ങറിൽ തൂക്കിയിടുമ്പോൾ അവയ്ക്ക് കൂടുതൽ പിന്തുണ നൽകുകയാണ് ഈ ലൂപ്പുകളുടെ പ്രധാന ഉപയോഗം. പ്രത്യേകിച്ച് സാധാരണ ഹാങ്ങറുകളിൽ കൃത്യമായി നിൽക്കാത്ത വസ്ത്രങ്ങൾക്ക് ഇവ ഏറെ പ്രയോജനപ്പെടും. വസ്ത്രസംരക്ഷണ മാർഗനിർദേശങ്ങളിലും ഇത്തരം ലൂപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. വസ്ത്രത്തിന്റെ ഭാരം കൂടുതൽ തുല്യമായി താങ്ങാൻ സഹായിക്കുന്നതിലൂടെ അതിന്റെ ആകൃതിയിൽ മാറ്റം വരാനുള്ള സാധ്യത കുറയ്ക്കാനുമാണിത്.
ചില വസ്ത്രങ്ങൾ ഹാങ്ങറിൽ തൂക്കിയിടുമ്പോൾ അവയുടെ ഭാരം മുഴുവനും തോളിന്റെ ഭാഗത്തോ കഴുത്തിനടുത്തുള്ള തുണിയിലോ കേന്ദ്രീകരിക്കും. പ്രത്യേകിച്ച് മൃദുവായ തുണികളിൽ നിർമിച്ച വസ്ത്രങ്ങൾ ഇങ്ങനെ സൂക്ഷിക്കുമ്പോൾ വലിഞ്ഞുപോകാനോ ആകൃതിയിൽ മാറ്റം വരാനോ സാധ്യതയുണ്ട്.ഹാങ്ങർ ലൂപ്പുകൾ ഉപയോഗിച്ച് വസ്ത്രം തൂക്കുമ്പോൾ അതിന്റെ ഭാരം താങ്ങാൻ അധിക പിന്തുണ ലഭിക്കുന്നു. ഇതിലൂടെ ചില ഭാഗങ്ങളിൽ മാത്രം അമിതമായ സമ്മർദം ഉണ്ടാകുന്നത് കുറയ്ക്കാൻ സാധിക്കും. അതേസമയം, എല്ലാ വസ്ത്രങ്ങളുടെയും ഭാരം ഈ ചെറിയ റിബണുകൾക്ക് താങ്ങാനാകണമെന്നില്ല. ഭാരമേറിയ ഗൗണുകൾക്കും പ്രത്യേക രീതിയിൽ തുന്നിയ വസ്ത്രങ്ങൾക്കും അനുയോജ്യമായ ഹാങ്ങറുകളോ മറ്റ് സൂക്ഷിപ്പുരീതികളോ ആവശ്യമായി വന്നേക്കാം.
തോളിന്റെ ഭാഗത്ത് തന്നെ റിബൺ തുന്നുന്നത് എന്തിന്?
മിക്ക വസ്ത്രങ്ങളിലും തോളിന്റെ തുന്നലിനടുത്തോ കഴുത്തിന്റെ ഉൾഭാഗത്തോ ആണ് ഹാങ്ങർ ലൂപ്പുകൾ കാണപ്പെടുന്നത്. ഇതിന് പ്രത്യേക കാരണമുണ്ട്.ഈ ഭാഗങ്ങളിൽ ലൂപ്പുകൾ തുന്നിച്ചേർക്കുമ്പോൾ വസ്ത്രം കൂടുതൽ സന്തുലിതമായി തൂക്കിയിടാൻ സാധിക്കും. കഴുത്തിന്റെ ഭാഗം വീതിയേറിയ വസ്ത്രങ്ങൾ സാധാരണ ഹാങ്ങറിൽ നിന്ന് വഴുതിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം വസ്ത്രങ്ങൾ ഹാങ്ങറിൽ ഉറപ്പിച്ചുനിർത്താനും റിബണുകൾ സഹായിക്കും.ചില വസ്ത്രങ്ങളിൽ രണ്ട് തോളുകളിലുമായി ഓരോ ലൂപ്പ് വീതമുണ്ടാകും. മറ്റുചിലതിൽ കഴുത്തിന്റെ പിൻഭാഗത്തായി ഒരു ലൂപ്പ് മാത്രമായിരിക്കും ഉണ്ടാകുക.ധരിക്കുമ്പോൾ പുറത്തേക്ക് കാണാത്തവിധത്തിലാണ് സാധാരണയായി ഇവ തുന്നിച്ചേർക്കുന്നത്.
ഏതൊക്കെ വസ്ത്രങ്ങൾക്കാണ് കൂടുതൽ പ്രയോജനം?
സിൽക്ക്, സാറ്റിൻ തുടങ്ങിയ മിനുസമുള്ള തുണികളിൽ നിർമിച്ച ടോപ്പുകൾ സാധാരണ ഹാങ്ങറുകളിൽ നിന്ന് എളുപ്പത്തിൽ വഴുതിവീഴാം. ഇത്തരം വസ്ത്രങ്ങൾ ഉറപ്പിച്ചുനിർത്താൻ ഹാങ്ങർ ലൂപ്പുകൾ സഹായിക്കും.കഴുത്തിന്റെ ഭാഗം വീതിയേറിയ ഡ്രസ്സുകൾക്കും ഇവ പ്രയോജനകരമാണ്. ഹാങ്ങറിൽ തൂക്കുമ്പോൾ വസ്ത്രം തെന്നിമാറുന്നതും താഴേക്ക് വീഴുന്നതും ഒഴിവാക്കാൻ സാധിക്കും. ഭാരം കുറഞ്ഞ ബ്ലൗസുകൾ, പാർട്ടി വെയർ ഡ്രസ്സുകൾ, പ്രത്യേക അവസരങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങൾ എന്നിവയിലും ഇത്തരം ലൂപ്പുകൾ കാണാറുണ്ട്. ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ വസ്ത്രങ്ങളിൽ അനാവശ്യ ചുളിവുകളും ആകൃതിവ്യത്യാസങ്ങളും ഉണ്ടാകുന്നത് കുറയ്ക്കാൻ ഇവ സഹായിക്കും.
റിബണുകൾ മുറിച്ചുകളയാമോ?
വസ്ത്രത്തിനുള്ളിലെ റിബണുകൾ മുറിച്ചുകളയണോ വേണ്ടയോ എന്നത് അവ എങ്ങനെ സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.ഡ്രസ്സുകളും ടോപ്പുകളും പതിവായി ഹാങ്ങറിൽ തൂക്കിയിടുന്നവരാണെങ്കിൽ റിബണുകൾ നിലനിർത്തുന്നതാണ് നല്ലത്. വസ്ത്രം വഴുതിവീഴാതിരിക്കാനും ശരിയായ രീതിയിൽ തൂക്കിയിടാനും ഇവ സഹായിച്ചേക്കാം.എന്നാൽ വസ്ത്രം ധരിക്കുമ്പോൾ റിബണുകൾ പുറത്തേക്ക് കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ അവ അകത്തേക്ക് ഒതുക്കിവയ്ക്കാം. ആവശ്യമില്ലെങ്കിൽ ശ്രദ്ധയോടെ നീക്കം ചെയ്യുകയും ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ വസ്ത്രത്തിന്റെ തുന്നലിനോ ഉൾഭാഗത്തെ ലൈനിങ്ങിനോ കേടുപാടുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.വിലകൂടിയതോ അതിലോലമായതോ ആയ വസ്ത്രങ്ങൾ സൂക്ഷിക്കുമ്പോൾ അവയുടെ കെയർ ലേബലിലെ നിർദേശങ്ങൾ പാലിക്കുന്നതാണ് നല്ലത്. ചില വസ്ത്രങ്ങൾ ഹാങ്ങറിൽ തൂക്കുന്നതിനെക്കാൾ മടക്കിവയ്ക്കുന്നതായിരിക്കും അനുയോജ്യം.
വലിയ ഉപയോഗം
വസ്ത്രങ്ങൾ മനോഹരമായി നിലനിർത്തുന്നതിൽ അവ എങ്ങനെ സൂക്ഷിക്കുന്നു എന്നതിനും വലിയ പങ്കുണ്ട്. തെറ്റായ രീതിയിൽ ഹാങ്ങറിൽ തൂക്കിയിടുന്നത് ചില വസ്ത്രങ്ങളുടെ ആകൃതി നഷ്ടപ്പെടാൻ കാരണമാകാം.അതിനാൽ അടുത്ത തവണ പുതിയ ഡ്രസ്സിനുള്ളിൽ ചെറിയ റിബണുകൾ കണ്ടാൽ ഉപയോഗശൂന്യമായ തുണിക്കഷണങ്ങളാണെന്ന് കരുതി മുറിച്ചുകളയേണ്ട. വസ്ത്രം ഹാങ്ങറിൽ സുരക്ഷിതമായി സൂക്ഷിക്കാനും അതിന്റെ ആകൃതി നിലനിർത്താനും സഹായിക്കുന്ന ഒന്നാണത്.
Content Highlights: Small ribbons inside clothes are known as hanger loops., They help distribute the weight of the garment evenly on a hanger., Prevent delicate fabrics like silk and satin from slipping off hangers., Keep clothes in proper shape and prevent stretching at the shoulders., Can be tucked in or carefully removed if they cause discomfort while wearing.
Published: 17 Oct 2026, 09:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented