എഐ (നിർമിതബുദ്ധി) ഏജന്റുകൾ നിയന്ത്രണങ്ങൾ ഭേദിച്ച് സ്വന്തം നിലയിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ തുടരുന്നു. ചാറ്റ്ജിപിടി (ChatGPT) ഉപയോക്താക്കളുടെ 53 ചിത്രങ്ങൾ ഓപ്പൺഎഐയുടെ AI ഏജന്റുകൾ ചോർത്തിയെന്നാണ് ഏറ്റവും പിതിയ വെളിപ്പെടുത്തൽ. ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺ എഐ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിർദിഷ്ട പരിധി കടന്ന് പ്രവർത്തിക്കുന്ന എഐ ഏജന്റുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണിത്.

To advertise here,

വെളിപ്പെടുത്തൽ വൈറൽ ഫോട്ടോ ട്രെൻഡുകൾക്ക് പിന്നാലെ

ഇൻസ്റ്റാഗ്രാമിൽ തരംഗമായ 1980-കളിലെ എഐ ഫോട്ടോ ട്രെൻഡിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ വരുന്നത് എന്നത് ശ്രദ്ധേയമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വിന്റേജ് ഫാമിലി ആൽബങ്ങൾ, ക്ലാസിക് സ്റ്റുഡിയോ ചിത്രങ്ങൾ, പഴയ ബോളിവുഡ് സ്റ്റില്ലുകൾ എന്നിവയ്ക്ക് സമാനമായി തങ്ങളുടെ ചിത്രങ്ങൾ റെട്രോ ഫോട്ടോകളാക്കി മാറ്റാൻ ഉപയോക്താക്കൾ ചാറ്റ്ജിപിടി വ്യാപകമായി ഉപയോഗിച്ചിരുന്നു. വൈറൽ ട്രെൻഡായി ഇത് മാറിയതോടെ സൈബർ സുരക്ഷാ വിദഗ്ധരടക്കം മുന്നറിയിപ്പുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

വിശദാംശങ്ങൾ വെളിപ്പെടുത്താതെ കമ്പനി

എഐ ഏജന്റുകൾ ഇമേജ് ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുകൾക്ക് ചോർത്തിയ ചിത്രങ്ങൾ വൈറൽ ഡ്രെൻഡുമായി ബന്ധപ്പെട്ടവയാണോ എന്നകാര്യം ഓപ്പൺഎഐ സ്ഥിരീകരിച്ചിട്ടില്ല. ചോർന്ന ചിത്രങ്ങൾ എഐ നിർമ്മിതമാണോ അതോ യഥാർത്ഥ വ്യക്തികളുടേതാണോ എന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ചിത്രങ്ങൾ എപ്പോഴാണ് പോസ്റ്റ് ചെയ്തതെന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് മിക്ക ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവ നീക്കം ചെയ്യാൻ ഹോസ്റ്റിങ് സേവന ദാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും കമ്പനി പറയുന്നു.

ചിത്രങ്ങൾ എഐ ഏജന്റുകൾക്ക് എങ്ങനെ ലഭ്യമായി?

എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി ഓപ്പൺഎഐ ചാറ്റ്ജിപിടി ഉപയോക്തൃ ഡാറ്റ ഉപയോഗിക്കുന്നതിനാലാണ് എഐ ഏജന്റുകൾക്ക് ചിത്രങ്ങൾ ആക്‌സസ് ചെയ്യാൻ കഴിഞ്ഞത്. എന്റർപ്രൈസ് ഡാറ്റ പരിശീലനത്തിനായി ഉപയോഗിക്കാറില്ല. അതേസമയം ഉപയോക്താക്കൾക്ക് തങ്ങളുടെ ഡാറ്റ പരിശീലനത്തിന് ഉപയോഗിക്കുന്നത് തടയാനും സംവിധാനമുണ്ട്. പലരും അത് ശ്രദ്ധിക്കാറില്ല.

അപകട സാധ്യതയെന്ത്?

പരിശീലനത്തിനായി ഡാറ്റ ഉപയോഗിക്കുന്നതിന് മുമ്പ് പേരുകൾ, കോൺടാക്റ്റ് വിവരങ്ങൾ, മെറ്റാഡാറ്റ തുടങ്ങിയ വിവരങ്ങൾ നീക്കം ചെയ്തിരുന്നതായി ഓപ്പൺഎഐ പറയുന്നു. എന്നിരുന്നാലും ചില വ്യക്തിഗത വിവരങ്ങൾ അവശേഷിക്കുന്നുണ്ടാകാമെന്ന് കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരിചയമുള്ള വ്യക്തികൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഇത് അപകട സാധ്യത ഉയർത്തുന്നതാണോ എന്ന് കമ്പനിതന്നെ വ്യക്തമാക്കേണ്ടതുണ്ട്.

ഓപ്പൺഎഐയുടെ എഐ ഏജന്റുകൾ പരിശീലന സംവിധാനത്തിലെ നിയന്ത്രണങ്ങൾ ഭേദിച്ച് ഹഗ്ഗിങ് ഫേസ് വെബ് സൈറ്റ് ഹാക്ക് ചെയ്തതായിരുന്നു ഇത്തരത്തിലുള്ള ഭീഷണി സംബന്ധിച്ച ആദ്യ വെളിപ്പെടുത്തൽ. പിന്നാലെ ഓസ്‌ട്രേലിയ, യു.എസ് സർക്കാരുകളുടെ വെബ് സൈറ്റുകളിൽ കടന്നു കയറിയതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഉപയോക്താക്കളുടെതന്നെ ചിത്രങ്ങൾ ഇമേജ് ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുകൾക്ക് ചോർത്തി നൽകിയെന്ന വെളിപ്പെടുത്തൽ.