ഗായകൻ ഉദിത് നാരായണൻ വീണ്ടും വിവാദത്തിൽ. ഉദിത് നാരായണിനെതിരെ ആദ്യ ഭാര്യ രഞ്ജന ബിഹാറിലെ സുപൗളിലെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തന്റെ അറിവില്ലാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്നും ഇത് ക്രിമിനൽ ഗൂഢാലോചനയാണെന്നും പരാതിയിൽ രഞ്ജന പറയുന്നു. ഉദിത് നാരായണനും അദ്ദേഹത്തിന്റെ രണ്ട് സഹോദരൻമാരും ഇപ്പോഴത്തെ ഭാര്യയും ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അവർ ആരോപിക്കുന്നു.
അഭിഭാഷകൻ കരുണകാന്ത് ഷായ്‌ക്കൊപ്പമാണ് രഞ്ജന പോലീസ് സ്‌റ്റേഷനിലെത്തിയത്. 1984 ഡിസംബർ ഏഴിന് ഹിന്ദു ആചാരപ്രകാരം ഉദിത് നാരായണനെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു. തൊട്ടടുത്ത വർഷം അദ്ദേഹം കരിയറിൽ ഉയർച്ച തേടി മുംബൈയിലേക്ക് പോയെന്നും ഈ സമയത്ത് അദ്ദേഹം ദീപ നാരായണ എന്ന സ്ത്രീയെ വിവാഹം ചെയ്‌തെന്നും രഞ്ജന വ്യക്തമാക്കുന്നു. മാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത താൻ അറിഞ്ഞതെന്നും ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഉദിത് നാരായണൻ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും അവർ ആരോപിക്കുന്നു.
ചികിത്സയ്ക്കാണെന്ന്പറഞ്ഞ് 1996-ൽ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ഉദിതും സഹോദരന്മാരായ സഞ്ജയ് കുമാർ ഷായും ലളിത് നാരായൺ ഷായും ചേർന്നാണ് കൊണ്ടുപോയത്. അവിടെ വെച്ച് തന്റെ സമ്മതമില്ലാതെ ഗർഭപാത്രം നീക്കം ചെയ്‌തെന്നും അവർ ആരോപിച്ചു. അന്ന് ദീപ നാരായണും ആശുപത്രിയിൽ ഉണ്ടായിരുന്നതായി രഞ്ജന പരാതിയിൽ പറയുന്നു.
2006ൽ മുംബൈ സന്ദർശിച്ചപ്പോൾ ഉദിതും ദീപയും തന്നെ ഉപദ്രവിച്ചെന്നും അവരുടെ വീട്ടിൽ പ്രവേശിപ്പിച്ചില്ലെന്നും രഞ്ജന പറഞ്ഞു. പിന്നീട് നേപ്പാളിലെ അവരുടെ വീട്ടിൽ പോയപ്പോൾ അപമാനിക്കുകയും ഓടിച്ചുവിടുകയും ചെയ്തതായും അന്നുമുതൽ സ്വന്തം വീട്ടിലാണ് താമസമെന്നും അവർ വ്യക്തമാക്കുന്നു.
മുമ്പ് സുപൗളിലെ കുടുംബ കോടതിയിലും വനിതാ കമ്മീഷനിലും പരാതി നൽകിയിരുന്നതായും അവിടെ ഉദിത് തന്നെ ഭാര്യയായി അംഗീകരിക്കുകയും ഒത്തുതീർപ്പ് കരാർ സമർപ്പിക്കുകയും ചെയ്തതായും രഞ്ജന പറഞ്ഞു. എന്നാൽ അദ്ദേഹം വാക്കുപാലിച്ചില്ലെന്നും ബഹുമാനമോ പിന്തുണയോ നൽകിയില്ലെന്നും അവർ ആരോപിച്ചു. പിന്നീട് അസുഖം വന്നപ്പോൾ നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് ഗർഭപാത്രം നീക്കം ചെയ്തത് താൻ കണ്ടെത്തിയതെന്നും അവർ പറയുന്നു.
പരാതിയിൽ പറയുന്ന സംഭവങ്ങൾ ഏകദേശം മൂന്ന് പതിറ്റാണ്ട് മുൻപുള്ളതാണെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും സുപൗളിലെ വനിതാ പോലീസ് സ്റ്റേഷനിലെ ചുമതലയുള്ള ഉദ്യോഗസ്ഥയായ അഞ്ജു തിവാരി വ്യക്തമാക്കി.
Content Highlights: udit narayans first wife claims singer got her uterus removed without consent
Published: 11 Feb 2026, 10:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented