പുറമേ സന്തോഷവാനായി കാണപ്പെടുന്ന ഒരാൾ ഉള്ളിൽ വലിയ മാനസിക സമ്മർദവും ആശങ്കയും ഒറ്റപ്പെടലും അനുഭവിക്കുന്നുണ്ടാകാം. പലപ്പോഴും പങ്കാളിയോടുപോലും പുരുഷന്മാർ തങ്ങളുടെ വിഷമങ്ങൾ തുറന്നുപറയാൻ മടിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന് പിന്നിൽ കുട്ടിക്കാലം മുതൽ സമൂഹം അവരിൽ വളർത്തിയെടുക്കുന്ന ചില ധാരണകൾക്കും പങ്കുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യകരമായ ബന്ധങ്ങളിൽ പോലും സ്വന്തം വികാരങ്ങൾ പങ്കുവയ്ക്കാൻ പുരുഷന്മാർക്ക് ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. പുരുഷന്മാർക്ക് വികാരങ്ങളില്ലാത്തതുകൊണ്ടല്ല ഇത്. മറിച്ച്, അവ പ്രകടിപ്പിക്കുന്നത് ബലഹീനതയാണെന്ന ചിന്ത ചെറുപ്പം മുതൽ അവരിൽ വളർത്തിയെടുക്കുന്നതുകൊണ്ടാണ്.
ആൺകുട്ടികൾ കരയാൻ പാടില്ല
കുട്ടിക്കാലം മുതൽ ആൺകുട്ടികൾ കേട്ടുവളരുന്ന ചില വാക്കുകളുണ്ട്. 'നീ ആൺകുട്ടിയാണ്, കരയരുത്', 'എന്തിനും ധൈര്യമായിരിക്കണം', 'കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം' തുടങ്ങിയ നിർദേശങ്ങൾ. കാലക്രമേണ ഇത്തരം വാക്കുകൾ അവരുടെ ചിന്താഗതിയുടെ ഭാഗമായി മാറുന്നു. സങ്കടം പ്രകടിപ്പിക്കുന്നതും പേടി തുറന്നുപറയുന്നതും ദുർബലതയുടെ ലക്ഷണമാണെന്ന് അവർ വിശ്വസിച്ചുതുടങ്ങുന്നു.17 വർഷമായി ദമ്പതികളുമായും കുടുംബങ്ങളുമായും പ്രവർത്തിക്കുന്നതിനിടെ പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ച് വികാരങ്ങൾ പ്രകടിപ്പിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്ന് റിലേഷൻഷിപ്പ് വിദഗ്ധയായ ശല്ലു ചൗള പറയുന്നു. ഇതിന് പിന്നിൽ കുട്ടിക്കാലത്തെ സാമൂഹിക പരിശീലനത്തിന് വലിയ പങ്കുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ ചിന്താഗതി വളരുമ്പോൾ സ്വന്തം പങ്കാളിയോട് പോലും മനസ്സുതുറക്കാൻ പുരുഷന്മാർ മടിക്കുന്നു. കരഞ്ഞാൽ, പേടി തുറന്നുപറഞ്ഞാൽ, താൻ മാനസികമായി തളർന്നിരിക്കുകയാണെന്ന് സമ്മതിച്ചാൽ പങ്കാളി തന്നെ ദുർബലനായി കാണുമോ എന്ന ഭയം അവർക്കുണ്ടാകാം. പങ്കാളിയുടെ ബഹുമാനം നഷ്ടപ്പെടുമെന്ന ആശങ്കയും ചിലപ്പോൾ ഈ മൗനത്തിന് കാരണമാകുന്നു. ഈഗോയും ഇതിന് തടസ്സമാകാറുണ്ട്.
ഉള്ളിൽ വിഷമം, പുറമേ എല്ലാം ഓക്കെയെന്ന് നടിക്കും
ജോലിക്ക് പോകുന്നു, കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നു, ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നു, എല്ലാവരോടും സാധാരണപോലെ പെരുമാറുന്നു. എന്നാൽ ഇതിനിടയിൽ അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ മറ്റാരും അറിയണമെന്നില്ല.സമ്മർദം, അരക്ഷിതാവസ്ഥ, ഏകാന്തത, മാനസിക വേദന തുടങ്ങിയവ ഉള്ളിലൊതുക്കി മുന്നോട്ടുപോകുന്ന നിരവധി പുരുഷന്മാരുണ്ടെന്ന് ശല്ലു ചൗള ചൂണ്ടിക്കാട്ടുന്നു.തങ്ങളുടെ പ്രശ്‌നങ്ങൾ പങ്കാളിയോട് പറഞ്ഞാൽ അവർക്കും വിഷമമുണ്ടാകുമോ, പങ്കാളിയുടെ മുന്നിലുള്ള സ്വന്തം പ്രതിച്ഛായ മാറുമോ, കഴിവില്ലാത്തവനായി തോന്നുമോ തുടങ്ങിയ ചിന്തകളും പുരുഷന്മാരെ പിന്തിരിപ്പിക്കാം. ചിലർക്ക് തങ്ങളുടെ വിഷമങ്ങൾ തുറന്നുപറയുമ്പോൾ വിമർശനമോ അനാവശ്യ ഉപദേശങ്ങളോ വഴക്കുകളോ നേരിടേണ്ടിവരുമെന്ന ഭയവുമുണ്ടാകാമെന്ന് കൗൺസലിങ് സൈക്കോളജിസ്റ്റായ അഞ്ജലി ഗുലാത്തി പറയുന്നു.
ബന്ധങ്ങളിൽ അകലം സൃഷ്ടിക്കുമ്പോൾ
പങ്കാളികൾക്കിടയിലെ ഈ വൈകാരിക അകലം പലപ്പോഴും തെറ്റിദ്ധാരണകൾക്ക് വഴിയൊരുക്കുന്നു. ഭർത്താവ് തന്നോട് ഒന്നും തുറന്നുപറയുന്നില്ലെന്നും മനസ്സിലുള്ള കാര്യങ്ങൾ മറച്ചുവയ്ക്കുകയാണെന്നും ഭാര്യയ്ക്ക് തോന്നാം. എന്നാൽ എന്താണ് ഉള്ളിലുള്ള വിഷമമെന്ന് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരിക്കാം ഭർത്താവ്.ഒരു ബന്ധത്തിൽ ഒരാൾ മാത്രം വൈകാരികമായി തുറന്നുപെരുമാറണമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് ശല്ലു ചൗള പറയുന്നു. പുരുഷന്മാർക്കും സങ്കടപ്പെടാനും കരയാനും പേടിക്കാനും അരക്ഷിതാവസ്ഥ അനുഭവിക്കാനും ഉത്കണ്ഠ തോന്നാനുമുള്ള അവകാശമുണ്ട്. എല്ലായ്‌പ്പോഴും ശക്തനായിരിക്കണമെന്നോ വിഷമങ്ങൾ മറച്ചുവയ്ക്കണമെന്നോ ഇല്ലെന്നും അവർ ഓർമിപ്പിക്കുന്നു.
ചെയ്യേണ്ടത്
വികാരങ്ങൾ തുറന്നുപറയുക എന്നത് അനുഭവങ്ങളിലൂടെയും സുരക്ഷിതമായ സാഹചര്യങ്ങളിലൂടെയും സ്വീകാര്യതയിലൂടെയും വളർത്തിയെടുക്കേണ്ട ഒരു കഴിവാണെന്ന് അഞ്ജലി ഗുലാത്തി പറയുന്നു.
ഇതിനായി പങ്കാളികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
*പങ്കാളി വിഷമം തുറന്നുപറയുമ്പോൾ ഉടൻ പരിഹാരം നിർദേശിക്കാൻ ശ്രമിക്കാതെ ആദ്യം ശ്രദ്ധിച്ചുകേൾക്കുക.
* അയാളുടെ വികാരങ്ങളെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്.
*സംസാരിക്കാൻ മടിക്കുന്നുണ്ടെങ്കിൽ നിർബന്ധിക്കാതെ സമയം നൽകുക.
*വിമർശനഭയമില്ലാതെ മനസ്സിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക.
* പ്രശ്‌നങ്ങൾ തുറന്നുപറയുന്നത് ബലഹീനതയല്ലെന്നും പരസ്പര വിശ്വാസത്തിന്റെ ഭാഗമാണെന്നും മനസ്സിലാക്കുക.
Content Highlights: Men often hide stress and sadness due to societal conditioning from childhood., Expressing vulnerability is incorrectly viewed as a sign of weakness., Fear of losing respect or facing criticism stops men from opening up to partners., Creating a safe, non-judgmental space helps improve emotional intimacy in relationships.
Published: 12 Nov 2026, 09:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented