ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന ഇന്ന് അമ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമ, എഴുത്ത്, ഇന്റീരിയർ ഡിസൈനിങ് എന്നുതുടങ്ങി പലമേഖലകളിലും കഴിവ് പ്രകടിപ്പിച്ച ട്വിങ്കിൾ തിരക്കുകൾക്കിടയിലും ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല. അമ്പതുകളിലും യുവത്വം കാത്തുസൂക്ഷിക്കുന്നതിനേക്കുറിച്ച് ട്വിങ്കിൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുകയാണ്.
ചൂടുവെള്ളം കുടിച്ചാണ് തന്റെ ഒരുദിവസം തുടങ്ങുന്നതെന്നാണ് നേരത്തേ വോഗിന് നൽകിയ അഭിമുഖത്തിൽ ട്വിങ്കിൾ പറഞ്ഞത്. ശേഷം മെഡിറ്റേറ്റ് ചെയ്യും. പ്രശ്നങ്ങളെ നിസ്സാരമായി കാണുക എന്നതാണ് തന്റെ രീതിയെന്നും ട്വിങ്കിൾ പറഞ്ഞിട്ടുണ്ട്.
ഫിറ്റ്നസിൽ തൽപരയാണെങ്കിലും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നത് ട്വിങ്കിളിന് അത്ര ഇഷ്ടമുള്ള കാര്യമല്ല. മണിക്കൂറുകളോളം ഇരുന്ന് എഴുതുന്നത് കാലിൽ നീരുവരാൻ കാരണമാവാറുണ്ട്. ഇതിനെ പരമാവധി നടന്ന് മറികടക്കുകയാണ് ചെയ്യാറുള്ളതെന്ന് ട്വിങ്കിൾ പറയുന്നു. കഴിയുന്നത്ര നടക്കും, ജിം എന്നെ ബോറടിപ്പിക്കും. അതുകൊണ്ട് കൂടുതൽ തിരഞ്ഞെടുക്കാറുള്ളത് നടക്കലാണ്- ട്വിങ്കിൾ പറയുന്നു.
ഭക്ഷണത്തിന്റെ കാര്യത്തിൽ കടുത്തചിട്ടകൾ പാലിക്കാറില്ലെന്നും ട്വിങ്കിൾ പറയുന്നുണ്ട്. ഭക്ഷണങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുത്തുന്നതിനുപകരം സമീകൃതാഹാരം കഴിക്കാനാണ് ശ്രമിക്കാറുള്ളത്. പോപ്കോണിന് പകരം മഖാനയും ആട്ടകൊണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോൾ പരമാവധി പച്ചക്കറി ചേർക്കുകയുമൊക്കെ ചെയ്യും.
ആർത്തവവിരാമത്തിന് മുമ്പുള്ള പെരിമെനോപാസിലൂടെ കടന്നുപോകുന്നതിനാൽ വണ്ണംകുറയ്ക്കാൻ പ്രയാസപ്പെടുന്നതിനേക്കുറിച്ചും ട്വിങ്കിൾ പറയുന്നുണ്ട്. ആദ്യമൊക്കെ എന്തുകൊണ്ട് വണ്ണംകുറയാത്തത് എന്ന് ചിന്തിച്ചുവെങ്കിലും പിന്നീട് പെരിമെനോപോസ് ആവാം കാരണമെന്ന് മനസ്സിലായി. പിന്നാലെ വെയ്റ്റ് ട്രെയിനിങ് തുടങ്ങിയെന്നും വർക്കൗട്ടിൽ സത്യസന്ധതയും സ്ഥിരതയുമാണ് പ്രധാനമെന്നും ട്വിങ്കിൾ കൂട്ടിച്ചേർക്കുന്നു.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
- ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: Bollywood star Twinkle Khanna turns 52! Discover her unique fitness routine, diet tips, a
Published: 29 Dec 2025, 02:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented