മിഴകത്തെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. പൂർണഗർഭിണിയായ ഒരു യുവതിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ നിന്ന് താഴെയിറങ്ങുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ വീഡിയോയാണ് അത്. ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലിയുടെ അപ്പോയിന്റ്‌മെന്റ് ലെറ്റർ കൈമാറുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. വിജയ് ചെയ്തതിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

To advertise here,

ചെന്നൈയിലെ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. തമിഴ്‌നാട് പിഎസ്‌സി മുഖേനെ വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർഥികൾക്കാണ് അപ്പോയിന്റ്‌മെന്റ് കൈമാറിയത്. 383 അസിസ്റ്റന്റ് എൻജിനീയർമാരേയും (ഇലക്ട്രിക്കൽ) 18 അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർമാരേയുമാണ് പുതുതായി നിയമിച്ചത്.

അക്കൂട്ടത്തിൽ പെട്ടയാളായിരുന്നു അക്ഷയാ ലക്ഷ്മിയും. പൂർണഗർഭിണിയായിരിക്കെയാണ് അക്ഷയയ്ക്ക് ജോലി ലഭിച്ചത്. അപ്പോയിന്റ്‌മെന്റ് ലെറ്റർ ഏറ്റുവാങ്ങാനായി അക്ഷയാ ലക്ഷ്മിയെ വേദിയിലേക്ക് വിളിച്ചപ്പോഴാണ് അവർ ഗർഭിണിയാണെന്ന കാര്യം വിജയ് ശ്രദ്ധിച്ചത്. പ്രസവത്തിന് ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. അക്ഷയയ്ക്ക് പടി കയറി സ്റ്റേജിലെത്താൻ ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കിയതോടെ പ്രോട്ടോക്കോൾ ലംഘിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. 

വേദിയിൽ നിന്ന് പടികളിറങ്ങി സദസ്സിലെത്തിയ വിജയ്, അക്ഷയാ ലക്ഷ്മിക്ക് അപ്പോയിന്റ് ലെറ്റർ കൈമാറുകയായിരുന്നു. അക്ഷയയ്ക്ക് എല്ലാവിധ ആശംസകളും നേർന്ന വിജയ്, സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകാൻ കഴിയട്ടെയെന്നും ആശംസിച്ചു. വലിയ കൈയടിയാണ് വിജയ്‌യുടെ പ്രവൃത്തിക്ക് സദസ്സിൽ നിന്ന് ലഭിച്ചത്.