ആലപ്പുഴ: 'നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നൽകുന്നതിന് അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങൾ നിർമിക്കുക'. ബൈബിൾ പഴയനിയമം പുറപ്പാട് പുസ്തകത്തിന്റെ 28-ാം അധ്യായത്തിൽ പുരോഹിതവസ്ത്രങ്ങളെക്കുറിച്ച് മോശയോടു ദൈവം കൽപ്പിച്ചതുപോല കുട്ടനാട്ടുകാരിയായ ടിറ്റിയോട് അതു പറഞ്ഞത് ഒരു സുഹൃത്താണ്. പത്താംക്ലാസിനുശേഷം തയ്യൽ പഠിച്ച കാലം. ആദ്യമൊക്കെ ടിറ്റി തയ്ച്ചിരുന്നത് സാധാരണ വസ്ത്രങ്ങളായിരുന്നു. ഒരു വൈദികന്റെ ളോഹ തുന്നാൻ സുഹൃത്താണ് ആവശ്യപ്പെട്ടത്. അതു വേറിട്ട തുടക്കമായി. ഇപ്പോൾ വെളിയനാട് കുന്നങ്കരി പുത്തൻകളത്തിൽ ടിറ്റി ബിജോയ്ക്ക് തിരുവസ്ത്രങ്ങൾ തയ്ക്കുന്നതിൽ വിശ്രമമില്ല.

To advertise here,

കുർബാനയ്ക്കും മറ്റു ചടങ്ങുകൾക്കും മെത്രാൻമാരും വൈദികരും ധരിക്കുന്ന കാപ്പ സെറ്റാണ് പ്രധാന ഇനം. ദിവസവും മൂന്നും നാലും കാപ്പ സെറ്റുകൾ തയ്ക്കാറുണ്ട്. അഞ്ചുവർഷംകൊണ്ട് ഈ മുപ്പത്തഞ്ചുകാരി ഇരുന്നൂറോളം വൈദികർക്കായി തയ്ച്ചത് പതിനായിരത്തോളം പുരോഹിതവസ്ത്രങ്ങളാണ്. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കായി. പള്ളികളിലെ മദ്ബഹയിൽ ഉപയോഗിക്കുന്ന തിരശ്ശീല, വിരിക്കൂട്ട്, ചിത്തോല, മേശവിരി, ബൈബിൾ സ്റ്റാൻഡിൽ ഇടുന്ന കവറുകൾ തുടങ്ങിയവയും തയ്ക്കുന്നു.

നാടകവേദിയിലേക്കാവശ്യമായ തിരശ്ശീലകളും തുണിത്തരങ്ങളും തയ്ച്ചുകൊടുക്കുന്ന പിതാവിൽനിന്നും പള്ളിത്തിരുവസ്ത്രങ്ങളും മുത്തുക്കുടകളും മറ്റും നിർമിക്കുന്ന പിതാവിന്റെ സഹോദരനിൽ നിന്നുമാണ് ടിറ്റി തയ്യലിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കിയത്.

കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് തിരുവസ്ത്രം തയ്ച്ചുകൊടുക്കുമായിരുന്നു ടിറ്റി. പരിചയക്കാരനായ വൈദികൻ മുഖേനയാണ് അതിനവസരം കിട്ടിയത്. ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ സ്ഥാപകൻ, കാലംചെയ്ത മാർ അത്തനേഷ്യസ് യൊഹാന്റെ തിരുവസ്ത്രവും തയ്ച്ചിരുന്നു. വിവിധ സഭകളിലേക്കുള്ള ഓർഡറുകൾ വിദേശങ്ങളിൽനിന്നും ലഭിക്കുന്നുണ്ട്.

ഒരു കാപ്പയ്ക്ക് നാലരമീറ്ററോളം തുണി വേണം. മെത്രാൻമാർക്കും വൈദികർക്കും തുണിത്തരം കണ്ടെത്തി ചിത്രമെടുത്ത് അയച്ചുകൊടുക്കും. അവർക്കിഷ്ടപ്പെട്ടാൽ പണി തുടങ്ങും. ഒരു സാധാരണ കാപ്പ സെറ്റിന് കുറഞ്ഞത് 6,800 രൂപയാകും. തുണിയുടെ മേന്മ, ചിത്രത്തുന്നലിന്റെ വ്യാപ്തി എന്നിവയ്ക്കനുസരിച്ച് വില മാറും. റഷ്യൻ തുണിക്കാണ് വില കൂടുതൽ.

കാപ്പ വസ്ത്രം നശിപ്പിക്കില്ല. സൂക്ഷിച്ചുവെക്കും. പഴകുമ്പോൾ പുതിയതു തയ്പിക്കും. ഓരോ സഭയ്ക്കും ഓരോ നിറമാണ്. കുടുംബശ്രീ റീബിൽഡ് കേരള ഡിവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായുള്ള വായ്പയെടുത്താണ് ടിറ്റി തൊഴിൽ തുടങ്ങിയത്. ഇലക്ട്രീഷ്യനായ ബിജോയാണ് ഭർത്താവ്. ബിന്റോ, അന്ന എന്നിവർ മക്കളും.