സ്വപ്‌നത്തില്‍ കണ്ടതുപോലൊരു വിവാഹം ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. തിരക്കും ബഹളവുമില്ലാതെ മനോഹരമായ പശ്ചാത്തലത്തിലൊരു വിവാഹം. ജീവിതത്തില്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ അങ്കുര്‍ ജെയ്ന്‍.
കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന വിവാഹത്തില്‍ മുന്‍ ഡബ്ല്യു.ഡബ്ല്യു.ഇ താരം എറിക ഹാമണ്ടിനെയാണ് അങ്കുര്‍ ജീവിതസഖിയാക്കിയത്. ലോകാത്ഭുതങ്ങളില്‍ ഒന്നായ പിരമിഡുകളുടേയും ഗിസയിലെ ഗ്രേറ്റ് സ്ഫിങ്കിന്റേയും പശ്ചാത്തലത്തിലായിരുന്നു വിവാഹം.
ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ അങ്കുല്‍ ടെക്ക് കമ്പനിയായ ബില്‍റ്റ് റിവാര്‍ഡിന്റെ സി.ഇ.ഒയാണ്. അങ്കുറിന്റെ പിതാവ് നവീന്‍ കെ ജെയ്ന്‍ ഉത്തര്‍ പ്രദേശുകാരനാണ്. അങ്കുറിന്റെ മാതാപിതാക്കളായ നവീനും അനു ജെയിനും എറിക്കയുടെ മാതാപിതാക്കളായ ടോന്യയും വില്‍ ഹാമണ്ടും വിവാഹത്തില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളും മാത്രമാണുണ്ടായിരുന്നത്.
വ്യത്യസ്തമായ ഒരു പശ്ചാത്തലത്തില്‍ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും പുതിയ ജീവിതത്തിന്റെ തുടക്കത്തിന് എന്തുകൊണ്ടും യോജിച്ച സ്ഥലമായിരുന്നു ഈജിപ്‌തെന്നും അങ്കുര്‍ പീപ്പ്ള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എല്ലാതരത്തിലുള്ള സാമ്പ്രദായിക കാര്യങ്ങളും ഉപേക്ഷിച്ച വിവാഹത്തിന് ബ്രൈഡല്‍ പാര്‍ട്ടിയോ വെഡ്ഡിങ് കേക്കോ ഉണ്ടായിരുന്നില്ല. പൂക്കള്‍ കൊണ്ട് വേദി അലങ്കരിക്കുന്നതും ഒഴിവാക്കി.
അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലാണ് വിവാഹ ചടങ്ങുകള്‍ തുടങ്ങിയത്. അതിഥികളെല്ലാം പ്രൈവറ്റ് ജെറ്റില്‍ ഈജിപ്തിലെത്തി. പുലര്‍ച്ചെ അഞ്ച് മണി വരെ ആഘോഷങ്ങള്‍ നീണ്ടു. അതിഥികള്‍ക്കായി വിഭവസമൃദ്ധമായ അത്താഴം ഒരുക്കിയിരുന്നു. ഇതിനൊപ്പം കലാകാരന്‍മാരുടെ പാട്ടും നൃത്തവുമെല്ലാം അരങ്ങേറി.
ഇന്ത്യന്‍ ഡിസൈനര്‍ രാഹുല്‍ മിശ്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍, സില്‍വര്‍ നിറങ്ങള്‍ ചേര്‍ന്ന ലെഹങ്കയായിരുന്നു വധുവിന്റെ വേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള ഡിസൈന്‍ നിറഞ്ഞ ഗൗണിന്റെ ട്രെയ്ന്‍ പക്ഷിയുടെ ചിറകുകള്‍ പോലെ മനോഹരമായിരുന്നു. അച്ഛന്റെ കൈപിടിച്ചാണ് എറിക വേദിയിലെത്തിയത്. പിന്നില്‍ ട്രെയ്ന്‍ പിടിച്ച് എറിക്കയുടെ കൂട്ടുകാരുമുണ്ടായിരുന്നു. ഇരുവരും വിവാഹത്തിന് ശേഷം പരസ്പരം ചുംബിച്ചു.
വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും അങ്കുര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു സ്വപ്‌നം പോലെയാണ് ഈ വിവാഹം തോന്നുന്നതെന്ന് നിരവധി പേര്‍ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: tech billionaire ankur jain marries e wwe wrestler in egypt
Published: 29 Apr 2024, 12:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented