പ്രണയിച്ച വ്യക്തിയെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ നമ്മള്‍ എന്ത് സാഹസത്തിനും മുതിരും. ആ സ്‌നേഹത്തിന് മുന്നില്‍ പണവും പദവിയുമൊന്നും ഒരു പ്രശ്‌നമല്ല. എന്നാല്‍ രാജസ്ഥാനിലെ ഒരു അധ്യാപിക തന്‍റെ പ്രണയിനിയെ സ്വന്തമാക്കാന്‍ ഒരല്‍പം കൂടി കടന്നകാര്യം ചെയ്തു. തന്റെ സ്വത്വം തന്നെ മാറാന്‍ അവര്‍ തയ്യാറായി.

To advertise here,

ഭാരത്പുരിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ മീരയാണ് തന്റെ വിദ്യാര്‍ഥിനിയായ കല്‍പന ഫൗസിദാറിനെ വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. കല്‍പനയുമായി മീര വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസില്‍വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. കബഡി കളിക്കാരി കൂടിയായിരുന്നു കല്‍പന. ഇതോടെ ഇരുവരും ഗ്രൗണ്ടില്‍വെച്ച് കാണുന്നതും പതിവായി. രാജസ്ഥാന് വേണ്ടി കബഡി കളിച്ചിട്ടുള്ള കല്‍പന ദുബായില്‍ നടന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റിലും പങ്കെടുത്തിരുന്നു. അന്ന് ടീമിനൊപ്പം മീരയും ദുബായിലേക്ക് പോയിരുന്നു. ഇതെല്ലാം ഇരുവരുടേയും ബന്ധത്തിന്റെ ആഴം കൂട്ടി. 

പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ മീര ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ആരവ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

'ഞാന്‍ ഒരു പെണ്‍കുട്ടി ആയാണ് ജനിച്ചത്. എന്നാല്‍ എന്റെ മനസ്സില്‍ ഞാന്‍ എപ്പോഴും ആണ്‍കുട്ടിയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നത് ആഗ്രഹിച്ച കാര്യമായിരുന്നു. 2019-ല്‍ ആദ്യ ശസ്ത്രക്രിയ ചെയ്തു.' മീര പറയുന്നു. 

മീരയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും പുരുഷനായി മാറിയില്ലെങ്കിലും മീരയെ തന്നെ വിവാഹം കഴിക്കുമായിരുന്നെന്നും കല്‍പന പറയുന്നു. ഇരുവടേയും വീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. എല്ലാവരുടേയും അനുഗ്രഹത്തോടെയാണ് കല്‍പനയും മീരയും (ആരവ്) പുതിയ ജീവിതം ആരംഭിച്ചത്.