മാതൃത്വത്തിലേക്കുള്ള തൻ്റെ വെല്ലുവിളി നിറഞ്ഞ യാത്രയേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. ദത്തുപുത്രി നിഷ, വാടക ഗർഭപാത്രത്തിലൂടെ ജനിച്ച ഇരട്ടക്കുട്ടികളായ നോഹ, ആഷർ എന്നിവരുടെ അമ്മയായ താരം നടി സോഹ അലി ഖാൻ്റെ പോഡ്കാസ്റ്റിലൂടെയാണ് കടന്നുപോയ കാലത്തേക്കുറിച്ച് സംസാരിച്ചത്.

To advertise here,

അമ്മയാവുന്നതിനേക്കുറിച്ച് കൃത്യമായ പദ്ധതി ഉണ്ടായിരുന്നില്ലെന്നാണ് സണ്ണി ലിയോൺ പറയുന്നത്. ' ആദ്യം വാടക ഗർഭപാത്രം വഴി ഒരു കുഞ്ഞിനെ വേണമെന്നും പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം കരിയർ പിന്തുടരണമെന്നും ആയിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ ആ സമയം പ്രസവിക്കാൻ അനുയോജ്യമായ സമയമല്ലായിരുന്നു. പക്ഷേ ഹൃദയംകൊണ്ട് അത് ശരിയായ സമയമായിരുന്നു. ഞങ്ങളുടെ ജീവിതം മറ്റൊരാളുമായി പങ്കിടാൻ ഞങ്ങൾ തയ്യാറായിരുന്നു, എൻ്റെ ഉദരത്തിൽ നിന്നു തന്നെ ലോകത്തിലേക്ക് വരണം എന്നില്ലായിരുന്നു. ഞങ്ങൾ അതിനേക്കുറിച്ച് ചിന്തിച്ചു, ശ്രമിച്ചു. എന്റെ അണ്ഡം ശേഖരിച്ച് ആറ് ചെറിയ ഭ്രൂണങ്ങൾ (ഗർഭത്തിൻ്റെ ആരംഭ അവസ്ഥ) ഉണ്ടായി. ' ‍- സണ്ണി പറയുന്നു.

ഭ്രൂണങ്ങൾ ഫ്രീസ് ചെയ്തതിനൊപ്പം ദത്തെടുക്കലിനും അപേക്ഷിച്ചിരുന്നതായും താരം പറയുന്നുണ്ട്. 'നാല് പെൺകുഞ്ഞുങ്ങളും രണ്ട് ആൺകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഞങ്ങൾ ആദ്യം ഒരു പെൺകുഞ്ഞിനെ ആഗ്രഹിച്ചു. പക്ഷേ, അത് നടന്നില്ല, നാല് പെൺ ഭ്രൂണങ്ങൾ നഷ്ടപ്പെട്ടു. പിന്നീട് ഞങ്ങൾ ഡോക്ടറെ മാറ്റി, രണ്ട് ആൺ ഭ്രൂണങ്ങൾ എന്റെ കുഞ്ഞുങ്ങളായി. അതിനിടെ, ഞങ്ങൾ ദത്തെടുക്കലിന് അപേക്ഷിച്ചിരുന്നു, കാരണം ഐവിഎഫും വാടക ഗർഭപാത്രവും ദീർഘമായ പ്രക്രിയയാണ്. 

ഈ സമയങ്ങളിൽ താനും പങ്കാളി ഡാനിയലും പരസ്പരം വൈകാരികവും മാനസികവുമായ പിന്തുണ നൽകി ഒപ്പം നിന്നുവെന്നും സണ്ണി പങ്കുവെക്കുന്നുണ്ട്. 'ഞങ്ങൾ ഇത് ആരോടും പറഞ്ഞില്ല, സ്വന്തമായി പരിഹരിക്കാൻ ആഗ്രഹിച്ചു. ഒരു കുഞ്ഞിനെ വേണമെന്ന് രണ്ടു പേരും ഒരേ പോലെ ആഗ്രഹിച്ചിരുന്നു'- സണ്ണിലിയോൺ പറഞ്ഞു. 

വാടക ഗര്‍ഭപാത്രത്തിനായി വന്ന ചെലവുകളേക്കുറിച്ചും സണ്ണി ലിയോണ്‍ പങ്കുവെക്കുന്നുണ്ട്. ഇരട്ടക്കുട്ടികളാകുമ്പോള്‍ ചെലവേറുമെങ്കിലും കുട്ടികളെ വേണമെന്ന ലക്ഷ്യത്തിലായിരുന്നു ഇരുവരും. ഗര്‍ഭംധരിച്ച യുവതിക്ക് പ്രസവാനന്തര വിഷാദ രോഗം അനുഭവിച്ചിരുന്നതായും അതിനാല്‍ പ്രസവത്തിനു ശേഷവും ബാക്കി ചെലവുകള്‍ വഹിച്ചിരുന്നതായും സണ്ണി പറയുന്നുണ്ട്.

മഹാരാഷ്ടയിലെ ലാത്തൂരിലുള്ള ഒരു അനാഥാലയത്തിൽ നിന്ന് 2017 ലാണ് സണ്ണിയും ഭർത്താവ് ഡാനിയേൽ വെബ്ബറും  നിഷയെ ദത്തെടുക്കുന്നത്. ദത്തെടുക്കുമ്പോൾ 21 മാസമായിരുന്നു നിഷയുടെ പ്രായം.