കുടുംബം, വിവാഹം, മാതൃത്വം.. നൂറ്റാണ്ടുകളായി സമൂഹം നിർവചിച്ചുവെച്ച പരമ്പരാഗത സങ്കല്പങ്ങളെ ചോദ്യം ചെയ്യാൻ ആധുനിക തലമുറ കാണിക്കുന്ന ആർജവം പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിതുറക്കാറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് പ്രമുഖ തമിഴ്-തെലുങ്ക് ചലച്ചിത്ര താരം വരലക്ഷ്മി ശരത്കുമാറിന്റെ തുറന്നുപറച്ചിൽ.

To advertise here,

കുട്ടികൾ വേണ്ടെന്ന തീരുമാനം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും, അതൊരു വലിയ ഉത്തരവാദിത്ത ബോധത്തിൽ നിന്ന് ഉണ്ടായതാണെന്നുമുള്ള താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവുമായി വരലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, കുട്ടികൾ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് താരം തുറന്നുസംസാരിച്ചു.

'എനിക്ക് കുട്ടികൾ വേണ്ട എന്നത് എന്റെ വ്യക്തമായ തീരുമാനമാണ്. എനിക്ക് കുട്ടികളുണ്ടാകാൻ ആരോഗ്യപരമായ തടസ്സങ്ങൾ ഉള്ളതുകൊണ്ടല്ല ഇങ്ങനെ തീരുമാനിച്ചത്. എന്റെ ഭർത്താവിനും ഇതേ അഭിപ്രായമാണുള്ളത്. അദ്ദേഹത്തിന്റെ മുൻബന്ധത്തിലുള്ള മകളെ ഞാൻ എന്റെ സ്വന്തം മകളെപ്പോലെയാണ് കാണുന്നത്. കൂടാതെ ഞങ്ങൾക്ക് രണ്ട് വളർത്തുനായ്ക്കളുണ്ട്; അവരെയാണ് ഞങ്ങൾ ഞങ്ങളുടെ മക്കളായി കരുതുന്നത്.' വരലക്ഷ്മി പറയുന്നു. 

ഒരു കുഞ്ഞിനെ ലോകത്തിലേക്ക് കൊണ്ടുവരിക എന്നത് വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. അതിന് സാമ്പത്തികമായും വൈകാരികമായും സജ്ജമല്ലെങ്കിൽ, കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് തന്നെയാണ് ഏറ്റവും മികച്ച പേരന്റിങ് തീരുമാനം എന്നും വരലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

വിവാഹം കഴിഞ്ഞാൽ അടുത്ത പടി കുട്ടികൾ എന്ന പരമ്പരാഗത ചിന്താരീതിയിൽ നിന്നും സമൂഹം പതുക്കെ മാറുകയാണെന്നാണ് പ്രമുഖ മനഃശാസ്ത്രജ്ഞരും വ്യക്തിബന്ധ ഉപദേശകരും ചൂണ്ടിക്കാണിക്കുന്നത്. തലമുറകളായി സ്ത്രീകളെ സംബന്ധിച്ച് മാതൃത്വം എന്നത് ഒരു തിരഞ്ഞെടുപ്പിനേക്കാൾ ഉപരി, ജീവിതാവസ്ഥകളുടെ സ്വാഭാവികമായ തുടർച്ചയായാണ് കണക്കാക്കപ്പെട്ടിരുന്നത്.

എന്നാൽ, ഒരു കുഞ്ഞിനെ വളർത്തുക എന്നതിന് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തൽ മാത്രമല്ല.. ആവശ്യമായ സമയം, വൈകാരികമായ പങ്കാളിത്തം, ക്ഷമ, വ്യക്തിപരമായ ത്യാഗങ്ങൾ എന്നിവ നൽകാൻ ഒരാൾ തയ്യാറാണോ എന്നുകൂടി സ്വയം ചോദിക്കേണ്ടതുണ്ട്. ആ അർത്ഥത്തിൽ, സമ്മർദങ്ങൾക്ക് വഴങ്ങാതെ, ബോധപൂർവ്വം കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്നത് തികച്ചും പ്രശംസനീയവും പക്വതയുള്ളതുമായ നിലപാടാണെന്ന് വിദഗ്ധർ പറയുന്നു.

കുട്ടികളുണ്ടാകുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. മാതൃത്വം അനുഭവിച്ചറിയാത്തവർ പൂർണരല്ല എന്ന ചിന്താഗതി തിരുത്തപ്പെടണം. വരലക്ഷ്മിയെപ്പോലുള്ള സെലിബ്രിറ്റികൾ ഈ വിഷയത്തിൽ തീരുമാനവുമായി മുന്നോട്ടുവരുമ്പോൾ അത് വലിയൊരു സമൂഹത്തിന് പ്രചോദനമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.