ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹമോചിതരാകുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് സുനിത തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വൈകാരികവും ശാരീരികവുമായ വിശ്വാസ വഞ്ചനയെ കുറിച്ച് സംസാരിക്കുകയാണ് അവര്‍.

To advertise here,

ശാരീരികമായ വഞ്ചനയേക്കാള്‍ വൈകാരികമായ വഞ്ചനയാണ് ഏറ്റവും വേദനാജനകമെന്ന് സുനിത പറയുന്നു. 'നിങ്ങള്‍ ഒരാളെ വൈകാരികമായി സ്‌നേഹിക്കുകയും പിന്നീട് അവരെ വഞ്ചിക്കുകയും ചെയ്യുന്നു. അത് ശരിയല്ല. കാരണം ഞാന്‍ വളരെ വൈകാരികമായി ചിന്തിക്കുന്ന ഒരാളാണ്. ഞാന്‍ മരണം വരെ ഗോവിന്ദയെ സ്‌നേഹിക്കുന്നു. എന്റെ ഭര്‍ത്താവ് എന്നെ വൈകാരികമായി വഞ്ചിച്ചാല്‍ അതെനിക്ക് ഒരുപാട് വേദനയുണ്ടാക്കും. ആരേയും വൈകാരികമായി വേദനിപ്പിക്കരുത്. അത് നല്ലതല്ല'-പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുനിത പറയുന്നു.

ശാരീരികമായ വഞ്ചനയെക്കുറിച്ച് ചോദിച്ചപ്പോഴും സുനിത മറുപടി നല്‍കി. 'അതും ചെയ്യാന്‍ പാടില്ല! എന്തിനാണ് ഇവയിലേതെങ്കിലും ഒന്ന് ചെയ്യേണ്ട ആവശ്യം? അത് ശരിയല്ല. ഞങ്ങളുടെ മാതാപിതാക്കള്‍ ഈ മൂല്യങ്ങളല്ല ഞങ്ങളെ പഠിപ്പിച്ചത്.' ബന്ധങ്ങളിലെ പുതിയ പ്രവണതകളെക്കുറിച്ചും അവര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇതിനെയാണ് നമ്മള്‍ കലിയുഗം എ്ന്ന് വിളിക്കുന്നതെന്നും നമ്മള്‍ കലിയുഗത്തിലാണ് ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കജോളും ട്വിങ്കിള്‍ ഖന്നയും അവതാരകരായെത്തുന്ന 'ടൂ മച്ച്' എന്ന ടോക്ക് ഷോയില്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. അവതാരകരായ ഇരുവരും അതിഥികളായ കരണ്‍ ജോഹറിനോടും ജാന്‍വി കപൂറിനോടുമാണ് ഇക്കാര്യം ചോദിച്ചത്. 'ഏതാണ് കൂടുതല്‍ മോശം - വൈകാരികമായ വഞ്ചനയോ ശാരീരികമായ വഞ്ചനയോ?' രണ്ടും അംഗീകരിക്കാനാവില്ലെന്നാണ് ജാന്‍വി മറുപടി നല്‍കിയത്. എന്നാല്‍ ശാരീരികമായ വഞ്ചന കുഴപ്പമില്ലെന്നും വൈകാരികമായ വഞ്ചനയാണ് അംഗീകരിക്കാന്‍ സാധിക്കാത്തതെന്നും കരണും ട്വിങ്കിളും കജോളും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു.

ഗോവിന്ദയുമായുള്ള തന്റെ നീണ്ട ദാമ്പത്യത്തെക്കുറിച്ചും സുനിത അഭിമുഖത്തില്‍ സംസാരിച്ചു. സിനിമാ വ്യവസായത്തിലുള്ള ഒരാളെ വിവാഹം കഴിക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചും അവര്‍ വിവരിച്ചു. 'നോക്കൂ, അദ്ദേഹം ഒരു ഹീറോയാണ്. എനിക്ക് എന്ത് പറയാന്‍ കഴിയും? ഹീറോകള്‍ ഞങ്ങളേക്കാള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് നായികമാര്‍ക്കൊപ്പമാണ്. അദ്ദേഹം 40 ദിവസത്തേക്ക് ഷൂട്ടിങ്ങിന് പോകും. ഞാന്‍ വീട്ടില്‍ തനിച്ചായിരിക്കും. എന്നാല്‍ ഒരു ഹീറോയുടെ ഭാര്യയാകാന്‍ നിങ്ങള്‍ വളരെ ശക്തയായ ഒരു സ്ത്രീയായിരിക്കണം. നിങ്ങളുടെ ഹൃദയം കല്ല് കൊണ്ടുണ്ടാക്കിയതാവണം. 38 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഞാന്‍ മനസ്സിലാക്കിയത് ഇതാണ്. ചെറുപ്പത്തില്‍ അത്രയധികം സ്‌നേഹമുണ്ടായിരുന്നതിനാല്‍ ഞാന്‍ മറ്റൊന്നും കാര്യമാക്കിയിരുന്നില്ല'-സുനിത വ്യക്തമാക്കുന്നു.