
സുലക്ഷണ പണ്ഡിറ്റ്/ സുലക്ഷണയും സഞ്ജീവ് കുമാറും | Photo: instagram/ bollywood archives
കഴിഞ്ഞ നവംബര്‍ ആറിനാണ് ബോളിവുഡ് നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചത്. സിനിമകളില്‍ കാമുകിയും ഭാര്യയുമായുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും ജീവിതത്തില്‍ പ്രണയപരാജയം ഏറ്റുവാങ്ങിയ നടിയായിരുന്നു അവര്‍. അന്തരിച്ച ഇതിഹാസ നടന്‍ സഞ്ജീവ് കുമാറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച സുലക്ഷണ അദ്ദേഹത്തോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. പക്ഷേ ആ സമയത്ത് സഞ്ജീവ് കുമാറും ഹേമാ മാലിനിയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അടുത്തിടെ വിക്കി ലാല്‍വാനിയുമായുള്ള അഭിമുഖത്തില്‍ സുലക്ഷണയുടെ ജീവിതത്തെ കുറിച്ച് സഹോദരിയും നടിയുമായ വിജയ്താ പണ്ഡിറ്റ് തുറന്ന് സംസാരിച്ചു. സഞ്ജീവ് കുമാര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ സുലക്ഷണയുടെ ഹൃദയം തകര്‍ന്നുപോയെന്നും അദ്ദേഹത്തിന്റെ മരണശേഷം സഹോദരി വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും വിജയ്താ പറയുന്നു.
'സഞ്ജീവ് കുമാറിന്റെ മരണശേഷം അവള്‍ വിഷാദത്തിലായി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ അവള്‍ക്ക് വലിയ ആഘാതമുണ്ടായി. അദ്ദേഹം തന്റെ പ്രണയം നിരസിച്ചു എന്ന സത്യം അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല.'-വിജയ്താ പറയുന്നു. എന്തുകൊണ്ടാണ് സഞ്ജീവ് സുലക്ഷണയുടെ അഭ്യര്‍ത്ഥന നിരസിച്ചതെന്ന് ചോദിച്ചപ്പോള്‍ 'അദ്ദേഹം മറ്റൊരാളെ സ്‌നേഹിച്ചിരുന്നു' എന്നാണ് വിജയ്താ മറുപടി നല്‍കിയത്.
സഞ്ജീവ് കുമാറിന് ഹേമ മാലിനിയുമായി ബന്ധമുണ്ടായിരുന്നോ എന്ന് ചോദ്യത്തിനും വിജയ്താ മറുപടി നല്‍കി. 'ഞാന്‍ അവരുടെ പേര് പറഞ്ഞ് ആരുടെയും സല്‍പ്പേരിന് കളങ്കമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ലോകത്തിനറിയാം. ഞാന്‍ അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, അവര്‍ ഒരു നല്ല സ്ത്രീയാണ്.'-വിജയ്താ പറയുന്നു.
'സഞ്ജീവ് കുമാര്‍ ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. എന്റെ അമ്മ അദ്ദേഹത്തിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുമായിരുന്നു. ഞങ്ങളെല്ലാവരും അദ്ദേഹത്തോടൊപ്പം ഇരുന്ന് സംസാരിക്കുമായിരുന്നു. അക്കാലത്ത് ഷോലെയുടെ മുഴുവന്‍ കഥയും അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് സുലക്ഷണയെയും വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം മണിക്കൂറുകളോളം സുലക്ഷണയോടൊപ്പം ഇരിക്കുമായിരുന്നു.'-വിജയ്താ പറയുന്നു.
'അദ്ദേഹം സുലക്ഷണയെ സ്‌നേഹിച്ചിരുന്നോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന് അവളെ ഇഷ്ടമായിരുന്നു. അദ്ദേഹം അവളോട് തമാശകള്‍ പറയുമായിരുന്നു. സുലക്ഷണ എപ്പോഴും ഒരു പാവം പെണ്‍കുട്ടിയായിരുന്നു. അവള്‍ക്ക് അദ്ദേഹത്തെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം. അല്ലാതെ ചുറ്റിക്കറങ്ങാനായിരുന്നില്ല. ഒരുപക്ഷേ താന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാവാം അദ്ദേഹത്തിന് അവളെ വിവാഹം കഴിക്കാന്‍ കഴിയാഞ്ഞത്.'-വിജയ്താ കൂട്ടിച്ചേര്‍ക്കുന്നു.
സഞ്ജീവിന്റെ മരണശേഷം സുലക്ഷണയ്ക്ക് ഭ്രാന്തായി എന്ന വാദങ്ങള്‍ വിജയ്താ നിഷേധിച്ചു. 'അദ്ദേഹത്തിന്റെ മരണശേഷം അവള്‍ക്ക് വലിയൊരു ആഘാതമുണ്ടായി. അവള്‍ക്ക് ഭ്രാന്തായി എന്ന് ഞാന്‍ പറയില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും അവള്‍ ഒരു മാനസികാരോഗ്യ ആശുപത്രിയില്‍ പോയിട്ടില്ല. അതെല്ലാം വെറും കിംവദന്തികളാണ്.' വിജയ്താ വ്യക്തമാക്കുന്നു.
കുളിമുറിയില്‍ വീണ് ഇടുപ്പെല്ല് പൊട്ടിയതോടെ സുലക്ഷണയുടെ ആരോഗ്യം ക്ഷയിച്ചു. 15 വര്‍ഷത്തോളം കിടപ്പിലായ സുലക്ഷണ, സഞ്ജീവ് കുമാര്‍ മരിച്ച അതേ നവംബര്‍ ആറിന് തന്നെയാണ് ലോകത്തോട് വിട പറഞ്ഞത്. അത് വലിയ അദ്ഭുതമായിരുന്നുവെന്നും വിജയ്താ പറയുന്നു. 'എന്റെ ജീവിതത്തില്‍ ഇത്രയും വലിയൊരു അത്ഭുതം ഞാന്‍ കണ്ടിട്ടില്ല. അവള്‍ അദ്ദേഹം മരിച്ച അതേ ദിവസം വിട പറഞ്ഞു. ഇന്നത്തെ ലോകത്ത് ആരാണ് ഇതുപോലെ സ്‌നേഹിക്കുന്നത്?'-വിജയ്താ കൂട്ടിച്ചേര്‍ത്തു.
Content Highlights: sulakshana pandit went into depression after sanjeev kumar refused marriage both passed away on the same date
Published: 18 Nov 2025, 02:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented