തന്റെ ബിസിനസ് സംരഭമായ 'പൂവ്' പൂട്ടുകയാണെന്ന് വ്യക്തമാക്കി നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. അങ്ങേയറ്റം വേദനയോടേയും സങ്കടത്തോടേയുമാണ് താൻ ഈ തീരുമാനമെടുത്തതെന്നും ബിസിനസ് പങ്കാളിയിൽ നിന്ന് നേരിടേണ്ടി വന്ന വഞ്ചനയാണ് ബ്രാൻഡ് പൂട്ടേണ്ട അവസ്ഥയിൽ എത്തിച്ചതെന്നും സൗഭാഗ്യ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ കാര്യങ്ങൾ വിശദീകരിച്ചത്.

To advertise here,

മകളുടെ നാലാം പിറന്നാളിനായിരുന്നു സൗഭാഗ്യയും ഭർത്താവ് അർജുനും പുതിയ ബിസിനസ് തുടങ്ങിയത്. കുട്ടികളുടെ വസ്ത്രങ്ങൾ ഓൺലൈനായി വിൽക്കുന്ന സംരഭമായിരുന്നു ഇത്. തന്റെ സ്വപ്‌നത്തിൽ വിശ്വാസമില്ലാത്തതിനാലോ പിന്തുണ ലഭിക്കാത്തതിനാലോ അല്ല 'പൂവ്' പൂട്ടുന്നതെന്നും സൗഭാഗ്യ പറയുന്നു. ഒരാളെ പൂർണമായും വിശ്വസിച്ചുവെന്നും എന്നാൽ അയാൾ വഞ്ചിച്ചതോടെ സമാധാനവും സന്തോഷവും നഷ്ടപ്പെട്ടുവെന്നും സൗഭാഗ്യ കുറിച്ചു.

'വിഷമത്തോടെ പിന്മാറുന്നു. 'പൂവി'നെ കുറിച്ച് അന്വേഷിക്കുന്ന എല്ലാവർക്കുമായി...തികച്ചും വിങ്ങുന്ന ഹൃദയത്തോടെയാണ് ഈ ബ്രാൻഡ് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് എന്റെ സ്വപ്‌നങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ല. വഞ്ചനയിൽ അവസാനിച്ച ബിസിനസ് പങ്കാളിത്തമാണ് കാരണം. ഒരിക്കലും നേരിടേണ്ടി വരുമെന്ന് ഞാൻ കരുതാത്ത തീരുമാനങ്ങളുടെ ആഘാതങ്ങളാണ് ഒടുവിൽ എനിക്ക് അനുഭവിക്കേണ്ടി വന്നത്. ഒരു ബ്രാൻഡ് പണിതുയർത്തുന്നതിന് സമയവും സ്‌നേഹവും പണവും ഉറക്കമില്ലാത്ത രാത്രികളും ആവശ്യമാണ്. കൂടെയുള്ള വ്യക്തി വാക്ക് പാലിക്കാത്തതിനാൽ ഇങ്ങനെ ഒരു സംരംഭം അവസാനിപ്പിക്കുന്നത് ഹൃദയഭേദകമാണ്.

തുടക്കം മുതൽ പൂവിനെ പിന്തുണച്ച എല്ലാവരോടും വിശദീകരണം നൽകാൻ കടമയുള്ളതിനാലാണ് ഞാനിത് പങ്കുവെയ്ക്കുന്നത്. സത്യസന്ധതയ്‌ക്കോ വിശ്വസ്തതയ്‌ക്കോ നമ്മൾ നൽകുന്ന അത്രയും വില മറ്റുള്ളവർ നൽകണമെന്നില്ല എന്നതാണ് ബിസിനസിലെ ഏറ്റവും കഠിനമായ പാഠമെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. എന്റെ സമാധാനം കളഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്നതിനേക്കാൾ ഈ അധ്യായം ഇവിടെ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൂവിനെ വിശ്വസിച്ച എല്ലാവരോടും നന്ദി. നിങ്ങൾ നൽകിയ സ്‌നേഹം എനിക്ക് വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല. ഒരു സംരംഭക എന്ന നിലയിൽ ഇത് എന്റെ അവസാനമല്ല. ഒരു അധ്യായത്തിന്റെ അവസാനം മാത്രമാണ്. കൂടുതൽ ശക്തിയോടെ, വിവേകത്തോടെ, ശരിയായ അടിത്തറയോടെ ഞാൻ തിരിച്ചുവരും.'-സൗഭാഗ്യ കുറിച്ചു.