ദുബായ്: അഞ്ചു ഭാഷകളില്‍ ചിട്ടപ്പെടുത്തിയ മെറ്റാവേഴ്‌സ് മ്യൂസിക് ആല്‍ബം. നാലു രാജ്യങ്ങളിലെ പന്ത്രണ്ടോളം വേദികളില്‍ വച്ച് പന്ത്രണ്ട് വ്യത്യസ്ത രീതികളിലുള്ള വിവാഹച്ചടങ്ങുകളും സത്കാരങ്ങളും. ഒരു വര്‍ഷം നീണ്ടുനിന്ന വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍.

To advertise here,

അന്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍. ഒരു ഇന്‍ഡോ-ഇറ്റാലിയന്‍ വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണിവ. കേരളോത്സവ അന്തരീക്ഷത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരികത്തനിമയുടെ വര്‍ണ്ണക്കാഴ്ചകളുള്‍പ്പെടുത്തി ജുമൈറയില്‍ നടത്തിയ  വിവാഹച്ചടങ്ങ്  ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ക്ക് മറക്കാനാകാത്ത അനുഭവമായി മാറി.

സംവിധായകന്‍ സോഹന്‍ റോയിയുടേയും പ്രശസ്ത ഫാഷന്‍-ഇന്റീരിയര്‍ ഡിസൈനര്‍ അഭിനി സോഹന്റേയും  മകള്‍ നിര്‍മ്മാല്യയുടെ വിവാഹാഘോഷച്ചടങ്ങുകളായിരുന്നു വൈവിധ്യം കൊണ്ട് വിസ്മയം തീര്‍ത്തത്.

ഇറ്റാലിയന്‍ സ്വദേശി ഗില്‍ബെര്‍ട്ടോ ആണ് വരന്‍. നേവല്‍ ആര്‍ക്കിടെക്ടുകള്‍ ആയ ഇരുവരും യുകെ യിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്റ്റണിലെ വിദ്യാര്‍ത്ഥികളായിരുന്നു.

ഇംഗ്ലീഷ്, ഇറ്റാലിയന്‍, അറബിക്ക്, ഹിന്ദി, മലയാളം എന്നീ അഞ്ചു ഭാഷകളിലായി പന്ത്രണ്ട് ഗാനങ്ങളായിരുന്നു വിവാഹത്തിനായി ഒരുക്കിയത്. മെറ്റാവേഴ്‌സില്‍ റിലീസ് ചെയ്ത ഈ മ്യൂസിക്കല്‍ ട്രീറ്റ് ലോകത്തിലെ ആദ്യ 'മെറ്റാവേഴ്‌സ് മാര്യേജ് മ്യൂസിക്ക് ആല്‍ബം' എന്ന രീതിയില്‍ കൂടി കൗതുകുമായി.

ഡിസംബര്‍ പതിനൊന്നിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ  ബുര്‍ജു ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ ക്ഷണിയ്ക്കപ്പെട്ട അതിഥികള്‍ക്കു മുന്‍പില്‍ വെച്ച്  നടത്തിയ ആഘോഷ പരിപാടികളും വര്‍ണാഭമായി.

 
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന വിവാഹ നിശ്ചയമടക്കമുള്ള മറ്റു ചടങ്ങുകളും കലാവൈദഗ്ധ്യത്തിന്റേയും സൃഷ്ടിപരമായ പുത്തന്‍ ആശയങ്ങളുടെയും സമ്മേളനമായിരുന്നു.ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടത്തിയ താലികെട്ട് ചടങ്ങില്‍  വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള കൈത്തറി വസ്ത്രങ്ങളണിഞ്ഞ് അതിഥികള്‍ പങ്കെടുത്തത് നേരത്തേ വാര്‍ത്തയായിരുന്നു. 

ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള അവസാന വിവാഹവിരുന്ന്, കലയ്ക്കും സംസ്‌കാരത്തിനുമൊപ്പം  സംഗീതത്തേയും സാങ്കേതികതയേയും ഒരുമിപ്പിയ്ക്കുന്നത് കൂടിയായിരുന്നു.