കഴിഞ്ഞ ദിവസം ഓസ്‌കറില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് എമ്മ സ്റ്റോണാണ്. 'പുവര്‍ തിങ്‌സ്' എന്ന ചിത്രത്തിലെ അഭിനയമാണ് എമ്മയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇതിന് പിന്നാലെ പുരസ്‌കാരം സ്വീകരിക്കാനെത്തിയപ്പോള്‍ എമ്മ ധരിച്ച ഗൗണും ചര്‍ച്ചാവിഷയമാകുകയാണ്.

To advertise here,

വേദിയിലെത്തിയ എമ്മ പുരസ്‌കാരം സ്വീകരിച്ച ശേഷം ഗൗണിനെ കുറിച്ച് സംസാരിച്ചിരുന്നു. ഗൗണിന്റെ പിന്‍ഭാഗത്തേക്ക് നോക്കരുതെന്നും അത് കീറിപ്പോയിട്ടുണ്ടെന്നും എമ്മ വേദിയില്‍ പറഞ്ഞു. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി തന്റെ പേര് വിളിച്ചപ്പോള്‍ അദ്ഭുതത്തോടെ എഴുന്നേറ്റ എമ്മ ചിത്രത്തിന്റെ സംവിധായകനെ കെട്ടിപ്പിടിക്കുമ്പോഴും തന്റെ ഗൗണിന്റെ പിന്‍ഭാഗത്ത് തൊട്ടുനോക്കുന്നത് വീഡിയോയില്‍ കാണാം. വേദിയിലേക്കുള്ള ഗോവണിപ്പടികള്‍ കയറുമ്പോഴും തന്റെ ഗൗണില്‍ തന്നെയായിരുന്നു എമ്മയുടെ ശ്രദ്ധ. 

ലൂയി വിറ്റോണിന്റെ മിന്റ് ഗ്രീന്‍ നിറത്തിലുള്ള സ്ട്രാപ്‌ലെസ് ഗൗണാണ് എമ്മ ധരിച്ചിരുന്നത്. ഇതിന് പിന്നാലെ ലൂയി വിറ്റോണ്‍ എമ്മയുടെ ഗൗണുമായി ബന്ധപ്പെട്ട പോസ്റ്റും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ലൂയി വിറ്റോണിന്റെ വിമണ്‍സ് കളക്ഷന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ നിക്കോളാസ് ഗേസ്‌ക്യൂയറാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തതെന്നും ലൂയി വിറ്റോണിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

ഇതിന് താഴെ നിരവധി പേരാണ് വിമര്‍ശിച്ചും പരിഹസിച്ചും പ്രതികരിച്ചത്. എമ്മയുടെ ജീവിതത്തിലെ മനോഹര നിമിഷം ലൂയി വിറ്റോണ്‍ നശിപ്പിച്ചുവെന്നും ഇത് വലിയ നാണക്കേടായിപ്പോയെന്നും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഓസ്‌കറിന് ശേഷം നടന്ന പാര്‍ട്ടിയിലും നിക്കോളാസ് ഗേസ്‌ക്യൂയര്‍ ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റാണ് എമ്മ ധരിച്ചത്. ഇതിന്റെ ചിത്രം നിക്കോളാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എമ്മയെ ആലിംഗനം ചെയ്തുനില്‍ക്കുന്ന ചിത്രത്തിന് താഴെ 'സിപ്പറിനേക്കാള്‍ ശക്തിയുള്ള സ്‌നേഹം' എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.