ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹനിശ്ചയം നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സ്മൃതി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ തന്റെ പ്രിയതമയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പലാഷ്.

To advertise here,

വളരെ വ്യത്യസ്തമായാണ് പലാഷ് സ്മൃതിയെ പ്രൊപ്പോസ് ചെയ്തത്. താരത്തിന് സര്‍പ്രൈസായിരുന്നു വിവാഹാഭ്യര്‍ഥന. നവി മുംബൈയിലെ പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയമായ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ വെച്ചായിരുന്നു വിവാഹാഭ്യര്‍ഥന. എങ്ങോട്ടാണെന്ന് പറയാതെ കണ്ണ് മൂടിക്കെട്ടിയാണ് സ്മൃതിയെ പലാഷ് കൊണ്ടുപോയത്.

സ്റ്റേഡിയത്തിന് നടുവില്‍ വെച്ച് സ്മൃതിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് പലാഷ് കണ്ണിലെ കെട്ടഴിച്ചു. തുടര്‍ന്ന് താരത്തിന് മുന്നില്‍ മുട്ടുകുത്തിനിന്നുകൊണ്ടാണ് പലാഷ് വിവാഹാഭ്യര്‍ഥന നടത്തിയത്. സമ്മതം മൂളിയ സ്മൃതി മന്ദാന പലാഷിനെ പ്രണയപൂര്‍വം ആലിംഗനം ചെയ്യുന്നതും പലാഷ് സ്മൃതിയെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനകം 80 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കമന്റുകളിട്ടു.

'രണ്ട് വ്യത്യസ്ത കാരണങ്ങളാല്‍ ഈ പിച്ച് ഇപ്പോള്‍ ശ്രദ്ധേയമാണ്. അഭിനന്ദനങ്ങള്‍' എന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ ഹാന്‍ഡില്‍ കമന്റിട്ടത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഈ വര്‍ഷം ലോകകപ്പ് ഉയര്‍ത്തിയത് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു.