വഴിയിൽ കാണുന്ന ഏതെങ്കിലും മാവിൽ കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തി കഴിക്കാത്തവർ കുറവാണ് നമ്മുടെ നാട്ടിൽ. എന്നാൽ സിംഗപ്പൂരിലാണ് നിങ്ങളെങ്കിൽ ഈ ശീലം കെണിയിൽ എത്തിച്ചേക്കാം. വഴിയിൽ വീണുകിടക്കുന്ന ഒരു മാങ്ങ എടുത്താൽ പോലും ഏകദേശം 3.75 ലക്ഷം രൂപ (5,000 സിംഗപ്പൂർ ഡോളർ) പിഴ ഒടുക്കേണ്ടി വരുമെന്ന കൗതുകകരമായ നിയമം പങ്കുവെക്കുന്നതാണ് സിംഗപ്പൂരിൽ താമസിക്കുന്ന പ്രിയങ്ക സിൻഹ എന്ന ഇന്ത്യൻ യുവതിയുടെ വീഡിയോ.

To advertise here,

പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും അവയിലെ ഫലങ്ങളും ഗവൺമെന്റ് സ്വത്താണെന്നും അനുവാദമില്ലാതെ അവ പറിക്കുന്നതോ ശേഖരിക്കുന്നതോ കുറ്റകരമാണെന്നും പ്രിയങ്ക ഓർമിപ്പിക്കുന്നു.

സിംഗപ്പൂരിലെ 'നാഷണൽ പാർക്ക്സ് ബോർഡിന്റെ'  നിബന്ധനകൾ അനുസരിച്ച് പാർക്കുകളിലോ പൊതുസ്ഥലങ്ങളിലോ ഉള്ള മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കുകയോ താഴെ വീണവ ശേഖരിക്കുകയോ ചെയ്താൽ 5,000 ഡോളർ (3.5 ലക്ഷം രൂപയ്ക്ക് മുകളിൽ) വരെ പിഴ ഈടാക്കാം.

നാഷണൽ പാർക്കുകളിലോ നേച്ചർ റിസർവ് ഏരിയകളിലോ ആണ് ഈ നിയമം ലംഘിക്കുന്നതെങ്കിൽ പിഴ 50,000 ഡോളർ (ഏകദേശം 31 ലക്ഷം രൂപ) വരെ ഉയരാം. കൂടാതെ 6 മാസം വരെ തടവുശിക്ഷയും ലഭിക്കാം.

ഇന്ത്യയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്താണ് പലരും പോസ്റ്റിൽ പ്രതികരിക്കുന്നത്. "നമ്മുടെ വളർത്തുമൃഗങ്ങൾ മാങ്ങ എടുത്താലോ?" എന്നൊരാൾ തമാശയായി ചോദിച്ചപ്പോൾ, സിംഗപ്പൂരിൽ വളർത്തുമൃഗങ്ങൾ ഉടമയുടെ ഉത്തരവാദിത്തമാണെന്നും അവ ചെയ്യുന്ന തെറ്റിന് ഉടമ പിഴയടക്കേണ്ടി വരുമെന്നുമാണ് ലഭിച്ച മറുപടി.

 

നഗരത്തിന്റെ വൃത്തിയും അച്ചടക്കവും നിലനിർത്താൻ ഇത്തരം കർശനമായ നിയമങ്ങൾ അത്യാവശ്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, വീണുകിടക്കുന്ന ഒരു പഴം എടുക്കുന്നതിന് ഇത്രയും വലിയ ശിക്ഷ വേണോ എന്നാണ് മറ്റുചിലരുടെ ചോദ്യം. എന്തായാലും സിംഗപ്പൂർ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ 'മാമ്പഴ നിയമം' ഒന്ന് ഓർത്തുവെക്കുന്നത് നന്നായിരിക്കും!