മുംബൈയിൽ വീണ്ടും ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ഇന്ത്യയുടെ പ്രിയ ഗായിക ശ്രേയാ ഘോഷാൽ. സാന്താക്രൂസ് വെസ്റ്റിലാണ് ശ്രേയയും മാതാപിതാക്കളായ ശർമിഷ്ഠാ ഘോഷാലും ബിശ്വജിത്ത് ഘോഷാലും ചേർന്ന് 20.88 കോടി രൂപയുടെ അപ്പാർട്ട്‌മെന്റ് വാങ്ങിയത്. റിയൽ എസ്റ്റേറ്റ് നിരീക്ഷക സ്ഥാപനമായ സിആർഇ മെട്രിക്‌സിന് ഇടപാടിന്റെ രേഖകൾ ലഭിച്ചു. മുംബൈയിൽ ശ്രേയാ ഘോഷാലും കുടുംബവും സ്വന്തമാക്കുന്ന മൂന്നാമത്തെ ആഡംബര അപ്പാർട്ട്‌മെന്റാണ് ഇത്.

To advertise here,

സരോജിനി റോഡിലെ വായു എന്ന് പേരുള്ള കെട്ടിടത്തിലാണ് ശ്രേയാ ഘോഷാലിന്റെ പുതിയ അപ്പാർട്ട്‌മെന്റ്. ഓം ഡെവലപ്പേഴ്‌സിൽ നിന്നാണ് ശ്രേയ അപ്പാർട്ട്‌മെന്റ് വാങ്ങിയത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റിന്റെ വലിപ്പം 2900 ചതുരശ്ര അടിയാണ്. ഇതിൽ 299 ചതുരശ്ര അടി ബാൽക്കണിയാണ്. അപ്പാർട്ട്‌മെന്റിനൊപ്പം മൂന്ന് കാർ പാർക്കിങ് സ്‌പേസുകളും ശ്രേയ വാങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് രജിസ്‌ട്രേഷൻ നടന്നത്. ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയായി 1.25 കോടി രൂപ അടച്ചു.

Also Read: വില 30 കോടി; മുംബൈയിൽ വീണ്ടും ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ശ്രേയാ ഘോഷാൽ

നേരത്തേ വർളിയിൽ കടലിന് അഭിമുഖമായുള്ള ആഡംബര അപ്പാർട്ട്‌മെന്റ് 30 കോടി രൂപ ചെലവിട്ടാണ് ശ്രേയ വാങ്ങിയത്. അതിന് മുമ്പ് 29.7 കോടി രൂപയുടെ മറ്റൊരു ആഡംബര അപ്പാർട്ട്‌മെന്റും താരം സ്വന്തമാക്കിയിരുന്നു. വർളിയിലെ ഗോദ്റേജ് ട്രിലോജിയിലാണ് ഈ അപ്പാർട്ട്മെന്റുകൾ.

വർളിയിലെ അപ്പാർട്ട്‌മെന്റ് വാങ്ങിയപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 1.8 കോടി രൂപയും രജിസ്ട്രേഷൻ തുകയായി 30,000 രൂപയും നൽകിയിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്നിനായിരുന്നു രജിസ്ട്രേഷൻ. എംബെല്ലിഷ് ഹൗസസ് പ്രൈവറ്റ് ലിമിറ്റഡ്, അക്ഷയ് സ്ഥാപത്യ പ്രൈവറ്റ് ലിമിറ്റഡ്, ശർമിഷ്ഠാ ഘോഷാൽ, ബിശ്വജിത്ത് ഘോഷാൽ, ശ്രേയാ ഘോഷാൽ എന്നിവരാണ് വിൽപ്പന കരാറിൽ ഒപ്പുവെച്ചത്.