ദുബായിൽ ആഡംബര വസതി സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സൂര്യകുമാർ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഭാര്യ ദേവിഷ ഷെട്ടിയേയും ഈ വീഡിയോയിൽ കാണാം.

To advertise here,

ദുബായിലെ ജീവിതനിലവാരം തികച്ചും വ്യത്യസ്തമാണെന്നും അതിനാലണ് അവിടെ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയതെന്നും സൂര്യകുമാർ വീഡിയോയിൽ പറയുന്നു. 2014-ൽ ഐപിഎൽ കളിക്കാനാണ് ആദ്യമായി ദുബായിയിൽ വന്നത്. പിന്നീട് ഇന്ത്യൻ ടീമിനൊപ്പം 2020-ലും വന്നു. അന്ന് തന്നെ ദുബായ് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർക്കുന്നു.

‘ഇന്ത്യയിലും ഞാൻ ജീവിക്കുന്ന മുംബൈയിലും സുരക്ഷിതത്വമുണ്ട്. അതുപോലെ ദുബായിയിലെ സുരക്ഷയും വളരെ മികച്ചതാണ്. ഇവിടെയെത്തുമ്പോൾ റിലാക്‌സ്ഡ് ആയി തോന്നുന്നു. വലിയ സന്തോഷം തോന്നുന്നു.’-അദ്ദേഹം പറയുന്നു. ഷാരൂഖ്‌സ് റെസിഡൻസസ് എന്നാണ് ഈ പ്രോപ്പർട്ടിയുടെ പേര്. 'ഷാരൂഖ് സാറിന്റെ പേരിൽ ഇവിടെ ഒരു കെട്ടിടം നിർമ്മിക്കുന്നു എന്ന് കേട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇന്റീരിയർ വർക്കുകളും ഗുണനിലവാരവുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഏറ്റവും പ്രധാനം ഇതിലെ വെൽനസ് സെന്ററാണ്'- അദ്ദേഹം പറഞ്ഞു.

ഈ വർഷം ആദ്യം മുംബൈയിലെ ചെമ്പൂർ പ്രദേശത്ത് ദേവിഷ 7.18 കോടി രൂപയ്ക്ക് ഒരു അപാർട്ട്‌മെന്റ് വാങ്ങിയിരുന്നു. 140.86 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. ഈ കെട്ടിടത്തിൽ ദമ്പതികൾ വാങ്ങുന്ന മൂന്നാമത്തെ അപ്പാർട്ട്‌മെന്റാണിത്.