മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും അയർലൻഡ് സ്വദേശിനിയായ സുഹൃത്ത് സോഫി ഷൈനും ശനിയാഴ്ച വിവാഹിതരായിരിക്കുകയാണ്. ഒട്ടേറെ പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയത്. ഇപ്പോഴിതാ പ്രീ-വെഡ്ഡിങ് ആഘോഷങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കഴിഞ്ഞരാത്രി നടന്ന സംഗീതിൽ നിന്നുള്ള ശിഖർ ധവാന്റേയും സോഫിയുടേയും നൃത്തത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

To advertise here,

സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമായ ധുരന്ധറിലെ 'ഷരാരത്' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. സംഗീതിനെത്തിയ അതിഥികൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലായത്. സംഗീതിനോടനുബന്ധിച്ച് കഴിഞ്ഞദിവസം ശിഖർ ധവാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത, സോഫിക്കൊപ്പമുള്ള ചിത്രങ്ങളും നേരത്തേ ശ്രദ്ധനേടിയിരുന്നു.

ജനുവരിയിലാണ് ശിഖർ ധവാനും സോഫി ഷൈനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

ശിഖർ ധവാന്റെ രണ്ടാം വിവാഹമാണ് ഇത്. ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള കിക്ക് ബോക്‌സറായ ആയേഷ മുഖർജിയാണ് ധവാന്റെ ആദ്യഭാര്യ. 2012-ൽ വിവാഹിതരായ ഇരുവരും 2023-ലാണ് വിവാഹമോചിതരായത്. ഇരുവർക്കും സോരാവർ എന്ന മകനുണ്ട്.