സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മിക്കുന്നത്.

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ King-ന്റെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിവാദം. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഈ പോസ്റ്ററിലെ തീപാറുന്ന പശ്ചാത്തലവും ഫ്രെയിമിംഗും രൺവീർ സിംഗിന്റെ ധുരന്ധർ 2 എന്ന ചിത്രത്തിന്റെ പോസ്റ്ററിനോട് സാമ്യമുള്ളതാണെന്ന് ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ആരോപിക്കുന്നു. ഡോൺ യെൻ നായകനായ റേജിങ് ഫയർ 2 എന്ന ചിത്രത്തിന്റെ പോസ്റ്ററും സമാനരീതിയിലുള്ളതാണെന്നും ചർച്ചകളുണ്ട്.
പോസ്റ്ററിൽ ചുണ്ടിൽ ഒരു റോസാപ്പൂവുമായി തീവ്രമായ ഭാവത്തിൽ നിൽക്കുന്ന ഷാറൂഖ് ഖാനെയാണ് കാണാൻ കഴിയുന്നത്. എന്നാൽ, ചിത്രത്തിന്റെ ഡിസൈൻ കോൺസെപ്റ്റ് കോപ്പിയടിച്ചെന്ന വിമർശനമാണ് എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ സജീവമായിരിക്കുന്നത്. ചില ഉപയോക്താക്കൾ ഈ പോസ്റ്ററിനെ "എഐ നിർമ്മിത വ്യാജ നിർമ്മിതി" (AI-generated slop) എന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റു ചിലർ സിനിമയുടെ സ്ക്രിപ്റ്റ് 'ലിയോൺ: ദി പ്രൊഫഷണൽ' എന്ന ചിത്രത്തിൽ നിന്നും പോസ്റ്റർ 'ധുരന്ധർ 2'വിൽ നിന്നും പകർത്തിയതാണെന്ന് ആരോപിച്ചു.
"നിങ്ങൾക്ക് ഈ എയ്സ്തെറ്റിക്കും തീയും ഫ്രെയിമും പകർത്താൻ ശ്രമിക്കാം, പക്ഷേ ഒരിക്കലും ധുരന്ധർ ആകാൻ കഴിയില്ല. ഈ പോസ്റ്റർ വിലകുറഞ്ഞ ഒരു AI നിർമ്മിത ചവറാണ്" എന്ന് ഒരു എക്സ് (X) ഉപയോക്താവ് പോസ്റ്ററിനെ വിമർശിച്ചുകൊണ്ട് എഴുതി.
"ബ്രോ 'ലിയോൺ: ദി പ്രൊഫഷണൽ' എന്ന സിനിമയിൽ നിന്ന് തിരക്കഥ കോപ്പിയടിച്ചു, ഇപ്പോൾ പോസ്റ്ററും Dhurandhar2 ൽ നിന്ന് കോപ്പിയടിച്ചിരിക്കുന്നു" എന്നായിരുന്നു മറ്റൊരു പോസ്റ്റ്.
'ധുരന്ധർ: ദി റിവഞ്ച്' എന്ന ചിത്രത്തിൽ നിന്നാണ് പോസ്റ്റർ ഡിസൈൻ ആശയങ്ങൾ നിർമ്മാതാക്കൾ അടിച്ചുമാറ്റിയതെന്ന് മറ്റൊരാളും ആരോപിച്ചു. "അല്പം നാണമുണ്ടാകണം. നിങ്ങൾ 'ധുരന്ധർ: ദി റിവഞ്ച്' എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ കോൺസെപ്റ്റ് കോപ്പിയടിച്ചിരിക്കുന്നു (sic)," എന്നായിരുന്നു ആ പോസ്റ്റ്.
അതേസമയം, തന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിൽ 'കിംഗ്' സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഷാറൂഖ് ഖാൻ സംസാരിക്കുകയുണ്ടായി. ഈ ചിത്രത്തിൽ ക്രൂരനും ഗ്രേ ഷെയ്ഡുള്ളതുമായ ഒരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നായകനും വില്ലനും തമ്മിലുള്ള വ്യത്യാസത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും, കരിയറിന്റെ തുടക്കത്തിൽ 'ഡർ', 'ഡോൺ', 'അഞ്ചാം', 'ബാസിഗർ' തുടങ്ങിയ ചിത്രങ്ങളിൽ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങളെ താൻ വിജയകരമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മിക്കുന്നത്. ഷാറൂഖ് ഖാനൊപ്പം മകൾ സുഹാന ഖാൻ, ദീപിക പദുകോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അർഷാദ് വാർസി, അനിൽ കപൂർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
Content Highlights: Shah Rukh Khan's newly released action-romance poster for King has sparked widespread social media backlash, with netizens accusing director Siddharth Anand and the makers of copying the fire-filled aesthetic, framing, and design concept of Ranveer Singh's Dhurandhar 2.
Published: 28 Oct 2026, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented