മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഐറിഷുകാരിയായ സോഫി ഷൈനും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇതിന് പിന്നാലെ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ ശിഖർ ധവാൻ രംഗത്തെത്തി. ധവാന്റെ മുൻഭാര്യ അയേഷ മുഖർജിയുമായി ബന്ധപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നത്.

To advertise here,

ഇനി ആരും ധവാനെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ അയേഷയ്ക്കുള്ള മറുപടിയാണ് സോഫിയുമായുള്ള വിവാഹത്തിലൂടെ ധവാൻ നൽകിയതെന്നായിരുന്നു പോസ്റ്റുകൾ.എന്നാൽ ഇത്തരം പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നും കെട്ടിച്ചമച്ച പ്രസ്താവനകളുമായി തന്നെ ബന്ധപ്പെടുത്തരുതെന്നും ധവാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

'എന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില നിരാശാജനകമായ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. കഴിഞ്ഞ കാലത്തെ യാതൊരു ഭാരവും ഞാൻ ചുമന്നിട്ടില്ല, മൈതാനത്തും പുറത്തും. ഭൂതകാലത്തെ ബഹുമാനിച്ചുകൊണ്ട് പോസിറ്റിവിറ്റിയുടെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായമാണ്. എന്റെ ആരാധകർ, സുഹൃത്തുക്കൾ, കുടുംബം, അഭ്യുദയകാംക്ഷികൾ, മാധ്യമങ്ങൾ എന്നിവരിൽ നിന്ന് ലഭിച്ച സ്‌നേഹത്തിനും അനുഗ്രഹങ്ങൾക്കും ഞാൻ വളരെ നന്ദിയുള്ളവനാണ്. എന്റെ പേരിൽ ക്ലിക്ക് ബൈറ്റിന് വേണ്ടി വ്യാജമായ പ്രസ്താവനകളുണ്ടാക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സ്‌നേഹവും പോസിറ്റിവിറ്റിയും പ്രചരിപ്പിക്കാം. നന്ദി.'- ധവാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

2012-ലാണ് ഓസ്‌ട്രേലിയയ്ക്കാരിയായ അയേഷ മുഖർജിയെ ധവാൻ വിവാഹം ചെയ്തത്. 11 വർഷത്തെ ദാമ്പത്യത്തിനുശേഷം 2023-ലാണ് ഇരുവരും വേർപിരിഞ്ഞത്. ഇരുവർക്കും സരോവർ എന്നൊരു മകനുണ്ട്. നിലവിൽ ഓസ്‌ട്രേലിയയിൽ അമ്മയോടൊപ്പമാണ് സരോവറുള്ളത്.