പാകിസ്താനി നടി കുബ്രാ ഖാന് വായിൽ മധുരം നൽകി ബോളിവുഡ് നടി ശർമിളാ ടാഗോർ. ലണ്ടനിൽ കുബ്രാ ഖാന്റെ പിറന്നാൾ ദിനത്തിലായിരുന്നു സംഭവം. ശർമിളയുടെ കൊച്ചുമകൾ സാറാ അലി ഖാനും ഒപ്പമുണ്ടായിരുന്നു. കുബ്രയ്ക്ക് മധുരം നൽകുമ്പോൾ സാറാ അലി ഖാൻ കൈയടിക്കുന്നുണ്ടായിരുന്നു. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി.

To advertise here,

ജൂൺ 16-നായിരുന്നു കുബ്രാ ഖാന്റെ പിറന്നാൾ. താരത്തിന്റെ 33-ാം പിറന്നാളായിരുന്നു അത്. ലണ്ടനിലെ ആഡംബര റസ്റ്ററന്റിൽ വെച്ചായിരുന്നു ജന്മദിനാഘോഷം. കുബ്രയുടെ പിറന്നാളാഘോഷത്തിന് ശർമിളാ ടാഗോറും സാറാ അലി ഖാനും അപ്രതീക്ഷിതമായി എത്തിയപ്പോൾ ആരാധകർക്ക് അത് വലിയ സർപ്രൈസായി.

അവധിക്കാലം ആഘോഷിക്കാനായി മുത്തശ്ശി ശർമിളാ ടാഗോറിനും അമ്മ അമൃതാ സിങ്ങിനുമൊപ്പം ലണ്ടനിലാണ് സാറാ അലി ഖാൻ ഉള്ളത്. അതിനിടെയാണ് ഇവർ കുബ്രാ ഖാന്റെ പിറന്നാൾ പാർട്ടിക്ക് എത്തിയത്.

ആരാണ് കുബ്രാ ഖാൻ?

റാബിയാ ഇഖ്ബാൽ ഖാൻ എന്നാണ് പാക്-ബ്രിട്ടീഷ് നടിയായ കുബ്രാ ഖാന്റെ യഥാർഥ പേര്. പാകിസ്താനി സിനിമയിലും ടെലിവിഷനിലും ഏറെ ശ്രദ്ധേയയായ നടിയായ കുബ്ര 2014-ൽ പുറത്തിറങ്ങിയ ന മാലൂം അഫ്രാദ് എന്ന കോമഡി-ത്രില്ലർ ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് പാകിസ്താനിലെ പണം വാരിക്കൂട്ടിയ ഹിറ്റ് ചിത്രങ്ങളായ ജവാനി ഫിർ നഹി ആനി 2, പർവാസ് ഹേ ജുനൂം, ലണ്ടൻ നഹി ജാവൂംഗാ തുടങ്ങിയ ചിത്രങ്ങളിലും കുബ്ര വേഷമിട്ടു.