സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാര്‍ഡ് പിക്വെയും കൊളംബിയന്‍ ഗായിക ഷക്കീറയും തമ്മിലുള്ള വേര്‍പിരിയല്‍ ഇരുവരുടേയും ആരാധകര്‍ക്ക് ഏറെ സങ്കടമുണ്ടാക്കിയ കാര്യമായിരുന്നു. മാതൃകാ ദമ്പതികള്‍ എന്ന് എപ്പോഴും വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇരുവരുടേയും വിവാഹമോചനം ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. ഇതിന് പിന്നാലെ പരോക്ഷമായി ഇരുവരും പരസ്പരം പഴിചാരാനും ശ്രമിച്ചിരുന്നു.

To advertise here,

23-കാരിയായ ക്ലാര ചിയ മാര്‍ട്ടിയാണ് ഇപ്പോള്‍ പിക്വെയുടെ പ്രണയിനി. ക്ലാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പിക്വെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഷക്കീറയും ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനും പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മയാമി, ബാഴ്‌സലോണ ഗ്രാന്‍പ്രീകള്‍ കാണാനായി ഷക്കീറ എത്തിയിരുന്നു. ഹാമില്‍ട്ടനായി ഗാലറിയിലിരുന്ന് കൈയടിക്കുകയും ചെയ്തു. മെഴ്‌സിഡസിന്റെ ഡ്രൈവറായ ഹാമില്‍ട്ടന്‍ ബാഴ്‌സലോണയില്‍ രണ്ടാം സ്ഥാനത്തും മിയാമിയില്‍ ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 

ഇപ്പോഴിതാ ബ്രിട്ടീഷ് ഗ്രാന്‍പ്രീക്ക് മുന്നോടിയായി ഷക്കീറ ലണ്ടനിലുമെത്തിയിട്ടുണ്ട്. പാരിസിലെ ഫാഷന്‍ വീക്കിലെ തിരക്കുകള്‍ മാറ്റിവെച്ചാണ് ഹാമില്‍ട്ടനെ പ്രോത്സാഹിപ്പിക്കാനായി ഷക്കീറ ലണ്ടനിലെത്തിയിരിക്കുന്നത്. സില്‍വര്‍സ്‌റ്റോണ്‍ സര്‍ക്യൂട്ടിലാണ് ഈ ഗ്രാന്‍പ്രീ നടക്കുക. 

മയാമി റേസിന് എത്തിയ സമയത്ത് ഹാമില്‍ട്ടനും ഷക്കീറയും ആഡംബര നൗകയില്‍ ഒരുമിച്ച് യാത്ര ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 

12 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഷക്കീറയും പിക്വെയും വേര്‍പിരിഞ്ഞത്. ഇവരുടെ മക്കളായ മിലനും സാഷയും ഷക്കീറയ്‌ക്കൊപ്പമാണ് താമസം.