സിനിമാതാരങ്ങളായ ധനുഷും മൃണാള്‍ ഠാക്കൂറും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്. അജയ് ദേവ്ഗണ്‍ ചിത്രമായ 'സണ്‍ ഓഫ് സര്‍ദാര്‍ 2' പ്രീമിയറിനെത്തിയ ധനുഷും മൃണാളും ആലിംഗനംചെയ്തു നില്‍ക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. ചിത്രത്തിലെ നായികയാണ് മൃണാള്‍ ഠാക്കൂര്‍. സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ഇരുവരും തമ്മിലെ ബന്ധത്തെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

To advertise here,

നേരത്തെ, 'സണ്‍ ഓഫ് സര്‍ദാര്‍ 2' പ്രദര്‍ശനത്തിനെത്തിയ ധനുഷ്, മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തിരുന്നു. അജയ് ദേവ്ഗണ്‍ ആണ് ധനുഷിനെ ക്ഷണിച്ചത് എന്നായിരുന്നു അന്ന് മൃണാളിന്റെ പ്രതികരണം. എന്നാല്‍, ധനുഷിന്റെ മൂന്ന് സഹോദരിമാരേയും മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ആരാധകര്‍ കണ്ടെത്തി. കഴിഞ്ഞ ജൂലൈയില്‍ ധനുഷ് ചിത്രമായ 'തേരെ ഇഷ്‌ക് മേ'യുടെ നിര്‍മാതാവും എഴുത്തുകാരിയുമായ കനിക ധില്ലന്‍ ഒരുക്കിയ പാര്‍ട്ടിയിലും ഇരുവരും ഒന്നിച്ചുപങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സ്‌പോട്ടിഫൈ ആപ്പില്‍ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് ഷെയര്‍ ചെയ്യുന്നുവെന്നും ആരാധകര്‍ കണ്ടെത്തി.

മൃണാളിന്റെ ഒരു പോസ്റ്റിന് ധനുഷ് കമന്റിട്ടതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'ദോ ദിവാന ഷെഹര്‍ മേ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ കഴിഞ്ഞദിവസം മൃണാള്‍ പങ്കുവെച്ചിരുന്നു. പിന്നാലെ നന്നായിട്ടുണ്ടെന്നുപറഞ്ഞ് പോസ്റ്റില്‍ കമന്റുമായി ധനുഷ് എത്തി. കമന്റിന് മൃണാളും ചിത്രത്തിലെ നായകന്‍ സിദ്ധാര്‍ഥ് ചതുര്‍വേദിയും മറുപടിയും നല്‍കി.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ഇരുവരും തമ്മിലെ ബന്ധത്തിന്റെ സൂചനയായി കമന്റിനേയും മറുപടിയേയും വ്യാഖ്യാനിക്കുന്നു. അതേസമയം, അനൗണ്‍സ്‌മെന്റ് ടീസറിലെ സംഗീതത്തിന് 2012-ലെ ധനുഷ് ചിത്രമായ '3'യുമായി സാമ്യമുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

തമിഴ് സംവിധായകനും നിര്‍മാതാവുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്. 2004- ല്‍ തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹംചെയ്തു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. 2024-ല്‍ ഇരുവരും വിവാഹമോചനം നേടി. മഹാരാഷ്ട്രയിലെ ധുലെയില്‍ മറാഠി കുടുംബത്തിലാണ് മൃണാള്‍ ഠാക്കൂറിന്റെ ജനനം. മറാഠി- ഹിന്ദി സിനിമകളിലൂടെ അരങ്ങേറിയ മൃണാള്‍ ഠാക്കൂര്‍, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം 'സീതാരാമ'ത്തിലൂടെയാണ് പാന്‍- ഇന്ത്യന്‍ ശ്രദ്ധനേടുന്നത്.